അനുരഞ്ജനം
തൊഴിൽ-മാനേജ്മെന്റ് തർക്കങ്ങൾ രമ്യതയിലാക്കുന്നതിന് ഒരു മൂന്നാംകക്ഷി ഇടപെടുന്ന സമ്പ്രദായമാണ് അനുരഞ്ജനം. വ്യവസായത്തർക്കങ്ങൾ പണിമുടക്കിലും ലോക്കൌട്ടിലും ചെന്നെത്താറുണ്ട്; പണിമുടക്കും ലോക്കൌട്ടും കൂടാതെ സന്ധിസംഭാഷണങ്ങൾവഴി രമ്യതയിലാകുന്ന പതിവുമുണ്ട്. ക്ഷേമരാഷ്ട്രസിദ്ധാന്തത്തിന്റെ ആവിർഭാവത്തോടെ പണിമുടക്കും ലോക്കൌട്ടും മൂലം വേതനവും ലാഭവും നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നുള്ള കാര്യത്തിൽ ഇരുകൂട്ടരും ശ്രദ്ധിച്ചുതുടങ്ങി. സംഘടിതമായ വിലപേശലിന് സൌകര്യമുള്ള മേഖലകളിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് എല്ലാ രാഷ്ട്രങ്ങളിലും നിയമവ്യവസ്ഥകളുണ്ട്.
തൊഴിൽത്തർക്കങ്ങൾ
തിരുത്തുകതർക്കത്തിന്റെ സ്വഭാവവും അവ ഒത്തുതീർപ്പിലാക്കാനുള്ള ശ്രമവും പല രാജ്യങ്ങളിലും വ്യത്യസ്തങ്ങളാണ്. വേതനം, ജോലിസമയം, പിരിച്ചുവിടൽ, സംഘടിതമായ വിലപേശൽ ഇവയെ ആധാരമാക്കിയാണ് സാധാരണ തൊഴിൽത്തർക്കങ്ങൾ ഉണ്ടാകാറുള്ളത്. വ്യാവസായിക പുരോഗതി കൈവന്നിട്ടുള്ള രാഷ്ട്രങ്ങളിൽ തൊഴിലാളിക്ക് പണി മുടക്കുന്നതിനുള്ള അവകാശമുണ്ട്. ക്ഷേമരാഷ്ട്രസംവിധാനത്തിൽ തൊഴിൽ-മാനേജ്മെന്റ് തർക്കങ്ങളിൽ സ്റ്റേറ്റിന്റെ കൈകടത്തലുകൾക്ക് സ്ഥാനമില്ല. എന്നാൽ രാഷ്ട്രത്തിന്റെ നന്മയെ ലാക്കാക്കിയും സാമ്പത്തികഭദ്രത അപകടത്തിലാകാതിരിക്കണമെന്നുള്ള താത്പര്യംകൊണ്ടും സ്റ്റേറ്റ്, തർക്കങ്ങളിൽ അവസാനമായി ഇടപെടാറുണ്ട്. മാധ്യസ്ഥം(mediation), അനുരഞ്ജനം ഇവ ഇതിൽപ്പെടുന്നു.
