കേരളത്തിൽ മാർ തോമാ നസ്രാണികളുടെ ഇടയിൽ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകളിൽ ഒന്നാണ് അന്തംചാർത്തു പാട്ട്. കല്യാണദിവസത്തിന്റെ തലേന്ന് തന്നെ ബന്ധുക്കളും കുടുംബക്കാരും വന്നുചേരും. അന്നു വൈകുന്നേരം ഊണിന് മുമ്പായി എല്ലാവരും കല്യാണപ്പന്തലിൽ ഇരിക്കുന്നു. ആദ്യത്തെ ചടങ്ങ് ഗുരുദക്ഷിണയാണ്. അതു കഴിഞ്ഞാൽ അന്തം ചാർത്ത് എന്ന പ്രധാന ക്രിയ നടക്കുന്നു. ചില പ്രദേശങ്ങളിൽ ഇതിന് ചന്തം ചാർത്ത് എന്നാണു പറയുക. അന്തം ചാർത്തുക എന്നാൽ ക്ഷൌരം ചെയ്യുക എന്നാണ് അർഥം. ആ ക്രിയ ചെയ്യുന്ന ക്ഷുരകൻ പതിനമ്പരിഷ മാളോരോടു ചോദിക്കുന്നു: - അന്തം ചാർത്താൻ കയേറ്റിയിരുത്തട്ടേ എന്ന്. മൂന്നു പ്രാവശ്യം സദസ്യരോടു ചോദിച്ചശേഷം കത്തിയെടുത്തു വന്ന് ക്ഷൌരം ചെയ്തുകൊടുക്കും. അപ്പോൾ പാടുന്ന പാട്ടാണ് അന്തം ചാർത്തു പാട്ട്. കല്യാണത്തിലെ വിവിധ ചടങ്ങുകളുടെ ഒരു സംക്ഷിപ്ത വിവരണം ഈ പാട്ടിൽ അടങ്ങിയിരിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തംചാർത്തു പാട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തംചാർത്തു_പാട്ട്&oldid=2280025" എന്ന താളിൽനിന്ന് ശേഖരിച്ചത്