അന്തെസിസ്
പുഷ്പങ്ങളിലെ കേസരങ്ങൾ പൂർണ വളർച്ച പ്രാപിക്കുമ്പോൾ ആന്തർപാളികൾ പൊട്ടി പരാഗരേണുക്കൾ വിതരണം ചെയ്യുന്ന പ്രക്രിയയാണ് അന്തെസിസ്. തന്തു, സംയോജകം, ആന്തർ എന്നീ മൂന്നു ഭാഗങ്ങളാണ് ഒരു കേസരത്തിനുള്ളത്. ഓരോ ആന്തറിനും രണ്ടു പാളികൾ വീതമുണ്ട്. (ഒരു പാളി മാത്രമുള്ള ആന്തറുകളും ഉണ്ട്.) ഈ രണ്ടു പാളികളും സംയോജകംകൊണ്ട് ബന്ധിച്ചിരിക്കുന്നു.
ആന്തറിന്റെ വളർച്ചയിൽ ഓരോ ആന്തർപാളിയിലും ഈരണ്ടു പരാഗസഞ്ചികൾ അഥവാ സൂക്ഷ്മസ്പൊറാഞ്ചിയ (microsporangia)ങ്ങളും[1] ഓരോ പരാഗസഞ്ചിയും ധാരാളം പരാഗകണങ്ങളും (സൂക്ഷമസ്പോർ) ഉദ്ഭവിക്കുന്നു. അന്തെസിസിന് മുമ്പായി, ഓരോ ആന്തർപാളിയിലുമുള്ള രണ്ടു പരാഗസഞ്ചികളും അവയ്ക്കിടയിലുള്ള കലകൾ ക്ഷയിച്ചുപോകുന്നതുകൊണ്ട് ഒന്നിക്കുന്നു. പരാഗധൂളികൾ പൂർണ വളർച്ചയെത്തുമ്പോൾ ഓരോ ആന്തർപാളിയും നെടുകെയോ കുറുകെയോ അല്ലെങ്കിൽ ചില സുഷിരങ്ങളിൽക്കൂടിയോ പൊട്ടുകയും അതിൽക്കൂടി പരാഗധൂളി അഥവാ പൂമ്പൊടി പുറത്തുവരികയും ചെയ്യുന്നു. ആന്തറിന്റെ ഈ സ്ഫോടനം നടക്കുന്നത് അതിന്റെ ഭിത്തിയിലെ ചില കോശങ്ങളുടെ പ്രത്യേക പ്രവർത്തനം മൂലമാണ്.
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- http://www.cactus-art.biz/note-book/Dictionary/Dictionary_A/dictionary_anthesis.htm
- http://dictionary.reference.com/browse/anthesis
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തെസിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |