അധ്യാപകസംഘടനകൾ
അധ്യാപകരുടെ തൊഴിൽപരമായ കാര്യക്ഷമതയും മാന്യതയും ഉയർത്തുക, അവകാശങ്ങൾ നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തി വ്യാപകമായ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്തിട്ടുള്ള സംഘടനകളെയാണ് അധ്യാപകസംഘടനകൾ എന്നു പറയുന്നു.
ചരിത്രം
തിരുത്തുകപത്തൊൻപതാം നൂറ്റണ്ടിലാണ് അധ്യാപനം ഒരു ജീവിതവൃത്തിയെന്നനിലയിൽ പരക്കെ അംഗീകാരം നേടിത്തുടങ്ങിയത്. അതോടെ അധ്യാപകസംഘടനകളും രൂപംകൊള്ളാൻ തുടങ്ങി. പ്രാരംഭഘട്ടത്തിൽ പ്രാദേശികനിലവാരത്തിലുള്ള ചെറിയ അധ്യാപകസംഘടനകളാണ് രൂപമെടുത്തത്. അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ വിവിധ നിലവാരത്തിൽപെട്ട അധ്യാപകർ പ്രത്യേകം പ്രത്യേകം സംഘടിച്ച് അവയിൽ പ്രവർത്തിക്കുകയായിരുന്നു പതിവ്. വിസ്തൃതമേഖലകൾ ഉൾക്കൊള്ളുന്ന വലിയ സംഘടനകൾ കൂടുതൽ കാര്യക്ഷമവും സുശക്തവുമായിരിക്കും എന്ന ധാരണ ക്രമേണ വളർന്നുവന്നു. അങ്ങനെ പ്രാദേശികതലത്തിലും സംസ്ഥാനതലത്തിലും ഉള്ള വിവിധസംഘടനകൾ സംയോജിപ്പിച്ച് ദേശീയ സംഘടനകൾ സ്ഥാപിക്കപ്പെട്ടു. ചെറിയ സംഘടനകളുടെ വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവരെ (അധ്യാപകർ, പരിശോധനോദ്യോഗസ്ഥന്മാർ, ഭരണകർത്താക്കൾ) ഒരേ സംഘടനയ്ക്കകത്തു കൊണ്ടുവരികയായിരുന്നു ദേശീയ സംഘടനകളുടെ ലക്ഷ്യം. എങ്കിലും ഓരോ രാജ്യത്തിലും ദേശീയനിലവാരത്തിൽ തന്നെ അനേകം സംഘടനകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അവയിൽ ചിലത് അധ്യാപകരിൽ ബഹുഭൂരിപക്ഷത്തിന്റെയും പ്രാതിനിധ്യം നേടി വളർന്നുവന്നിട്ടുണ്ട്.
ക്രമേണ അധ്യാപകസംഘടനകളുടെ അതിരുകൾ വിസ്തൃതമാകുവാൻ തുടങ്ങി. അന്തർദേശീയധാരണ വളർത്തുക, പഠനനിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ടു പ്രവർത്തിക്കുന്ന അനേകം അന്താരാഷ്ട്ര സംഘടനകൾ അങ്ങനെ നിലവിൽവന്നു.
ആദ്യമാദ്യം അക്കാദമീയമായ കാര്യങ്ങൾക്ക് പ്രാമുഖ്യം കല്പിച്ച സംഘടനകൾ പില്ക്കാലത്ത് അധ്യാപകരുടെ വേതനം, പദവി, സൌകര്യങ്ങൾ മുതലായവ വർധിപ്പിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകി. ട്രേഡ് യൂണിയൻ പ്രസ്ഥാനം ശക്തമായതോടുകൂടി അവയുടെ മാതൃകയിൽ അധ്യാപകസംഘടനകളേയും രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുതുടങ്ങി. എന്നാൽ പ്രധാനപ്പെട്ട ദേശീയസംഘടനകളെല്ലാം ഈ പ്രവണതയ്ക്ക് എതിരാണ്.
