ശിലാംശങ്ങളുടെ നിക്ഷേപണത്തിലൂടെ ഏതെങ്കിലുമൊരു സ്ഥലത്തിന്റെ നിരപ്പുയരുന്ന പ്രക്രിയയെ അധിവർധനം എന്നു പറയുന്നു. ഭൂരൂപപ്രക്രമങ്ങളിൽ (geomorphic process) ഒന്നാണിത്.

അധിവർധനം

അപരദനത്തിന്റെ ഭാഗമായി ശിലാംശങ്ങളെ വഹിച്ചു നീക്കുന്ന വെള്ളം, വായു, ഹിമാനി, ഭൂജലം എന്നീ പ്രകൃതിശക്തികൾ ശിലാംശങ്ങളെ അവിടവിടെയായി നിക്ഷേപിക്കുന്നു. നിക്ഷേപണസ്ഥലങ്ങളിൽ ഏറിയോ കുറഞ്ഞോ നിലനിരപ്പുയരുക സ്വാഭാവികമാണ്. ഈ പ്രക്രിയയാണ് അധിവർധനം. സാധാരണയായി ഒഴുക്കുവെള്ളത്തിന്റെ ഫലമായുണ്ടാകുന്ന ഇത്തരം പ്രതലവ്യതിയാനത്തെ സൂചിപ്പിക്കാനാണ് ഈ പദം പ്രയോഗിക്കുന്നത്. ഒരു നദിയുടെ അവസാദ വഹനക്ഷമത അതിലെ പ്രവാഹ വേഗത്തിന് ആനുപാതികമാണ്. ഒഴുക്കിന്റെ ശക്തി ഭൂതലത്തിന്റെ ചായ്‌വിനേയും ഭൂഗുരുത്വത്തേയും ആശ്രയിച്ചിരിക്കുന്നു. നിരപ്പായ പ്രദേശങ്ങളിൽ എത്തുമ്പോൾ വഹിച്ചുകൊണ്ടുവരുന്ന ശിലാംശങ്ങളെ നിക്ഷേപിക്കാൻ നദി നിർബന്ധിതമാകും. ഇതുമൂലം നദീതടങ്ങളിലെ നിരപ്പ് ക്രമേണ ഉയരുന്നു. നദിയിലെ ജലത്തിന്റെ അളവ്, തട(basin)ങ്ങളിലെ ഭൂപ്രകൃതി, ഒഴുകിവരുന്ന പ്രദേശങ്ങളിലെ ശിലകളുടെ സ്വഭാവം എന്നിവ അധിവർധനത്തെ സ്വാധീനിക്കുന്നു.

സാധാരണയായിനിക്ഷേപണം ആരംഭിക്കുന്നതു വാഹകശക്തികൾ ക്ഷയിക്കുമ്പോഴാണ്. എന്നാൽ ഭൂജലത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. സമ്മർദ-താപനിലകളിലുള്ള വ്യതിയാനമോ അടിയലിനെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മജീവികളുടെ പ്രവർത്തനമോ മൂലമാണ് ഭൂജലത്താലുള്ള നിക്ഷേപണമുണ്ടാവുന്നത്.

ഹിമാനീകൃത സ്ഥലങ്ങളിലെ (glaciated topography) എസ്കർ (esker), ഡ്രംലിൻ (drumlin), മൊറെയ്ൻ (moraine) തുടങ്ങിയവയും വായുനിക്ഷേപങ്ങളായ മണൽക്കൂന (sand dune)കളും അധിവർധനഫലമായുണ്ടാകുന്ന ഭൂരൂപങ്ങളാണ്. അധിവർധനത്തിന് എതിരായുള്ള പ്രക്രിയയാണ് നിമ്നീകരണം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധിവർധനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധിവർധനം&oldid=1699223" എന്ന താളിൽനിന്ന് ശേഖരിച്ചത്