ഒരു ഭാരതീയ ന്യായ-വൈശേഷിക ശാസ്ത്രജ്ഞനായിരുന്നു അന്നംഭട്ടൻ. പ്രസിദ്ധമായ തർക്കസംഗ്രഹത്തിന്റേയും അതിന്റെ വ്യാഖ്യാനമായ ദീപികയുടേയും രചയിതാവാണ് ഇദ്ദേഹം.

15-ാം ശ. മുതൽ 18-ാം ശ. വരെയുള്ള പല കാലഘട്ടങ്ങളിലും അന്നംഭട്ടനെ പ്രതിഷ്ഠിക്കാൻ പണ്ഡിതന്മാർ ഒരുമ്പെട്ടിട്ടുണ്ട്. 17-ാം ശ.-ത്തിൽ അദ്ദേഹം ജീവിച്ചിരുന്നു എന്നനുമാനിക്കാനാണ് കൂടുതൽ തെളിവുകളുള്ളത്.

അന്നംഭട്ടൻ ആന്ധ്രയിലെ വടക്കൻ ആർക്കാട്ട് (ചിറ്റൂർ) ജില്ലയിൽ ജനിക്കുകയും പിന്നീട് വാരാണസിയിൽ സ്ഥിരവാസമാക്കുകയും ചെയ്തു എന്ന് ഡോ. സതീശ്ചന്ദ്ര വിദ്യാഭൂഷൻ അഭിപ്രായപ്പെടുന്നു. അന്നംഭട്ടൻ എന്ന ഉപനാമം ഉപയോഗിക്കുന്ന ഒരു കൂട്ടം ഋഗ്വേദി ബ്രാഹ്മണർ ഇന്നും ആന്ധ്രയിലുണ്ട്. അതുകൊണ്ട് ആന്ധ്ര തന്നെയായിരിക്കണം അന്നംഭട്ടന്റെ ജന്മദേശമെന്ന് സത്കാരി ശർമാ വങ്ഗീയൻ പ്രസിദ്ധം ചെയ്തിട്ടുള്ള തർക്കസംഗ്രഹത്തിന്റെ മുഖക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. ആന്ധ്രയാണ് ജന്മദേശമെന്നു പണ്ഡിതന്മാർ പൊതുവേ സമ്മതിക്കുന്നുമുണ്ട്.

അദ്വൈതവിദ്യാചാര്യനായിരുന്ന രാഘവസോമയാജിയുടെ കുലത്തിൽ പിറന്ന തിരുമലാചാര്യൻ ആയിരുന്നു അന്നംഭട്ടന്റെ പിതാവ്. മൂത്ത സഹോദരൻ രാമകൃഷ്ണഭട്ടൻ സിദ്ധാന്ത കൌമുദി എന്ന വ്യാകരണകൃതിക്ക് സിദ്ധാന്തരത്നം എന്ന വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

കൃതികൾ തിരുത്തുക

അന്നംഭട്ടന്റെ തർക്കസംഗ്രഹം, ദീപിക, സിദ്ധാഞ്ജനം (ജയദേവന്റെ മണ്യാലോകം എന്ന ഗ്രന്ഥത്തിനെഴുതിയ പ്രൌഢമായ വ്യാഖ്യാനം) ഇവ മൂന്നും ന്യായവൈശേഷിക ഗ്രന്ഥങ്ങളാണ്. രാണകോജ്ജീവിനി (ഭട്ടസോമേശ്വരന്റെ ന്യായസുധയുടെ ബൃഹത്തായ വ്യാഖ്യാനം) ഒരു പൂർവ മീമാംസാഗ്രന്ഥമാണ്. മിതാക്ഷര (ബ്രഹ്മസൂത്രവ്യാഖ്യാനം) വേദാന്തദർശനത്തിൽപ്പെടുന്നു. ഉദ്യോതനം (കൈയടന്റെ ഭാഷ്യപ്രദീപത്തിനു രചിച്ച വ്യാഖ്യാനം), അഷ്ടാധ്യായീ വ്യാഖ്യാനം (പാണിനി രചിച്ച അഷ്ടാധ്യായിയുടെ വ്യാഖ്യാനം) എന്നിവ വ്യാകരണ ഗ്രന്ഥങ്ങളാണ്.

അന്നംഭട്ടന്റെ ഗ്രന്ഥങ്ങളുടെ ഈ പട്ടികയിൽനിന്ന് ഇദ്ദേഹത്തിന്റെ ബഹുമുഖമായ പാണ്ഡിത്യം വെളിപ്പെടുന്നുണ്ട്. എങ്കിലും ന്യായ-വൈശേഷിക ദർശനങ്ങളിൽ ഒരു പ്രാമാണികനായിട്ടാണ് ഇദ്ദേഹത്തെ അധികം അറിയുന്നത്. ഈ രണ്ടു ദർശനങ്ങളും പഠിക്കാനും പഠിപ്പിക്കാനും ഇദ്ദേഹത്തിന്റെ തർക്കസംഗ്രഹം ഒഴിച്ചുകൂടാനാകാത്ത പ്രാഥമിക ഗ്രന്ഥമെന്ന സ്ഥാനം നേടിയിരിക്കുന്നു. ഇതിന്റെ വ്യാഖ്യാനമായ ദീപിക കുറച്ചുകൂടി ഗഹനമാണ്. എങ്കിലും സംഗ്രഹവും ദീപികയും ചേർന്നാൽ ന്യായവൈശേഷികങ്ങളുടെ സാരാംശം മുഴുവനുമായി. മുപ്പത്തിനാലോളം വ്യാഖ്യാനങ്ങൾ ഈ രണ്ടു കൃതികൾക്കുംകൂടി ഉണ്ടായിട്ടുണ്ട്. അവയ്ക്കു പല ഭാഷകളിലായി വ്യാഖ്യാനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് അവയുടെ ജനപ്രീതിക്കു മതിയായ തെളിവാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നംഭട്ടൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്നംഭട്ടൻ&oldid=1041566" എന്ന താളിൽനിന്ന് ശേഖരിച്ചത്