അദ്ധ്യാപക സമാജങ്ങൾ

(അധ്യാപക സമാജങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നിശ്ചിതപ്രദേശത്തെ അധ്യാപകരെ അംഗങ്ങളായി ചേർത്തു നടത്തപ്പെടുന്ന സംഘടനകളെ അധ്യാപക സമാജങ്ങൾ എന്നു വിളിക്കുന്നു.

ലക്ഷ്യം

തിരുത്തുക

ബോധനപ്രക്രിയയിലെ പരിവർത്തന വിധേയമായ രീതികളും വിജ്ഞാനവുമായി നിത്യസമ്പർക്കം പുലർത്തുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, യു.എസ്. എന്നീ രാജ്യങ്ങളിൽ അധ്യാപകർ മുൻകൈയെടുത്ത് ഇത്തരം സമാജങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലെ നൂതനപ്രവണതകൾ, പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ എന്നിങ്ങനെ പല പ്രധാന വിഷയങ്ങളെപ്പറ്റിയും ഇവർ ചർച്ച ചെയ്യുന്നു. ബോധനനിലവാരം മെച്ചപ്പെടുത്തുന്നതിന് റിഫ്രഷർ കോഴ്സുകൾ സംഘടിപ്പിക്കുന്നു. വിദേശപര്യടനത്തിനുവേണ്ടി സൌകര്യങ്ങൾ ഉണ്ടാക്കി സമാജാംഗങ്ങളായ അധ്യാപകരുടെ അനുഭവസമ്പത്ത് വർധിപ്പിക്കുന്നു. മാത്രമല്ല, ഉയർന്ന ബിരുദങ്ങൾ നേടുവാനും ഗവേഷണങ്ങൾ നടത്തുവാനും ഗവേഷണഫലങ്ങൾ പ്രസിദ്ധപ്പെടുത്തുവാനുമുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും അധ്യാപകർക്ക് ലഭിക്കത്തക്കവണ്ണം പല പദ്ധതികളും സംഘടിപ്പിച്ചുവരുന്നു.

ഇപ്രകാരം അധ്യാപകരുടെ പൊതുതാത്പര്യങ്ങളെ മുൻനിറുത്തി സമാജങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം ഓരോ പ്രത്യേക വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർ അവരുടേതായ സമാജങ്ങൾ ഉണ്ടാക്കുന്ന രീതിയും വികസിതരാജ്യങ്ങളിൽ സാധാരണമാണ്. ഉദാഹരണമായി ബ്രിട്ടനിലെ ഗണിതശാസ്ത്രാധ്യാപകരുടെ സമാജം ഗവേഷണം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ലഘുലേഖകൾ ആ വിഷയത്തിലെ പാഠ്യപദ്ധതിയേയും ബോധനരീതിയേയും സാരമായി സ്വാധീനിച്ചിട്ടുണ്ട്. ഇതേ രീതിയിൽ പ്രത്യേക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ സമാജങ്ങളെപ്പറ്റി കോഠാരി കമ്മീഷൻ (1964) പ്രാധാന്യം കൊടുത്തുകൊണ്ട് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ

തിരുത്തുക

ഇന്ത്യയിൽ വിദ്യാലയാധികൃതരുടെ നിർദ്ദേശാനുസരണമാണ് അധ്യാപകസമാജങ്ങൾ പ്രവർത്തിക്കാറുള്ളത്. അതും പ്രധാനമായി പ്രാഥമികവിദ്യാലയങ്ങളിൽ മാത്രം. കേരളത്തിലെ പ്രാഥമികവിദ്യാലയങ്ങളിലെ ഓരോ അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ആഫീസറുടെയും കീഴിലുള്ള അധ്യാപകർ മാസത്തിലൊരിക്കൽ ഒന്നിച്ചുകൂടി മാതൃകാക്ലാസ്സുകൾ നിരീക്ഷിക്കുക, ചർച്ചയിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുന്ന പതിവുണ്ടായിരുന്നു. പിന്നീട് അതിന്റെ സ്ഥാനത്ത് മറ്റൊരു പരിപാടി പരീക്ഷിക്കപ്പെട്ടു. സ്കൂൾ കോംപ്ലക്സ് എന്നായിരുന്നു ഈ പുതിയ സമാജത്തിന്റെ പേര്. ഒരു പ്രത്യേക പ്രദേശത്തെ ഹൈസ്കൂൾ അല്ലെങ്കിൽ ട്രെയിനിങ് സ്കൂൾ കേന്ദ്രമാക്കി അതതു പ്രദേശത്തെ പ്രാഥമിക വിദ്യാലയങ്ങളുടെ കോംപ്ലക്സ് രൂപവത്കരിച്ച് പ്രവർത്തിക്കുന്നു. നൂതനങ്ങളായ വിദ്യാഭ്യാസ പ്രവണതകളുമായി അധ്യാപകരെ പരിചയപ്പെടുത്തുക, അവരുടെ പ്രശ്നങ്ങൾ ക്ലാസ്സുകളിലൂടെയും ചർച്ചകളിലൂടെയും മറ്റും പരിഹരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിലൂടെ നടത്താം. ഹൈസ്കൂളുകളിലെ അധ്യാപകരുടെ സേവനവും പരീക്ഷണശാലകളുടെ ഉപയോഗവും പ്രാഥമികവിദ്യാലയങ്ങൾക്ക് ലഭ്യമാക്കാം എന്നത് ഈ പദ്ധതിയുടെ ഒരു മേന്മയാണ്.

കോംപ്ലക്സുകൾ നടപ്പിൽ വന്നത് കോഠാരി കമ്മിഷൻ റിപ്പോർട്ടിന്റെ ഫലമായിട്ടാണെങ്കിലും പ്രതീക്ഷക്കനുസൃതമായി അവ പ്രവർത്തിച്ചില്ല. അധ്യാപകർ മുൻകൈയെടുത്തു പ്രവർത്തിക്കുന്നതിന് പകരം അധികൃതനിർദ്ദേശമായിരുന്നു അവയ്ക്ക് പിന്നിലെ പ്രചോദനമെന്നതാകാം കാരണം. 1970-നോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ (ഉദാ. തൃശൂർ, കോഴിക്കോട്) അക്കാദമിക് കൌൺസിലുകൾ എന്ന പേരിൽ അധ്യാപകസമാജങ്ങൾ രൂപവത്കരിക്കുവാൻ ശ്രമങ്ങൾ നടന്നു.

എല്ലാ നിലവാരത്തിലുമുള്ള അധ്യാപകർ, കഴിയുമെങ്കിൽ പ്രത്യേക വിഷയങ്ങളുടെ അടിസ്ഥാനത്തിൽ, സമാജങ്ങൾ സ്വയം രൂപവത്കരിക്കുകയും അക്കാദമീയമായ കാര്യങ്ങളെ മുൻനിർത്തി പ്രവർത്തിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അദ്ധ്യാപക സമാജങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അദ്ധ്യാപക_സമാജങ്ങൾ&oldid=2279941" എന്ന താളിൽനിന്ന് ശേഖരിച്ചത്