പ്രാചീന ശിലായുഗത്തിന്റെ ആരംഭദശയിൽ മനുഷ്യൻ ഉപയോഗിച്ചിരുന്ന ഒരു ശിലാ ആയുധമാണ് അന്യാതിയാൻ (ഇംഗ്ലീഷ്:Anyathian). മിനുസപ്പെടുത്താത്ത പരുക്കൻ കൽച്ചീളുകളാണ് ഈ ആയുധത്തിന് ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് കൈപിടി ഉണ്ടായിരുന്നില്ലെന്നതാണ് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രത്യേകത. ചെത്തുന്നതിനും ചീകുന്നതിനും ഉപയോഗിച്ചിരുന്ന ഈ ശിലായുധങ്ങൾ അധികവും ഉത്തര മ്യാൻമറിലെ താഴ്വരകളിൽ ഐരാവതി നദീതടത്തിൽ കണ്ടെടുത്ത പുരാവസ്തു നിക്ഷേപങ്ങളിൽനിന്നാണ് ലഭ്യമായിട്ടുള്ളത്. തത്ഫലമായി മ്യാൻമറിലെ പ്രാചീന ശിലായുഗ സംസ്കാരത്തിനുതന്നെ അന്യാതിയാൻ സംസ്കാരം എന്ന പേരു ലഭിച്ചു. ഈ സംസ്കാരത്തിന്റെ പ്രത്യേകത അതു നിലനിന്ന കാലഘട്ടത്തിലുടനീളം ഇത്തരം ആയുധങ്ങളെ സംബന്ധിച്ച് ഐകരൂപ്യം പുലർത്തിയിരുന്നു എന്നതാണ്. ആ കാലഘട്ടത്തിലെങ്ങും തന്നെ കൈപിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല. മണ്ണും ശിലീഭവിച്ച മരവും ചേർന്നുളള ഒരു പദാർഥമാണ് ഈ ശിലായുധങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ഒരു വായ്ത്തല മാത്രമുള്ള ഈ ആയുധം വെട്ടുന്നതിനും ചെത്തുന്നതിനും പറ്റിയവയായിരുന്നു. അന്യാതിയാൻ കാലഘട്ടത്തിന്റെ ഉത്തരാർധത്തിൽ ഇത്തരം ആയുധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുള്ളതായി കാണാൻ കഴിയും. ഇതിന്റെ പരിണാമമായിട്ടാണ് കൈക്കോടാലിയുടെ ആകൃതിയിലുള്ള അഡ്സേ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. അഡ്സേയുടെ ആഗമം അന്യാതിയാൻ കാലഘട്ടത്തിന്റെ അന്ത്യം കുറിച്ചു.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്യാതിയാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്യാതിയാൻ&oldid=1047424" എന്ന താളിൽനിന്ന് ശേഖരിച്ചത്