മറ്റു രാഗങ്ങളുടെ കലർപ്പുള്ളതും ഠായം, പ്രബന്ധം മുതലായ ഗാനരൂപങ്ങൾ ആവിഷ്കരിക്കാൻ പറ്റാത്തതുമായ രാഗങ്ങളെ അധമരാഗങ്ങളെന്ന് രാമാവാര്യൻ എന്ന സംഗീത ശാസ്ത്രജ്ഞൻ നിർവചിക്കുന്നു. ഇദ്ദേഹത്തിന്റെ പ്രസിദ്ധ സംഗീതശാസ്ത്ര ഗ്രന്ഥമായ സ്വരമേളകലാനിധി എന്ന കൃതി(1150 എ.ഡി.)യിൽ രാഗങ്ങളെ ഉത്തമം, മധ്യമം, അധമം എന്നു മൂന്നായി തരംതിരിച്ചിരിക്കുന്നു. മറ്റു രാഗങ്ങളുടെ കലർപ്പില്ലാത്തതും ആലാപനത്തിന് ഉതകുന്നതും ഗാനരൂപങ്ങൾ ചമയ്ക്കുന്നതിന് പറ്റിയതുമായ രാഗങ്ങളെ ഉത്തമരാഗങ്ങളെന്നും അല്ലാത്തവയെ അധമരാഗങ്ങൾ എന്നും വേർതിരിച്ചിട്ടുണ്ട്. മധ്യമരാഗങ്ങളുടെ സ്വഭാവം വ്യക്തമാക്കപ്പെട്ടിട്ടില്ല. മുപ്പത്തിമൂന്ന് അധമരാഗങ്ങളിൽ ശങ്കരാഭരണം, തുന്ദ്രഷ്കതോടി (തോഡി), ദേവഗാന്ധാരി മുതലായവയെ ഉൾപ്പെടുത്തിക്കാണുന്നു. 14-ആം ശതകത്തിൽ തന്നെ ഒരു മേളരാഗമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്ന ശങ്കരാഭരണത്തെ ഇങ്ങനെ അധമരാഗത്തിന്റെ പട്ടികയിൽപെടുത്തിയതിനെപ്പറ്റി ഭിന്നാഭിപ്രായമുണ്ട്. ഏതായാലും ഈ രാഗവിഭജനക്രമം ഇപ്പോൾ നിലവിലില്ല.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധമരാഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധമരാഗം&oldid=969361" എന്ന താളിൽനിന്ന് ശേഖരിച്ചത്