അധിവിതലശില
ഒരിനം ആഗ്നേയശിലയെ അധിവിതലശില എന്നു പറയുന്നു. ഭൂവല്കത്തിനിടയിലുള്ള മാഗ്മ സമ്മർദം കുറഞ്ഞ ഭാഗങ്ങളിൽ വിള്ളലുകളും വിടവുകളും സൃഷ്ടിച്ചു തള്ളിക്കയറുന്നു. ഇത്തരത്തിലുള്ള അന്തർവേധനം (intrusion) ചെറിയ തോതിലാകുമ്പോൾ, മാഗ്മ ഭൂവല്ക ശിലാപടലങ്ങൾക്കിടയിൽ തന്നെ ഘനീഭവിച്ചുണ്ടാകുന്ന ആഗ്നേയശിലകളാണ് അധിവിതലശിലകൾ (Hypabyssal rocks). ഭൂവല്കത്തിന്റെ ഏതാണ്ട് മധ്യത്തായി രൂപംകൊള്ളുന്ന ഇവ വളരെ ആഴത്തിലുണ്ടാകുന്ന പാതാളശില(Plutonic rock)കളിൽനിന്നും സംരചനയിലും സ്വഭാവത്തിലും വ്യത്യസ്തങ്ങളാണ്. സാധാരണയായി സിൽ (sell), ഡൈക്ക് (dyke), ലാക്കോലിഥ് (laccolith) എന്നീ രൂപങ്ങളിൽ ഇവ കാണപ്പെടുന്നു.
ഫെൽസൈറ്റ്, ഡോളറൈറ്റ്, ഗ്രാനോഫെയർ, ലാബ്രോഫെയർ, അപ്ലൈറ്റ്, ടിങ്കുവെയ്റ്റ് എന്നീയിനം ശിലകളാണ് അധികമായി കണ്ടുവരുന്നത്. ക്വാർട്ട്സ്, ഫെൽസ്പാർ തുടങ്ങിയ ധാതുക്കളുടെ ഒറ്റപ്പെട്ട ലക്ഷ്യക്രിസ്റ്റലുകൾ (Phenocrysts) അധിവിതലശിലകളുടെ സവിശേഷതയാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധിവിതലശില എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |