അന്നാം
ഇന്തോ-ചൈനയിൽ, വടക്ക് സോങ്മാ നദി മുതൽ തെക്ക് ക്യാപ്പ് ബേക്കു വരെ നീണ്ടുകിടന്ന ചരിത്രപ്രസിദ്ധമായ രാജ്യമാണ് അന്നാം (ഇംഗ്ലീഷ്:Annam). രണ്ടാംലോകയുദ്ധാന്ത്യത്തിനുശേഷം (1945 സെപ്റ്റമ്പർ) ഈ രാജ്യവിഭാഗം വിയറ്റ്നാം എന്നറിയപ്പെട്ടുവരുന്നു. അന്നാമിന്റെ പഴയ തലസ്ഥാനം ഹ്യൂ (Hue) ആയിരുന്നു. വിയറ്റ്നാംകാർ അന്നാമിനെ ട്രുങ്ബോ എന്നാണ് വിളിച്ചുവന്നത്.
ചരിത്രം
തിരുത്തുകഅന്നാമീസുകാരാണ് ഇവിടത്തെ മുഖ്യ ജനവർഗം. അതിൽതന്നെ ഇന്തോനേഷ്യൻ വംശജരായ ഖാ, മോയ്, മോങ് എന്നീ വർഗക്കാരാണ് കൂടുതൽ. 15 രാജവംശങ്ങൾ ഇവിടെ ഭരിച്ചിരുന്നതായി ഫ്രഞ്ച് പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. നഗോക്വയെൻ സ്ഥാപിച്ച തദ്ദേശീയ രാജവംശമായ നഗോ അന്നാമിൽ എ.ഡി. 968-ൽ അധികാരത്തിൽവന്നു. തുടർന്ന് ദിങ്ങ് രാജവംശം (968-79), പ്രാചീന ലീ രാജവംശം (979-1009) ലീ രാജവംശം (1009-1225), ചാംസ് വംശം, ട്രാൻവംശം എന്നിവർ തുടർച്ചയായി അന്നാം ഭരിച്ചു. എ.ഡി. 14-ആം നൂറ്റാണ്ടിന്റെ അവസാനംവരെ അന്നാം ചൈനയുടെ ആധിപത്യത്തിൽ ആയിരുന്നു. ഈ കാലഘട്ടത്തിൽ നിരവധി ചൈനാക്കാർ അന്നാമീസുകാരുമായി മിശ്രവിവാഹത്തിൽ ഏർപ്പെട്ടു. പിന്നീടു രാജ്യം ഭരിച്ച ചമ്പാവംശ രാജാക്കൻമാർ 1428-ൽ ചൈനീസ് ഭരണത്തിൽനിന്നും രാജ്യത്തെ മോചിപ്പിച്ചു. 1787 മുതൽ ഫ്രഞ്ചുകാർ ഈ രാജ്യത്തിലെ ഭരണകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി. 1884-ലേയും 1885-ലേയും സന്ധികൾ അനുസരിച്ച്, അന്നാം ഒരു ഫ്രഞ്ച് പ്രൊട്ടക്റ്ററേറ്റായി. ഈ സ്ഥിതി പിന്നീട് 60 വർഷത്തേക്ക് തുടർന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻകാർ അന്നാം കൈവശമാക്കി. യുദ്ധാനന്തരം ദേശീയവാദികൾ സംഘടിച്ച് അവസാന അന്നാം ചക്രവർത്തിയായിരുന്ന ബാവോദായിയെ പുറന്തള്ളി, 1945 സെപ്റ്റമ്പറിൽ ആ രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഫ്രഞ്ചുകാർ 1946 മാർച്ച് 6-ലെ കരാറനുസരിച്ച് ഭാഗികമായി പുതിയ റിപ്പബ്ലിക്കിനെ അംഗീകരിച്ചു. എങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ ഫ്രഞ്ചുകാർ ഈ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചു. ഇതിനെത്തുടർന്ന് വിയറ്റ്നാം പ്രസിഡന്റായ ഹോച്ചിമിൻ, 1946 ഡിസമ്പറിൽ രാജ്യത്ത് ഒരു ആഭ്യന്തരവിപ്ലവത്തിന് വഴിയൊരുക്കി. ജനീവാ സമ്മേളനത്തെ (1954) തുടർന്ന് വിയറ്റ്നാമിന്റെ ഉത്തരഭാഗത്തെ ഭരണം ഹോച്ചിമിൻ ഏറ്റെടുത്തു. ഇതിനെതുടർന്നാണ് അന്നാം എന്ന നാമം ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമാകുന്നത്. ദക്ഷിണ ചീനക്കടലിലെ അന്നാം ഉൾക്കടൽ മാത്രമേ ഇപ്പോൾ അന്നാമിന്റെ പേർ നിലനിർത്തുന്നതായുള്ളു.
പുറംകണ്ണികൾ
തിരുത്തുക- http://www.questia.com/library/encyclopedia/annam.jsp Archived 2010-09-16 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്നാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |