മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു അനന്ത് ലക്ഷ്മൺ കാനേരെ. 1909 ഡിസംബർ 21-ന് അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലെ നാസിക് കളക്ടറെ വെടിവച്ചു കൊന്നു[1].

Hutatma Anant Laxman Kanhere
ജനനം1892
മരണം19 April 1910 Thane, India
മരണ കാരണംhanged
ദേശീയതIndian
അറിയപ്പെടുന്നത്Indian Independence Movement

ആദ്യകാലജീവിതം

തിരുത്തുക

1891 ൽ രത്നഗിരി ജില്ലയിലെ ഖേഡ് താലൂക്കിലെ അഞ്ജാനി എന്ന കൊച്ചു ഗ്രാമത്തിലാണ് അനന്ത് ലക്ഷ്മൺ കാനേരെ ജനിച്ചത്. അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു[2]. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിസാമാബാദിൽ (അക്കാലത്ത് ഇന്ദൂർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്) പൂർത്തിയായി. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഔറംഗബാദിലാണ് നടന്നത്. അക്കലത്തെ സൗഹൃദബന്ധങ്ങളെക്കുറിച്ച് പിന്നീട് കാനേരെ ‘മിത്ര പ്രേം’ എന്ന നോവൽ രചിച്ചു.

രാഷ്ട്രീയത്തിൽ

തിരുത്തുക

ഈ സമയത്ത് അനന്ത് ലക്ഷ്മൺ രഹസ്യ വിപ്ലവ ഗ്രൂപ്പിലെ അംഗങ്ങളുമായി സമ്പർക്കം പുലർത്തി. അവരുടെ പ്രവൃത്തിയിൽ അദ്ദേഹം ആകൃഷ്ടനായി. അക്കാലത്ത് ഇന്ത്യയിലും മഹാരാഷ്ട്ര(സെന്റ്രൽ പ്രൊവിൻസ്) യിലും ബ്രിട്ടീഷ് വിരുദ്ധ വികാരം അലയടിച്ചിരുന്നു. സവർക്കർ സഹോദരങ്ങൾ നടത്തിയ വിപ്ലവ സംഘടനയായ അഭിനവ് ഭാരത് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നാസികിൽ നടന്നിരുന്നു. വിനായക് ദാമോദർ സാവർക്കറുടെ മുതിർന്ന സഹോദരൻ ബാബാറാവു സാവർക്കറുടെ നേതൃത്വത്തിൽ നാസിക് പരിസരത്ത് നിരവധി ചെറിയ വിപ്ലവ സംഘടനകൾ സ്ഥാപിക്കപ്പെട്ടു. അണ്ണാ കാർവെ എന്നറിയപ്പെട്ട കൃഷ്ണാജി ഗോപാൽ കർവെ, നാസികിൽ അത്തരമൊരു രഹസ്യസംഘത്തെ രൂപീകരിച്ചു. അണ്ണാ കാർവെ ഒരു ചെറുപ്പക്കാരനായ അഭിഭാഷകനായിരുന്നു. തന്റെ മാതൃഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ അയാൾ ആഗ്രഹിച്ചിരുന്നു. ജാക്ക്സൺ കൊലപാതകത്തിലെ മുഖ്യപ്രതികളിലൊരാളായ വിനയ്ക്ക് നാരായൺ ദേശ്പാണ്ഡെയായിരുന്നു ഈ രഹസ്യസംഘത്തിലെ മറ്റൊരു അംഗം. അദ്ദേഹം നാസിക്കിലെ പഞ്ചവടിയിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപകനായിരുന്നു.

ജാക്ക്സൺ വധം

തിരുത്തുക

ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജാക്ക്സൺ ഈ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവാനായിരുന്നു. മറ്റ് ബ്രിട്ടീഷ് ഓഫീസർമാരിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹം ആളുകളുമായി കൂട്ടുകൂടുകയും ജനസ്നേഹിയായ ഒരു ഓഫീസറായി സ്വയം ചിത്രീകരിക്കുകയും ചെയ്തു. തന്റെ മുജ്ജന്മത്തിൽ താൻ വേദപണ്ഡിതനായ ബ്രാഹ്മണനായിരുന്നുവെന്നും അതുകൊണ്ടാണ് ഇന്ത്യൻ ജനതയോടുള്ള അടുപ്പമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. മറാഠിയിൽ ജനങ്ങളോട് സംസാരിച്ചിരുന്ന ജാക്ക്സണ് സംസ്കൃതത്തെക്കുറിച്ച് അറിവുമുണ്ടായിരുന്നു[3][4][5]. വാസ്തവത്തിൽ, ഇന്ത്യൻ ജനതയ്ക്ക് തങ്ങൾ അടിമത്തത്തിൽ സുരക്ഷിതരാണെന്നു വിശ്വസിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഇതിലൂടെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ കഴിയുമെന്നും അദ്ദേഹം കരുതി.

കവി ഗോവിന്ദിനെക്കുറിച്ച് പതിനാറ് പേജുകൾ ഉള്ള ഒരു പുസ്തകം അച്ചടിച്ചതിന് ബാബറാവു സാവർക്കർ അറസ്റ്റിലായി. ബാബറാവുവിനെ അറസ്റ്റു ചെയ്ത് പ്രോസിക്യൂട്ട് ചെയ്തതിൽ ജാക്ക്സൺ വലിയ പങ്കു വഹിച്ചു. കൃഷ്ണജി ഗോപാൽ കാർവെ അധ്യക്ഷനായ വിപ്ലവ സംഘം 1910 ലെ ആദ്യ മാസത്തിൽ ജാക്ക്സണെ കൊലപ്പെടുത്തുവാൻ തീരുമാനിച്ചു.