പ്രസിദ്ധ അധ്യാപക സംഘടനകൾ
തിരുത്തുകനാഷനൽ എഡ്യൂക്കേഷൻ അസോസിയേഷൻ
തിരുത്തുക(N.E.A)
യു.എസ്സിൽ നിലവിലുള്ള അഞ്ഞൂറോളം അധ്യാപകസംഘടനകളിൽ ഏറ്റവും ബൃഹത്തും ശക്തവുമാണ് എൻ.ഇ.എ. 1857-ൽ ചുരുങ്ങിയ തോതിൽ ആരംഭിച്ച ഈ സംഘടനയിൽ ഇപ്പോൾ 2.5 ദശലക്ഷത്തിലേറെ അംഗങ്ങളുണ്ട്. പ്രൈമറിസ്കൂൾ അധ്യാപകർ മുതൽ യൂണിവേഴ്സിറ്റി പ്രൊഫസർമാർവരെ അംഗങ്ങളായ ഈ ബൃഹത്‌സംഘടനയിൽ പരിശോധനോദ്യോഗസ്ഥന്മാർക്കും വിദ്യാലയഭരണകർത്താക്കൾക്കും അംഗത്വമുണ്ട്. പ്രാദേശികതലത്തിലുള്ള വിവിധ വിദ്യാഭ്യാസസംഘടനകളെ ഇതുമായി സംയോജിപ്പിച്ചിരിക്കുന്നു. പ്രാദേശികസംഘടനകൾക്ക് സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ അംഗസംഘടനകളായി പ്രവർത്തിക്കത്തക്കവിധം ജനാധിപത്യപരമാണ് ഇതിന്റെ ഭരണഘടന.[1]
തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ഉൾപ്പെട്ട ഡലിഗേറ്റ് (റപ്രസന്റേറ്റീവ്) അസംബ്ളിയാണ് ഒരാഴ്ച നീണ്ടുനില്ക്കുന്ന വാർഷിക കൺവെൻഷനിൽ വച്ച് സംഘടനയുടെ നയപരിപാടികൾ ചർച്ചചെയ്തു തീരുമാനിക്കുന്നത്. കേന്ദ്ര ആസ്ഥാനം വാഷിങ്ടൺ ആണെങ്കിലും കൺവെൻഷനോടനുബന്ധിച്ച് അതു നടത്തുന്ന നഗരത്തിൽ താത്കാലികമായി ആസ്ഥാനങ്ങൾ സ്ഥാപിക്കുകയാണ് പതിവ്.
ഗവേഷണപ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ചർച്ചകൾ എന്നിവയിലൂടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതോടൊപ്പം അധ്യാപകരുടെ മാന്യതയും അവകാശങ്ങളും ഭദ്രമാക്കുന്നതിന് എൻ.ഇ.എ. യത്നിക്കുന്നു. യു.എസ്സിലെ മറ്റൊരു പ്രമുഖ അധ്യാപക സംഘടനയായ അമേരിക്കൻ ഫെഡറേഷൻ ഒഫ് ടീച്ചേഴ്സുമായി (AFT)[2] സഹകരിച്ച് എൻ.ഇ.എ. നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
നാഷനൽ യൂണിയൻ ഒഫ് ടീച്ചേഴ്സ്
തിരുത്തുക(N.U.T).
ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ അധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന ദേശീയസംഘടനയാണ് എൻ.യു.ടി. വമ്പിച്ച പ്രാതിനിധ്യമുള്ള ഒരു അധ്യാപകസംഘടനയാണ് ഇത്. 1870-ലെ വിദ്യാഭ്യാസ നിയമത്തിന്റെ ഫലമായാണ് ഇങ്ങനെ ഒരു സംഘടനയുടെ ആവശ്യം അധ്യാപകർക്ക് ബോധ്യമായത്. പ്രൈമറി അധ്യാപകർ മുതൽ കോളജു പ്രൊഫസർമാർവരെ ഇതിൽ അംഗങ്ങളാണ്. അഖിലലോക-അധ്യാപകരുടെ ഐക്യമാണ് എൻ.യു.ടി.യുടെ ലക്ഷ്യം.[3]
ട്രേഡ് യൂണിയൻ അടിസ്ഥാനത്തിലുള്ള പ്രവർത്തനത്തെ എൻ.യു.ടി. എതിർക്കുന്നു. എങ്കിലും അക്കാദമീയവും സാമ്പത്തികവുമായ കാര്യങ്ങളിൽ ശക്തമായ നിലപാട് എടുക്കാൻ സംഘടന ശ്രദ്ധിക്കാറുണ്ട്. ഇംഗ്ലണ്ടിലേയും വെയിൽസിലേയും വിദ്യാഭ്യാസരംഗത്ത് എൻ.യു.ടി.യുടെ സ്വാധീനശക്തി കുറച്ചൊന്നുമല്ല. നാഷണൽ അസ്സോസിയേഷൻ ഒഫ് സ്കൂൾ മാസ്റ്റേഴ്സ് യൂണിയൻ ഒഫ് വുമൺ ടീച്ചഴ്സ് (NASUWT)[4] ആണ് യു.കെ.യിലെ ഏറ്റവും വലിയ അധ്യാപക സംഘടന.
എഡ്യൂക്കേഷൻ ഇന്റർനാഷനൽ
തിരുത്തുക(EI).
