ഇന്ത്യയിലെ വ്യവസായത്തർക്ക നിയമത്തിലെ 5-ആം വകുപ്പനുസരിച്ച്, ഏതെങ്കിലും വ്യവസായത്തർക്കം തീരുമാനിക്കുന്നതിന് സന്ദർഭാനുസരണം ഔദ്യോഗികഗസറ്റിൽ ഗവൺമെന്റ് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനം മുഖേന രൂപവത്കൃതമാകുന്ന സമിതിയാണ് അനുരഞ്ജനസമിതി. സമിതിയിൽ ഒരു അധ്യക്ഷനും ഗവൺമെന്റിന് യുക്തമെന്നു തോന്നുന്നതുപോലെ രണ്ടോ അല്ലെങ്കിൽ നാലോ മറ്റംഗങ്ങളും ഉണ്ടായിരിക്കേണ്ടതാകുന്നു. അധ്യക്ഷൻ ഒരു കക്ഷിയിലും പെടാത്തയാളും മറ്റംഗങ്ങൾ തർക്കത്തിലെ കക്ഷികളിൽ ഓരോന്നിന്റെയും ശുപാർശയനുസരിച്ച് എണ്ണം തുല്യമാകത്തക്കവണ്ണം നിയമിക്കപ്പെടുന്നവരുമായിരിക്കും. എന്നാൽ ഏതെങ്കിലും ഒരു കക്ഷി അങ്ങനെ നിയമിക്കപ്പെടുന്നതിനു വേണ്ട ശുപാർശ, നിർദിഷ്ട സമയത്തിനുള്ളിൽ ചെയ്യുന്നില്ലെങ്കിൽ, ഗവൺമെന്റിന്, ആ കക്ഷിയെ പ്രതിനിധാനം ചെയ്യാനുള്ള ആളെയോ ആളുകളെയോ നിയമിക്കാം. ഒരു സമിതിയിലെ അധ്യക്ഷനോ അംഗങ്ങളിൽ ആരെങ്കിലുമോ ഹാജരില്ലെന്നോ അംഗസ്ഥാനങ്ങളിൽ ഒഴിവുണ്ടെന്നോ വന്നാലും നിർണയിക്കപ്പെട്ട കോറമുള്ള പക്ഷം അതിന് പ്രവർത്തിക്കാവുന്നതാണ്. എന്നാൽ അധ്യക്ഷന്റെയോ ഏതെങ്കിലും അംഗത്തിന്റെയോ സേവനം ലഭിക്കാതെ വന്നിരിക്കുന്നുവെന്ന് ഗവൺമെന്റ് ആ സമിതിയെ അറിയിക്കുന്നുവെങ്കിൽ പുതിയ അധ്യക്ഷനെയോ അംഗത്തെയോ നിയമിക്കുന്നതുവരെ സമിതിക്കു പ്രവർത്തിക്കുവാൻ പാടുള്ളതല്ല. അനുരഞ്ജനസമിതിക്ക്, ഈ ആവശ്യത്തിനു വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾക്കു വിധേയമായി, യുക്തമെന്നു തോന്നുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്. സമിതിക്ക് നിലവിലുള്ളതോ ഉദ്ഭവിച്ചേക്കാവുന്നതോ ആയ തർക്കത്തെപ്പറ്റി അന്വേഷണം നടത്തുന്നതിന്, ആ തർക്കം ഏതു സ്ഥാപനത്തെ സംബന്ധിച്ചാണോ ആ സ്ഥാപനത്തിലും അതിന്റെ പരിസരത്തിലും പ്രവേശിക്കാവുന്നതാണ്.

അധികാരങ്ങൾ

തിരുത്തുക

അന്വേഷണം നടത്തുന്നതിന്, സമിതിക്ക് സിവിൽ നടപടിക്രമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് സാക്ഷികളെ ഹാജരാക്കുന്നതിനും വിസ്തരിക്കുന്നതിനും, രേഖകളും സാധനങ്ങളും ഹാജരാക്കിക്കുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുന്നതിനുമുള്ള അധികാരങ്ങളും, നിർണയിക്കപ്പെടാവുന്ന മറ്റധികാരങ്ങളുമുണ്ടായിരിക്കും. അതിന്റെ നടപടികൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 193-ഉം 228-ഉം വകുപ്പുകളുടെ അർഥത്തിൽ നീതിന്യായനടപടി ആയിരിക്കുന്നതാണ്. അധ്യക്ഷനും അംഗങ്ങളും പ്രസ്തുത നിയമമനുസരിച്ച് പൊതുജീവനക്കാരായി കരുതപ്പെടുന്നതാകുന്നു. സമിതിയുടെ തീരുമാനത്തിന് വിധേയമായ ഏതെങ്കിലും തർക്കത്തിന് എത്രയും നേരത്തേ ഒത്തുതീർപ്പുണ്ടാക്കുവാൻ വേണ്ടി കക്ഷികളെ പ്രേരിപ്പിക്കാൻ പര്യാപ്തമായ മാർഗങ്ങൾ സമിതി സ്വീകരിക്കേണ്ടതും അന്വേഷണം നടത്തേണ്ടതുമാകുന്നു.

നടപടിക്രമങ്ങൾ

തിരുത്തുക

ഒത്തുതീർപ്പായാൽ അതിനെപ്പറ്റി ഒരു റിപ്പോർട്ടും ഒത്തുതീർപ്പുമെമ്മോറാണ്ടത്തോടൊന്നിച്ച് ഗവൺമെന്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു. ഒത്തുതീർപ്പുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ, അന്വേഷണം അവസാനിച്ചാൽ എത്രയും നേരത്തേ, സമിതി തത്സംബന്ധമായി എടുത്ത നടപടിയെക്കുറിച്ചുള്ള വസ്തുതകളും സാഹചര്യങ്ങളും വിവരിച്ചുകൊണ്ടും അതിന്റെ തീരുമാനം രേഖപ്പെടുത്തിക്കൊണ്ടും ഒത്തുതീർപ്പുണ്ടാകാനിടയാക്കാതിരുന്ന കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടും തർക്കത്തിന്റെ തീരുമാനത്തിന് സമിതിക്കു ചെയ്യുവാനുള്ള ശുപാർശ ഇന്നതാണെന്നു പ്രസ്താവിച്ചുകൊണ്ടും ഒരു റിപ്പോർട്ട് ഗവൺമെന്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു. ഒരു തർക്കം സമിതിയുടെ തീരുമാനത്തിനയച്ചുകൊടുത്താൽ സമിതി അതിന്റെ റിപ്പോർട്ട് രണ്ടു മാസത്തിനുള്ളിലോ, അതിൽ കുറവായ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിൽ ആ കാലയളവിനുള്ളിലോ സമർപ്പിക്കേണ്ടതാകുന്നു. ഈ കാലയളവ് നീട്ടിക്കൊടുക്കുവാനുള്ള അധികാരം ഗവൺമെന്റിനുണ്ട്. കൂടാതെ തർക്കകക്ഷികൾ രേഖാമൂലം സമ്മതിക്കുന്നപക്ഷം അങ്ങനെ സമ്മതിക്കുന്ന കാലത്തിനുള്ളിൽ സമിതി അതിന്റെ റിപ്പോർട്ട് സമർപ്പിച്ചാൽ മതിയാകുന്നതാണ്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുരഞ്ജനസമിതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുരഞ്ജനസമിതി&oldid=3623024" എന്ന താളിൽനിന്ന് ശേഖരിച്ചത്