ബി.സി. 570 - 480 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു യവനകവിയായിരുന്നു അനാക്രിയൺ. അയോണിയയിൽ തിയോസ് എന്ന സ്ഥലത്തു ജനിച്ചു. ബി.സി. 545-ആമാണ്ടോടടുപ്പിച്ചു പേർഷ്യക്കാർ അയോണിയ ആക്രമിച്ചപ്പോൾ ത്രേസിൽ കുടിയേറി. പോളിക്രെറ്റീസിന്റെ ക്ഷണപ്രകാരം സാമോസിലേക്കു പോയി. പോളിക്രെറ്റീസ് വധിക്കപ്പെട്ടതോടെ 521-ആമാണ്ട് ആഥൻസിൽ ഹിപ്പാർക്കസിന്റെ കൊട്ടാരത്തിലേക്കു താമസം മാറ്റി. 514 വരെ അവിടെയും, അതിനുശേഷം എക്കിക്രാറ്റിഡാസിന്റെ രക്ഷാധികാരത്തിൽ തെസലിയിലും കഴിഞ്ഞു.

അനാക്രിയൺ

അഥീനിയൻമാർ ഇദ്ദേഹത്തെ അത്യന്തം ബഹുമാനിച്ചിരുന്നു. പെരിക്ലിസിന്റെ പിതാവായ സാന്തിപ്പാസിന്റെ പ്രതിമയ്ക്കടുത്ത് ഇദ്ദേഹത്തിന്റെ ഒരു പ്രതിമ അവർ സ്ഥാപിച്ചു. അനാക്രിയൺ മദ്യാസക്തനും സ്ത്രീലമ്പടനുമായിരുന്നുവെന്നാണ് ഐതിഹ്യം. മദ്യത്തേയും പ്രേമത്തേയും പ്രകീർത്തിക്കുന്ന അനേകം ഭാവഗീതങ്ങൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇത്തരം കവിതകൾ ഉൾക്കൊള്ളുന്ന 5 ഗ്രന്ഥങ്ങൾ അലക്സാണ്ഡ്രിയയിൽ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. എന്നാൽ അവയുടെ ഏതാനും ഭാഗങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിച്ചിട്ടുള്ളു. സരളമനോഹരമാണ് അനാക്രിയണിന്റെ കാവ്യശൈലി. പിൽക്കാല കവികൾ പലരും ഇദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അനാക്രിയൺ കവിതകളുടെ സ്വാധീനം റോമൻ കവിയായ ഹോരറസിന്റെ (ബി.സി. 65-8) കൃതികളിൽ കാണാം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനാക്രിയൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനാക്രിയൺ&oldid=1697040" എന്ന താളിൽനിന്ന് ശേഖരിച്ചത്