അനുഷ്ണവാതമുഖം
ഊഷ്മളവും ശീതളവുമായ വായുപിണ്ഡങ്ങളുടെ(air mass) ആപേക്ഷിക ചലനത്തെ അടിസ്ഥാനമാക്കി വിഭജിച്ചിരിക്കുന്ന വാതമുഖങ്ങളിൽ ഒന്നാണ് അനുഷ്ണവാതമുഖം(Cold Front). ശീതള വായുപിണ്ഡം ഊഷ്മളവായൂപിണ്ഡത്തിന് സ്ഥാനവ്യതിചലനമുണ്ടാക്കുന്ന തരം വാതമുഖമാണ് അനുഷ്ണവാതമുഖം. മധ്യ-അക്ഷാംശങ്ങളിലെ കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്ന ചക്രവാതപ്രക്രിയകളിൽ അനുഷ്ണവാതമുഖം സാരമായ പങ്കുവഹിക്കുന്നു.
ഒരു അനുഷ്ണവാതമുഖത്തിൽ താരതമ്യേന തണുത്ത വായു ഊഷ്മളവായുവിന്റെ അടിയിലേക്ക് അതിക്രമിച്ചു കയറുകയും തത്ഫലമായി ഊഷ്മളവായു ഉയർന്നു പൊങ്ങുകയും ചെയ്യുന്നു. സമ്മിശ്രമേഖല (frontal zone) ഏതാണ്ട് തൂക്കായി കാണപ്പെടുന്നു.
അനുഷ്ണവാതമുഖം കടന്നുപോകുന്ന പ്രദേശങ്ങളിൽ അന്തരീക്ഷമർദം പെട്ടെന്ന് ഉയരുകയും താപനില കുറയുകയും ചെയ്യുന്നു. ആകാശം മേഘാച്ഛാദിതമാകുന്നു. തുടർന്ന് അതിവേഗത്തിൽ ചുഴിഞ്ഞു വീശുന്ന കാറ്റും പിശറും കനത്ത മഴയും അനുഭവപ്പെടുന്നു. ഇടിമഴയും ആലിപ്പഴം വീഴ്ചയും സാധാരണയാണ്. ഊഷ്മളവായു ഉയർന്നു പൊങ്ങുന്നതോടൊപ്പം ക്രമേണ തണുത്ത് വിലീനമായ നീരാവിയെ സംഘനനത്തിനു(condensation) വിധേയമാക്കുന്നതാണ് വർഷപാതത്തിനു ഹേതുവായിത്തീരുന്നത്. ഈ രീതിയിലുള്ള പരിവർത്തനത്തിന് ഏതാണ്ട് ഒരു ദിവസത്തോളം വേണ്ടിവരുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുഷ്ണവാതമുഖം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |