അനുസ്വാനധ്വനി
അനുരണനം കൊണ്ടുണ്ടാകുന്ന ധ്വനിയാണ് അനുസ്വാനധ്വനി വാച്യാർഥത്തേക്കാൾ വ്യംഗ്യാർഥത്തിനു ചമത്കാരമുണ്ടാകുന്നതാണ് സാഹിത്യത്തിലെ ധ്വനി. വാച്യാർഥം അപ്രധാനമായിത്തീർന്ന ക്രമത്തിൽ വ്യംഗ്യാർഥം പ്രസക്തമായിത്തുടങ്ങുന്നത് എങ്ങനെയാണെന്ന് കൃത്യമായി മനസ്സിലാക്കാവുന്ന പ്രസ്താവനയാണ് സംലക്ഷ്യക്രമം എന്ന അനുസ്വാനധ്വനി. അനുസ്വാനം എന്നാൽ അനുരണനം, മാറ്റൊലി എന്നർഥം. മണിയടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ക്ഷണികമാണ്. എന്നാൽ അതിനെത്തുടർന്നുളവാകുന്ന സൂക്ഷ്മനാദം ഏറെനേരം മുഴങ്ങുന്നു. അതുപോലെ വാച്യാർഥത്തിന് ഒരു പരിധിക്കപ്പുറം പ്രവർത്തനമില്ലെങ്കിലും അതിൽനിന്നൂറിവരുന്ന വ്യംഗ്യാർഥം അഥവാ അനുസ്വാനധ്വനി കൂടുതൽ രസജനകമായിരിക്കും. ശബ്ദാലങ്കാരങ്ങളെ ഒറ്റയ്ക്കൊറ്റയ്ക്കോ ഒന്നിച്ചോ അടിസ്ഥാനമാക്കി, യഥാക്രമം ശബ്ദശക്ത്യുത്ഥം, അർഥശക്ത്യുത്ഥം, ഉഭയശക്ത്യുത്ഥം എന്നിങ്ങനെ മൂന്നു തരത്തിൽ ഇതുണ്ടാകുന്നു. ശബ്ദാധിഷ്ഠിതമെങ്കിൽ വ്യംഗ്യം വസ്തുവോ അലങ്കാരമോ എന്നതനുസരിച്ചും അർഥാധിഷ്ഠിതമെങ്കിൽ വ്യംഗ്യവ്യഞ്ജകങ്ങൾ രണ്ടിന്റെയും സ്വഭാവം നോക്കിയും അനുസ്വാനധ്വനിക്ക് വീണ്ടും ഉൾപ്പിരിവുകൾ കല്പിക്കാം.
ഇതുകൂടികാണുക
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുസ്വാനധ്വനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |