അത്ലാന്താ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗ്രീക് പുരാണപ്രസിദ്ധമായ ഒരു ആർക്കേഡിയൻദേവിയാണ് അത്ലാന്താ. ഓട്ടത്തിലും വേട്ടയിലും മല്പിടുത്തത്തിലും അവർ അദ്വിതീയയായിരുന്നു. അവരുടെ പിതാവ് (ഇയാസസ്) ഒരു പുത്രനുണ്ടാകാൻ ആഗ്രഹിച്ചുകൊണ്ടിരിക്കെയാണ് അവർ ജനിച്ചത്. ജനിച്ച ഉടനെ അവരെ പാർത്തീനിയസ് പർവതത്തിൽ ഉപേക്ഷിച്ചു. ഒരു പെൺകരടി അവർക്കു മുലകൊടുത്തു; വേട്ടക്കാർ അവരെ എടുത്തു വളർത്തി; വേട്ടക്കാരുടെ പരുക്കൻ ജീവിതം അവർ ശീലിച്ചു. പ്രായമായിട്ടും അത്ലാന്താ കാനനങ്ങളിൽ ഏകാന്തജീവിതം നയിച്ചു. നായാട്ടിലായിരുന്നു അവർക്കു താത്പര്യം. വിവാഹത്തെപ്പറ്റി അവജ്ഞാപൂർവം ചിന്തിക്കാനേ അവർക്കു കഴിഞ്ഞുള്ളു. തന്നെ മാനഭംഗം ചെയ്യാൻ ശ്രമിച്ച സെന്റോട്സിനെയും റേകാസിനെയും ഹൈലയൂസിനെയും അത്ലാന്താ വധിച്ചു. ഏത്തോളിയയിലെ വിളവുകൾ നശിപ്പിക്കാൻ ആർത്തെമിസ് അയച്ച ഭീകരനായ കാട്ടുപന്നിയെ ഹിംസിക്കുന്നതിൽ മെലീഗറെ സഹായിച്ചു. പെലിയാസിന്റെ ബഹുമാനാർഥം നടത്തപ്പെട്ട കായികാഭ്യാസപ്രദർശനത്തിൽ അയാളെ പരാജയപ്പെടുത്തി.
ഒടുവിൽ അത്ലാന്താ തന്റെ മകളാണെന്ന് ഇയാസസിനു മനസ്സിലായി. അവരെ വിവാഹം ചെയ്തുകൊടുക്കാൻ അയാൾ തീരുമാനിച്ചു. ഓട്ടപ്പന്തയത്തിൽ തന്നെ ജയിക്കുന്നയാളെ വിവാഹം കഴിക്കാമെന്നും തന്നോടു തോൽക്കുന്നവരെ വധിക്കുമെന്നും അവർ പ്രഖ്യാപിച്ചു. അനേകം കാമുകന്മാർ മത്സരിച്ചു പരാജയപ്പെട്ട് ജീവൻ വെടിഞ്ഞു. ഒടുവിൽ മെലാനിയയിലെ ഹിപ്പൊമെനിസ് ഒരു തന്ത്രം പ്രയോഗിച്ചു. അഫ്രൊഡൈറ്റു കൊടുത്ത മൂന്നു ആപ്പിൾപ്പഴങ്ങൾ ഓട്ടമത്സരത്തിനിടയിൽ ഒന്നൊന്നായി അയാൾ നിലത്തിട്ടു. പഴങ്ങളുടെ ഭംഗികണ്ട് അവ പെറുക്കിയെടുക്കാൻ താമസിച്ച അത്ലാന്താ ഓട്ടത്തിൽ തോറ്റു. അങ്ങനെ അവർ വിവാഹിതരായി. ഈ ദമ്പതികൾ പിൽക്കാലം സിയൂസിന്റെ ക്ഷേത്രം അശുദ്ധമാക്കുകയാൽ അഫ്രൊഡൈറ്റ് ഇവരെ ശപിച്ചു സിംഹങ്ങളാക്കി.
അത്ലാന്തയും മെലീഗറും കൂടി നടത്തിയ കാട്ടുപന്നിവേട്ടയെ ആസ്പദമാക്കി സ്വിൻബേൺ 1865-ൽ അത്ലാന്താ ഇൻ കാലിഡോൺ (Atlanta in Calidon) എന്നൊരു ദുരന്തകാവ്യം എഴുതിയിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അത്ലാന്താ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |