അനഘ ജെ. കോലത്ത്
ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള ഒരു മലയാള ഭാഷാ കവിയാണ് അനഘ ജെ. കോലത്ത്. 2022-ൽ സാഹിത്യ അക്കാദമി യുവപുരസ്കാരം ലഭിച്ചു.
അനഘ ജെ. കോലത്ത് | |
---|---|
ജനനം | 1994 (വയസ്സ് 29–30) പാല, കോട്ടയം ജില്ല, കേരളം |
തൊഴിൽ | കവി |
ദേശീയത | ഇന്ത്യ |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം 2022 |
ജീവചരിത്രം
തിരുത്തുകകേരളത്തിലെ കോട്ടയം ജില്ലയിലെ പാലായിലെ കോലത്ത് ഹൗസിൽ, ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന കെ എൻ ജയചന്ദ്രന്റെയും സ്കൂൾ അധ്യാപികയായിരുന്ന പി ജി ശ്യാമളാദേവിയുടെയും മൂന്ന് പെൺമക്കളിൽ ഇളയവളായി 1994 ലാണ് അനഘ ജെ കോലത്ത് ജനിച്ചത്. [1]
പാലാ ശക്തിവിലാസം എൻഎസ്എസ് സ്കൂളിലായിരുന്നു അനഘയുടെ പ്രാഥമിക വിദ്യാഭ്യാസം. [1] കിടങ്ങൂർ എൻഎസ്എസ്എച്ച്എസ്എസിൽ നിന്ന് പ്ലസ് ടു പാസായ ശേഷം തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. [1] ചങ്ങനാശ്ശേരി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം പാസായ അനഘ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പഠിച്ചു. [1]
സാഹിത്യ ജീവിതം
തിരുത്തുകരണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനഘ ആദ്യ കവിത എഴുതിയത്. [1] കവിതയെഴുതാൻ മാത്രമല്ല അത് ചൊല്ലാനും മിടുക്കിയാണ് അനഘ. ചെറുപ്പം മുതലേ ഗുരുവായൂർ ദേവസ്വം നടത്തിയ നാരായണീയം, പൂന്താനം പാരായണ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. [1] 2013ൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് സുവർണ മുദ്ര ലഭിച്ചു. [1] മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ കവിതാ പാരായണ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. [1]
കൃതികൾ
തിരുത്തുകകവിതകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കാൻ മടിച്ച അനഘയെ കവിത പ്രസിദ്ധീകരിക്കാൻ നിർബന്ധിച്ചതും ആവശ്യമായ സഹായങ്ങൾ നൽകിയതും എഴുത്തുകാരൻ കെ.ജയകുമാറാണ്.[2] 30 ഓളം കവിതകൾ ഉൾപ്പെടുന്ന അനഘയുടെ ആദ്യ കവിതാസമാഹാരം ഞാൻ അറിഞ്ഞ കടൽ [3] 2014ൽ പ്രസിദ്ധീകരിച്ചു. 51 കവിതകളടങ്ങിയ കാവ്യാമൃതം എന്ന കവിതാപാരായണ സിഡിയും പുറത്തിറക്കിയിട്ടുണ്ട്. [1] 2020ൽ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഓൺലൈൻ കവിയരങ്ങിൽ പങ്കെടുത്തു.[2] കവിതയ്ക്ക് പുറമെ ആനുകാലികങ്ങളിലും ഓൺലൈനിലും കഥകളും ലേഖനങ്ങളും എഴുതുന്നതിലും സജീവമാണ് അവർ.[2]
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുകഅന്താരാഷ്ട്ര മാതൃഭാഷാ ദിനം-2014 ലെ മികച്ച കവിതയ്ക്കുള്ള ആകാശവാണി യുവവാണി അവാർഡ്, അങ്കണം കവിത അവാർഡ് (2014), കോളേജ് വിദ്യാർത്ഥികൾക്കുള്ള കെ.എം.സുകുമാരൻ സ്മാരക അവാർഡ് (2014), പുനലൂർ ബാലൻ കവിതാ അവാർഡ് (2020)[4] തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അനഘ നേടിയിട്ടുണ്ട്. [5] 2022-ൽ മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹാരത്തിന് സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചു. [6]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Daily, Keralakaumudi. "അനഘയുടെ അക്ഷരങ്ങൾ". Keralakaumudi Daily. Retrieved 2022-08-24.
- ↑ 2.0 2.1 2.2 "കഥാകൃത്ത് സേതുവിനും കവി അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം » Newsthen" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-08-24. Retrieved 2022-08-25.
- ↑ "A little wordsmith par excellence - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-08-24.
- ↑ "പുനലൂർ ബാലൻ പുരസ്‌കാരം" (in ഇംഗ്ലീഷ്). Archived from the original on 2022-11-22. Retrieved 2022-08-24.
- ↑ "On write path". The New Indian Express. Retrieved 2022-08-24.
- ↑ "Malayalam writers Sethu, Anagha J Kolath bag Sahitya Akademi awards". OnManorama. Retrieved 2022-08-24.