അനുക്രമണിക
ഏതെങ്കിലും ഒരു കൃതിയിലെ ഉള്ളടക്കസൂചന നിർദിഷ്ട ക്രമമനുസരിച്ച് സംവിധാനം ചെയ്തത്. വൈദികസാഹിത്യത്തിൽ, വേദത്തിന്റെ പ്രാമാണികപാഠങ്ങൾ നഷ്ടപ്പെടാതെയും അവയ്ക്കു വ്യത്യാസം വരാതെയും സൂക്ഷിക്കുന്നതിനു വേണ്ടി രചിക്കപ്പെട്ട കൃതികളെയും അനുക്രമണികകൾ എന്നു പറയുന്നു. ഇവ ഓരോ വേദത്തിലെയും സൂക്തങ്ങളുടെ ആദ്യക്ഷരം, ഋഷി, ദേവത, ഛന്ദസ്സ് മുതലായവയ്ക്കു സൂചന നല്കുന്നു. ഋഗ്വേദത്തിനു തന്നെ ശൌനക പ്രണീതമെന്ന് വിശ്വസിക്കപ്പെടുന്ന 7 അനുക്രമണികകൾ ഉണ്ട്. അനുഷ്ടുപ്-ത്രിഷ്ടുപ് വൃത്തങ്ങളിലായിട്ടാണ് പ്രായേണ ഇവയുടെ നിബന്ധനം. 300 ശ്ളോകങ്ങളുള്ള ആർഷാനുക്രമണികയിൽ ഋഗ്വേദർഷിമാരുടെ ഒരു പട്ടിക അടങ്ങിയിട്ടുണ്ട്. ഛന്ദോനുക്രമണി ഋഗ്വേദത്തിലെ ഛന്ദസ്സുകൾ വിവരിക്കുന്നു. അനുവാകാനുക്രമണി ഋഗ്വേദാനുവാകങ്ങളിലെ സൂക്തങ്ങളുടെയും പദ്യങ്ങളുടെയും പദങ്ങളുടെയും അക്ഷരങ്ങളുടെയും സംഖ്യ നിർണയിച്ചിരിക്കുന്നു. പദാനുക്രമണി, സൂക്താനുക്രമണി, ബൃഹദ്ദേവത എന്നിങ്ങനെ വേറെയും അനുക്രമണികകൾ യഥാക്രമം പാദം, സൂക്തം, ദേവത എന്നിവ സൂചിപ്പിക്കുന്നവയായുണ്ട്. ബൃഹദ്ദേവതയിൽ അനേകം ദൃഷ്ടാന്ത കഥകളും പുരാണ കഥകളും നിബന്ധിച്ചിരിക്കുന്നു. സമഗ്രമായ ഒരു അനുക്രമണികയാണ് കാത്യായനന്റെ സർവാനുക്രമണി. സൂത്രശൈലിയിൽ രചിക്കപ്പെട്ടിട്ടുളള ഈ കൃതിയിൽ ഋഗ്വേദത്തിലെ ഓരോ സൂക്തത്തിലേയും ആദ്യപദങ്ങൾ, പദ്യസംഖ്യ മുതലായ എല്ലാ വിവരവും സൂചിപ്പിച്ചിരിക്കുന്നു. ഋഗ്വേദ സൂക്തങ്ങളുടെ മന്ത്രശക്തി പ്രത്യേകം സൂചിപ്പിക്കുന്ന ഒരു ഛന്ദോബദ്ധാനുക്രമണികയാണ് ഋഗ്വിധാനം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുക്രമണിക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |