ദക്ഷിണേന്ത്യയിലെ പ്രസിദ്ധനായ ഒരു അദ്വൈതാചാര്യനായിരുന്നു ‍അദ്വൈതാനന്ദൻ (1149 - 1199) . ശങ്കരാചാര്യരുടെ ശാരീരകഭാഷ്യത്തിന്റെ വ്യാഖ്യാനമായ ബ്രഹ്മവിദ്യാഭരണത്തിന്റെ കർത്താവാണ് ഇദ്ദേഹം. ശാന്തിവിവരണം, ഗുരുപ്രദീപം എന്നീ കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രസിദ്ധം ബ്രഹ്മവിദ്യാഭരണം ആണ്. രാമതീർഥൻ, പ്രകാശാനന്ദൻ എന്നിവർ അദ്വൈതാനന്ദന്റെ ശിഷ്യന്മാരായിരുന്നു.

കാവേരി നദീതീരത്തുള്ള പഞ്ചനദം എന്ന സ്ഥലത്ത് കൌണ്ഡിന്യഗോത്രക്കാരനായ പ്രമനാഥമഖിയുടെയും പാർവതിയുടെയും പുത്രനായി 1149-ൽ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് സീതാപതി എന്നായിരുന്നു. 17-ആം വയസ്സിൽ ബ്രഹ്മചര്യം അവസാനിച്ചതിനെത്തുടർന്നു സന്ന്യാസം സ്വീകരിച്ചു. അന്നുമുതൽ അദ്വൈതാനന്ദൻ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ന്യായം, മീമാംസ എന്നിവയിൽ പ്രാവീണ്യം നേടി. ശ്രീ കാഞ്ചിശാരദാ മഠാധിപതി ഭൂമാനന്ദൻ ഇദ്ദേഹത്തെ തന്റെ പിൻഗാമിയാക്കി. 34 വർഷം മഠാധിപതിയായി ഇദ്ദേഹം തുടർന്നു. രാമാനന്ദസരസ്വതിയിൽ നിന്ന് ശാരീരികസൂത്രഭാഷ്യം പഠിച്ചശേഷം ദേശാടനത്തിനിറങ്ങുകയും ശങ്കരമതം പ്രചരിപ്പിക്കുകയും ചെയ്തു. 50-ആം വയസ്സിൽ ചിദംബരത്തുവച്ച് ഇദ്ദേഹം സമാധിയടഞ്ഞു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അദ്വൈതാനന്ദൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അദ്വൈതാനന്ദൻ&oldid=2176984" എന്ന താളിൽനിന്ന് ശേഖരിച്ചത്