ശ്രുതിസ്മൃതികളാൽ നിഷേധിക്കപ്പെട്ട കർമമാണ് അധർമം. ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള ധർമാധർമങ്ങളെപ്പറ്റി വേദങ്ങളിലും അതിനെ ആധാരമാക്കിയെഴുതിയിട്ടുള്ള സ്മൃതിഗ്രന്ഥങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. ജൈമിനീയസൂത്രങ്ങളുടെ (കർമകാണ്ഡം) വ്യാഖ്യാതാവായ കുമാരിലഭട്ട പറയുന്നു: ധർമാധർമസ്വരൂപങ്ങളെ കണ്ണ് തുടങ്ങിയ ബാഹ്യേന്ദ്രിയങ്ങൾകൊണ്ട് ഗ്രഹിക്കുവാൻ സാധ്യമല്ല. ആകയാൽ അവ പ്രത്യക്ഷപ്രമാണവിഷയങ്ങളല്ല; പ്രത്യക്ഷത്തെ ഉപജീവിക്കുന്ന അനുമാനപ്രമാണത്തിനും വിഷയങ്ങളല്ല. ധർമാധർമങ്ങൾക്ക് സദൃശങ്ങളായ വേറെ വസ്തുക്കൾ ഇല്ലാത്തതുകൊണ്ട് ഉപമാനം എന്ന പ്രമാണത്തിനും വിധേയമല്ല. അതിനാൽ ധർമത്തെയോ അധർമത്തെയോ ഗ്രഹിക്കുവാൻ വിധിനിഷേധാത്മകമായ വേദങ്ങളെ പ്രമാണമാക്കുക മാത്രമേ സാധ്യമാകുകയുള്ളു. യാതൊരുവനെ ഉദ്ദേശിച്ച് ഏതുസമയത്ത് എന്തുകാര്യം ചെയ്യരുതെന്ന് വേദത്തിൽ നിഷേധിച്ചിട്ടുണ്ടോ അതു ആ വ്യക്തിക്ക് അധർമമാണ്. യാതൊരുവന് ഏതുസമയത്ത് എന്തുകാര്യം വിധിക്കപ്പെട്ടിട്ടുണ്ടോ അത് അവന് ധർമവുമാണ്.

വേദവ്യാസനും ശങ്കരാചാര്യരും അധർമം, ധർമം എന്നിവയെ നിശ്ചയിക്കുവാൻ വേദവചനങ്ങളെത്തന്നെയാണ് പ്രമാണമായി സ്വീകരിച്ചിട്ടുള്ളത്. ധർമത്തിന്റെ തത്ത്വം അത്യന്തം സൂക്ഷ്മമാകയാൽ അധർമത്തെ വിവേചനം ചെയ്ത് അറിയുന്നതിന് സാധാരണ ജനങ്ങൾക്ക് ഉൽകൃഷ്ടാചാരങ്ങളെ ആശ്രയിക്കുക മാത്രമേ നിർവാഹമുള്ളു. വ്യക്തികൾക്കും സമൂഹത്തിനും രാജ്യത്തിനും അധഃപതനം ഉണ്ടാകാതിരിക്കുന്നതിനും അഭിവൃദ്ധിയുണ്ടാകുന്നതിനും പറ്റിയവിധത്തിൽ അലിഖിതനിയമങ്ങളെപ്പോലെ ആചരിച്ചുവന്നിട്ടുള്ള കാര്യങ്ങളെ ധർമമെന്നും ആ ആചാരങ്ങൾക്ക് വിരുദ്ധങ്ങളായ കാര്യങ്ങളെ അധർമമെന്നും പറയാം. കാലത്തിനനുസരിച്ച് ധർമാധർമങ്ങളുടെ സ്വരൂപം മാറുമെങ്കിലും അടിസ്ഥാനപരമായി ദീക്ഷിക്കേണ്ട തത്ത്വത്തിന് മാറ്റം വരാനവകാശമില്ല.

സാംഖ്യമതം അനുസരിച്ച് അധർമം ബുദ്ധിധർമമാണ്. ധർമം, അധർമം, ജ്ഞാനം, അജ്ഞാനം, വൈരാഗ്യം, അവൈരാഗ്യം, ഐശ്വര്യം, അനൈശ്വര്യം എന്നീ എട്ടെണ്ണം ബുദ്ധിയിലുള്ള സത്വതമോഗുണങ്ങളുടെ വികാരമാകുന്നു. വൈശേഷികസിദ്ധാന്തപ്രകാരം അധർമം ആത്മഗുണമാണ്. അനവധാനത, ദുഷ്ടചിന്ത മുതലായവയാൽ ആത്മാവ് മനസ്സുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ അധർമം ഉദ്ഭവിക്കുന്നു. നൈയായികന്മാരുടെ അഭിപ്രായത്തിൽ ജീവാത്മനിഷ്ഠമായ ഒരു ഗുണമാണ് അധർമം; നിഷിദ്ധകർമത്തിൽ നിന്നുണ്ടാകുന്ന അത് നരകാനുഭവങ്ങൾക്ക് കാരണവുമാണ്. അക്രമം, പാപം, പുണ്യരാഹിത്യം, കൃത്യവിലോപം, മതവിരോധം എന്നീ അർഥങ്ങളിലും അധർമശബ്ദം സാഹിത്യത്തിൽ പ്രയോഗിച്ചുകാണുന്നുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധർമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധർമം&oldid=2983727" എന്ന താളിൽനിന്ന് ശേഖരിച്ചത്