എന്നാൽ 1909 അവസാനത്തോടെ ജാക്ക്സൺ ബോംബെ കമ്മീഷണറായി നിയമിതനായി. കൃഷ്ണജി കാർവെ, വിനായക് ദേശ്പാണ്ഡേ, അനന്ത് ലക്ഷ്മൺ കാനേരെ എന്നിവർ ട്രാൻസ്ഫറിനു മുൻപ് തന്നെ ജാക്സനെ വധിക്കാൻ തീരുമാനിച്ചു. നാസിക്കിലെ വിജയാനന്ദ് തിയേറ്ററിൽ[2] ജാക്സന്റെ വിടവാങ്ങൽ ചടങ്ങ് നടക്കവേ കാനേരെ ഈ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ജാക്സനെ വധിക്കുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് തന്റെ മറ്റ് പങ്കാളികളെ രക്ഷിക്കുവാനായി ആത്മഹത്യ ചെയ്യാനും തീരുമാനിച്ചു. കാനേരെയുടെ ശ്രമം പരാജയപ്പെട്ടെങ്കിൽ ജാക്സനെ വെടിവെയ്ക്കുവാൻ വിനായക് ഒരു തോക്കുമായി ഒരുങ്ങിയിരുന്നു. ഇവ രണ്ടും പരാജയപ്പെട്ടാൽ കാർവെ തന്നെ ഒരു ആയുധം കരുതിയിരുന്നു.

1909 ഡിസംബർ 21 ന് ജാക്സൻ ഈ ചടങ്ങിനെത്തിയപ്പോൾ അനന്ത് ലക്ഷ്മൺ കാനേരെ അദ്ദേഹത്തിന്റെ മുന്നിൽ ചാടിവീണ് നാലു തവണ വെടിയുതിർത്തു. ജാക്ക്സൺ തൽക്ഷണം കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന പൽഷികർ, തോരഡ്മാൾ എന്നീ ഇന്ത്യൻ ഓഫിസർമാർ കാനേരെയെ ആക്രമിച്ചു. അതിനാൽ സ്വയം വെടിവെക്കുവാനോ വിഷം കഴിക്കുവാനോ അദ്ദേഹത്തിന് സാധിച്ചില്ല.

വധശിക്ഷ

തിരുത്തുക

അന്ന് 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന അനന്ത് ലക്ഷ്മൺ കാനേരെയെ ബോംബെ കോടതിയിൽ വിചാരണ ചെയ്യുകയും താനെ ജയിലിൽ 1910 ഏപ്രിൽ 19 ന് തൂക്കിലേറ്റുകയും ചെയ്തു[1]. കൃഷ്ണാ കാർവെ, വിനായക് ദേശ്പാണ്ഡെ എന്നിവരും ഒപ്പം തൂക്കിലേറ്റപ്പെട്ടു. ഈ മൂന്നു പേരുടെ ബന്ധുക്കളും അവിടെ ഉണ്ടായിരുന്നില്ല. അവരുടെ മൃതദേഹങ്ങൾ ജയിൽ അധികൃതർ ബന്ധുക്കൾക്ക് കൈമാറ്റം ചെയ്യാതെ ദഹിപ്പിച്ചു. ഭൗതികാവശിഷ്ടം താനെയിലെ കടലിൽ ഒഴുക്കുകയും ചെയ്തു.

ചലച്ചിത്രം

തിരുത്തുക

2014 ജനുവരി 10 ന് അനന്ത് ലക്ഷ്മൺ കാനേരെ, കളക്ടർ ജാക്സൺ എന്നിവയെക്കുറിച്ച് ഒരു മറാഠി ചലച്ചിത്രം പുറത്തിറക്കി. '1909' എന്നായിരുന്നു ചിത്രത്തിന്റെ പേര്[6] ഇപ്പോൾ ഇന്ത്യയിൽ താമസിക്കുന്ന, ബോളിവുഡ് ചിത്രങ്ങളിൽ ജോലി ചെയ്യുന്ന ചാൾസ് തോംസൺ എന്ന ഓസ്ട്രേലിയൻ നടനാണ് ആണ് ജാക്ക്സൺ ആയി വേഷമിട്ടത്[7][8].

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-18. Retrieved 2018-09-06.
  2. 2.0 2.1 https://nashik.com/anant-kanhere/
  3. Militant nationalism in India and its socio-religious background, 1897-1917 by Bimanbehari Majumdar, published by General Printers & Publishers, 1966, pp. 94 & 147
  4. The Sacred books of the Hindus, Volume 18, Part 1 By Baman Das Basu, pp. 5
  5. Bombay High Court. "Nashik Conspiracy Case".
  6. https://timesofindia.indiatimes.com/entertainment/marathi/movies/news/Filmmaker-Abhay-Kambli-is-all-set-to-make-a-film-on-the-life-of-freedom-fighter-Anant-Kanhere-titled-1909-/articleshow/22067772.cms
  7. https://www.telegraphindia.com/1141201/jsp/bihar/story_19107056.jsp
  8. http://archive.indianexpress.com/news/is-he-the-next-tom-alter-/1198629/
"https://ml.wikipedia.org/w/index.php?title=അനന്ത്_ലക്ഷ്മൺ_കാനേരെ&oldid=4103914" എന്ന താളിൽനിന്ന് ശേഖരിച്ചത്