പ്രാചീന വൈദികവിദ്യാഭ്യാസക്രമത്തിൽ പഠനത്തിൽ നിന്ന് ഒഴിവുള്ള ദിവസത്തെ അനധ്യായം എന്നു പറയുന്നു. അവധി, കല്പന, ഒഴിവുദിവസം എന്നെല്ലാം ആധുനിക വ്യവഹാരത്തിൽ സ്ഥലം പിടിച്ചു കഴിഞ്ഞിട്ടുള്ള സംജ്ഞയുടെ പര്യായമാണ് അനധ്യായം.

ഇന്നയിന്ന തിഥികളിൽ പഠനം പാടില്ല എന്നായിരുന്നു പ്രാചീനകാലത്തെ വിധി. പ്രതിപദം, സപ്തമി, നാലാം കാല്, അഷ്ടമി, പ്രദോഷം, ചതുർദശി, വാവ്, സൂര്യ-ചന്ദ്രഗ്രഹണങ്ങളെ തുടർന്നുള്ള മൂന്നു ദിവസങ്ങൾ എന്നിവ അനധ്യായദിനങ്ങളായിരുന്നു. ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളുടെ പരിസരങ്ങളിലുള്ളവർക്ക് ആ ദിവസങ്ങളിൽ പഠനം പതിവില്ല. നീണ്ട ഇടിമുഴക്കം കേൾക്കുന്ന ദിവസങ്ങളും അനധ്യായ ദിവസങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. മാന്യാതിഥികൾ സന്ദർശനത്തിനെത്തുന്ന ദിവസങ്ങളിൽ ശിഷ്യൻമാർക്ക് ആചാര്യൻ ഒഴിവുനല്കിവന്നു. അങ്ങനെയുള്ള ദിവസങ്ങൾ ശിഷ്ടാനധ്യായങ്ങളാണ്. അനധ്യായത്തിന് കാരണഭൂതൻമാരായിരിക്കുന്ന ആ വെള്ളത്താടിക്കാർക്ക് സ്വാഗതം ഭവിക്കട്ടെ എന്ന് ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തിൽ മുനികുമാരൻമാർ പറയുന്നത് അധ്യേതാക്കൾക്ക് അന്നും ഇന്നുമുള്ള അനധ്യായപ്രേമത്തിന് നിദർശനമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനധ്യായം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനധ്യായം&oldid=1004239" എന്ന താളിൽനിന്ന് ശേഖരിച്ചത്