അനുരഞ്ജനനടപടികൾ
തിരുത്തുകഓരോ രാജ്യത്തും നിലവിലുള്ള നിയമവ്യവസ്ഥകളനുസരിച്ച് അനുരഞ്ജനനടപടികളിൽ വ്യത്യാസങ്ങളുണ്ട്. തർക്കകക്ഷികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയും കൂടിയാലോചനകൾവഴി തർക്കം ഒത്തുതീർപ്പിലാകുന്നതിനു സഹായിക്കുകയുമാണ് അനുരഞ്ജനം കൊണ്ടുദ്ദേശിക്കുന്നത്. തർക്കത്തിന്റെ പ്രത്യേക പരിതഃസ്ഥിതികൾ കണക്കിലെടുത്തുകൊണ്ടാണ് തർക്കങ്ങൾ തീർക്കുന്നതിന് അനുരഞ്ജകൻ ഒരുമ്പെടുന്നത്. എന്നാൽ അനുരഞ്ജകൻ തർക്കങ്ങളിലുണ്ടായിട്ടുള്ള പ്രശ്നങ്ങളിൽനിന്ന് അകന്നുനിൽക്കാറുണ്ട്. തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ നേരിട്ടുള്ള സമ്പർക്കങ്ങൾ സാധ്യമല്ലാതെ വരുന്ന അവസരങ്ങളിൽ അനുരഞ്ജകന്റെ പ്രവർത്തനം അനിവാര്യമായിത്തീരുന്നു. പ്രശ്നങ്ങളെപ്പറ്റിയുള്ള വിധിപ്രസ്താവനകൾ അയാൾ നടത്താറില്ല. പ്രശ്നങ്ങളിൽ ഉണ്ടായിട്ടുള്ള ശരിയെയും തെറ്റിനെയുംപറ്റി തീർച്ചപ്പെടുത്തുന്നതിനെക്കാളേറെ രണ്ടു കക്ഷികൾക്കും സ്വീകാര്യമായരീതിയിൽ അനുരഞ്ജകൻ ഒത്തുതീർപ്പിന് സഹായിക്കുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതിന് ചില നിർദ്ദേശങ്ങൾ സമർപ്പിക്കുകയും തർക്കപരിഹാരത്തിന് കക്ഷികളെ പ്രേരിപ്പിക്കുകയുമാണ് പതിവ്. തർക്കങ്ങൾ തീരുന്നതിന് തന്റെ നിർദ്ദേശങ്ങൾ സ്വീകാര്യമായിരിക്കുമെന്ന് അനുരഞ്ജകന് ബോധ്യമുണ്ടെങ്കിൽ മാത്രമേ അയാൾ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കാറുള്ളു. അനുരഞ്ജനം രണ്ടു വിധത്തിലുണ്ട്;
- നിർബന്ധിതമായ അനുരഞ്ജനം,
- സ്വമേധയായുള്ള അനുരഞ്ജനം.
ഒത്തുതീർപ്പ്
തിരുത്തുകവ്യവസായത്തർക്കങ്ങൾ തുടരുകയാണെങ്കിൽ പ്രവർത്തനം സ്തംഭിക്കുകയും അങ്ങനെ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് ഹാനിയുണ്ടാകുമെന്നു വരികയും ചെയ്താൽ നിർബന്ധിത അനുരഞ്ജനം നടപ്പാക്കാറുണ്ട്. തർക്കങ്ങളുടെ ഫലമായി പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിലച്ചാൽ പ്രശ്നം മാധ്യസ്ഥത്തിനും അനുരഞ്ജനത്തിനും വിടണമെന്നും അനുശാസിക്കുന്ന നിയമങ്ങളുണ്ട്.
അനുരഞ്ജന നടപടികൾക്ക് വിധേയമായി തർക്കം ഒത്തുതീർപ്പിലെത്തിക്കുന്നതിനും അനുരഞ്ജനം തൃപ്തികരമല്ലെങ്കിൽ പണിമുടക്കുന്നതിനും ലോക്കൌട്ടുചെയ്യുന്നതിനും കക്ഷികൾക്ക് അവകാശമുണ്ട്. തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുറമേയുള്ള ഒരു കക്ഷിയുടെ തീരുമാനങ്ങൾക്ക് വഴങ്ങേണ്ടിവരുമെന്നതുകൊണ്ട് കക്ഷികൾ പലപ്പോഴും അനുരഞ്ജനവ്യവസ്ഥകൾ സമ്മതിക്കുന്നു.
പുറംകണ്ണികൾ
തിരുത്തുക- http://lawcommissionofindia.nic.in/adr_conf/concepts%20med%20Rao%201.pdf CONCEPTS OF CONCILIATION
- http://www.netlawman.co.in/acts/arbitration-conciliation-act-1996.php Arbitration and Conciliation Act, 1996
- http://in.answers.yahoo.com/question/index?qid=20090706010441AAmQt8V[പ്രവർത്തിക്കാത്ത കണ്ണി] What is conciliation?
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുരഞ്ജനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |