ക്രിമിനൽ നടപടിനിയമം[1] 2-ആം വകുപ്പ്-ഡി-ഉപവകുപ്പനുസരിച്ച് ഒരു മജിസ്ട്രേട്ടിന്റെ മുന്നിൽ വാങ്മൂലമായോ രേഖാമൂലമായോ, ഒരു കുറ്റം നടന്നതായി ആരോപണം ഉന്നയിക്കുന്ന ആളാണ് അന്യായക്കാരൻ. കുറ്റം ചെയ്തത് അറിയപ്പെടുന്നതോ അറിയപ്പെടാത്തതോ ആയ ആരെങ്കിലും ആയിരിക്കാം. ക്രിമിനൽ നിയമമനുസരിച്ച് വേണ്ട നടപടികൾ എടുക്കുന്നതിനായി ഉന്നയിക്കുന്ന ആരോപണത്തിനാണ് അന്യായമെന്നു പറയുന്നത്. അന്യായം എഴുതിയാണ് ബോധിപ്പിക്കുന്നതെങ്കിൽ അന്യായക്കാരൻ അതിൽ ഒപ്പു വച്ചിരിക്കണം. ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് അറിയാനിടയാകുന്ന ഏതൊരാൾക്കും അന്യായം ബോധിപ്പിക്കാവുന്നതാണ്. അന്യായത്തിനു നിദാനമായ കൃത്യം കുറ്റകരമായിട്ടുള്ളതാണെന്ന് വ്യക്തമാക്കേണ്ടതാണ്. ആരോപിച്ചിട്ടുള്ള കുറ്റങ്ങളുടെ പിന്നിലുള്ള എല്ലാ വസ്തുതകളും അന്യായത്തിൽ സവിസ്തരം പ്രതിപാദിക്കണമെന്നില്ലെങ്കിലും കുറ്റങ്ങൾക്ക് ആശ്രയമായ വസ്തുതകളുടെ ചുരുക്കമെങ്കിലും വ്യക്തമാക്കിയിരിക്കണം. അന്യായത്തിൽ പ്രതികളുടെ സൂക്ഷ്മമായ പേരും മറ്റും വിശദീകരിച്ചിട്ടില്ലെങ്കിലും പിന്നാലേ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചേർത്ത് നടപടികൾ എടുക്കുന്നതിന് മജിസ്ട്രേട്ടിനധികാരമുണ്ട്. ശിക്ഷാനിയമത്തിലെ പ്രസക്ത വകുപ്പുകൾ അന്യായത്തിൽ ഉദ്ധരിക്കണമെന്നില്ല. പ്രഥമദൃഷ്ട്യാ ഏതെങ്കിലും കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നും അവ ഏതെല്ലാം വകുപ്പുകൾ അനുസരിച്ച് ശിക്ഷാർഹമാണെന്നും തീരുമാനിക്കുവാൻ മജിസ്ട്രേട്ടിനധികാരമുണ്ട്.

ക്രിമിനൽ നടപടിനിയമമനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള അപേക്ഷകൂടി ഉൾക്കൊള്ളുന്ന പരാതി മാത്രമേ അന്യായമായി പരിഗണിക്കപ്പെടുകയുള്ളൂ. അന്യായത്തിൽ പറയുന്ന വസ്തുതകൾ വെറും കുറ്റാരോപണങ്ങൾ മാത്രമാകയാൽ അവയ്ക്ക് സത്യവാങ്മൂലത്തിന്റെ പരിശുദ്ധിയില്ല. ക്രിമിനൽനടപടിനിയമത്തിലെ 200-ആം വകുപ്പനുസരിച്ച് അന്യായത്തിൽ പറയുന്ന കുറ്റകൃത്യം തിരിച്ചറിയുന്നതിനുമുൻപ് മജിസ്ട്രേട്ട് അന്യായക്കാരനെ സത്യം ചെയ്യിച്ച് വിചാരണ നടത്തേണ്ടതാണ്.

  1. http://www.hg.org/crime.html
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്യായക്കാരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്യായക്കാരൻ&oldid=1633473" എന്ന താളിൽനിന്ന് ശേഖരിച്ചത്