അന്തർദേശീയധാരണ വളർത്തുക, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ അന്തർദേശീയ രംഗത്ത് പ്രവർത്തിച്ചിരുന്ന വേൾഡ് കോൺഫെഡറേഷൻ ഒഫ് ഓർഗനൈസേഷൻ ഒഫ് ദി ടീച്ചിങ് പ്രൊഫഷൻ (WCOTP),[5] ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് ഫ്രീ ടീച്ചേഴ്സ് യൂണിയൻസ് (IFFTU)[6] എന്നിവയുടെ ലയനത്തിലൂടെ 1993-ൽ രൂപീകൃതമായ സംഘടന. 166 രാജ്യങ്ങളിൽ നിന്നായി 348 സംഘടനകൾ ഇതിലംഗങ്ങളാണ്.[7]
കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ
തിരുത്തുക(CTE).
അധ്യാപകരുടെ അധ്യാപകരും അധ്യാപകവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റുള്ളവരും അംഗങ്ങളായുള്ള ഇന്ത്യൻ ദേശീയ സംഘടന. വിദ്യാഭ്യാസ പരിഷ്കരണം, അധ്യാപക പരിശീലനം എന്നീ മണ്ഡലങ്ങളിലാണ് ഈ സംഘടനയുടെ പ്രവർത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്.[8]
ആൾ ഇന്ത്യാ ഫെഡറേഷൻ ഒഫ് എഡ്യൂക്കേഷണൽ അസോസിയേഷൻസ്
തിരുത്തുകഇന്ത്യയിലെ വിവിധ അധ്യാപക സംഘടനകളെ സംയോജിപ്പിച്ച് രൂപവത്കരിച്ചിട്ടുള്ള ദേശീയസംഘടനയാണിത്. 1925-ൽ കാൺപൂരിൽ നടന്ന ഒരു സമ്മേളനമാണ് ഈ ദേശീയസംഘടനക്ക് അടിസ്ഥാനമിട്ടത്. 1933-ൽ ഇപ്പോഴത്തെ പേര് നല്കപ്പെട്ടു. ലോകത്തിലെ വിവിധ ദേശീയസംഘടനകളുമായും അന്തർദേശീയ സംഘടനകളുമായും ഇത് ബന്ധം പുലർത്തുന്നുണ്ട്.
കേരളത്തിൽ
തിരുത്തുകഒരേ നിലവാരത്തിൽ പ്രവർത്തിക്കുന്ന അധ്യാപകർതന്നെ വിഭന്നങ്ങളായ സംഘടനകൾ രൂപവത്കരിക്കുന്ന പ്രവണതയാണ് കേരളത്തിൽ ഇപ്പോഴും കാണുന്നത്. പൊതു താത്പര്യങ്ങൾക്കുവേണ്ടി സമരം ചെയ്യാൻ ചിലപ്പോഴൊക്കെ യോജിക്കാറുണ്ടെങ്കിലും അവ ഏകനേതൃത്വത്തെ അംഗീകരിച്ചു പ്രവർത്തിക്കുന്നില്ല.
- ദ കേരളാ ഗവ. പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ
- ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ
- കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ
- ദ കേരളാ ഗവ. ടീച്ചേഴ്സ് ഫെഡറേഷൻ
- ആൾ കേരളാ ഗവ. ഓറിയന്റൽ ലാംഗ്വേജ് ടീച്ചേഴ്സ് അസോസിയേഷൻ
- കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ
- കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
- അറബിക് ടീച്ചേഴ്സ് അസോസിയേഷൻ
- ദ കേരളാ പ്രൈവറ്റ് സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ
- ഗവൺമെന്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
- ആൾ കേരളാ പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ
- പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് ഫെഡറേഷൻ
- ആൾ കേരളാ ഗവ. കോളജ് ടീച്ചേഴ്സ് അസോസിയേഷൻ
- ഗവ. കോളജ് ടീച്ചേഴ്സ് യൂണിയൻ
എന്നിവയാണ് കേരളത്തിലെ പ്രധാന അധ്യാപക സംഘടനകൾ. എല്ലാത്തരത്തിലുള്ള അധ്യാപകരുടേയും പൊതുതാത്പര്യങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു അധ്യാപകസംഘടന കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ ഇന്നില്ല.
അവലംബം
തിരുത്തുക- ↑ "NEA - Our History". Archived from the original on 2011-08-24. Retrieved 2011-06-14.
- ↑ AFT + Member Benefits
- ↑ "Contact Us | NUT : National Union of Teachers - The largest fully". Archived from the original on 2011-05-13. Retrieved 2011-06-14.
- ↑ NASUWT slams searching students' cells[പ്രവർത്തിക്കാത്ത കണ്ണി]
- ↑ W.C.O.T.P
- ↑ International Federation of Free Teachers' Unions (IFFTU)[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Welcome to Down Syndrome Education International". Archived from the original on 2011-06-10. Retrieved 2011-06-14.
- ↑ National Council of Teacher Education | NCTE ... - India Education
പുറംകണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധ്യാപകസംഘടനകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |