അതീന്ദ്രിയവാദം
പ്രപഞ്ചവസ്തുക്കൾക്ക് ഉപരിയായി അവയിൽനിന്നെല്ലാം വിഭിന്നമായി നിലകൊള്ളുന്ന ഒരു പരമോന്നതസത്യം ഉണ്ടെന്നും അതു ചിന്തയ്ക്കും അവധാരണയ്ക്കും അതീതവും അജ്ഞേയവുമാണെന്നും ഉള്ള വാദമാണ് അതീന്ദ്രിയവാദം. അന്തഃപ്രജ്ഞ (intuition)[1] വഴി മാത്രമേ അതിനെക്കുറിച്ച് തിരിച്ചറിയാൻ കഴിയൂ എന്നു വിശ്വസിക്കപ്പെടുന്നു.
സാധാരണവും അതിനേക്കാൾ ഉൽക്കൃഷ്ടവുമായ രണ്ടു പ്രതിഭാസങ്ങൾ തമ്മിലുള്ള ബന്ധത്തെയാണ് അതീന്ദ്രീയത (transcendence)[2] എന്ന സംപ്രത്യയം കൊണ്ട് ചില തത്ത്വദർശനങ്ങളിലും ദൈവശാസ്ത്രത്തിലും അർഥമാക്കുന്നത്. പ്രപഞ്ചവും ഈശ്വരനും, അറിയപ്പെടുന്ന വസ്തുവും ജ്ഞാനിയും തമ്മിലുള്ള ബന്ധത്തെ ഇതിന് ദൃഷ്ടാന്തമായി പറയുന്നു. ഈ പ്രതിഭാസങ്ങൾ തമ്മിലുള്ള അന്തരത്തെയും അവ നികത്താനുള്ള മാർഗ്ഗത്തെയുംപറ്റി ചില നിർദ്ദേശങ്ങൾ ദാർശനികന്മാരും ദൈവശാസ്ത്രജ്ഞന്മാരും നൽകുന്നു.
പരമോന്നതസത്ത
തിരുത്തുകഅതീന്ദ്രിയവാദം ലക്ഷ്യമാക്കുന്ന പരമോന്നതസത്തയെ സാധാരണ ജ്ഞാനസമ്പാദനോപാധികളാൽ അറിയുവാൻ സാധ്യമല്ല. അതു സത്യത്തിന്റെ സത്യമാണ്; അനുഭവജ്ഞാനത്തിന്റെ സാധ്യതയ്ക്ക് അതീതമായി നിലകൊള്ളുന്ന ഒരു പരമസാക്ഷാത്കാരമാണ്. അറിയുക എന്നതു അതായിത്തീരുക എന്നാണ്, അതീന്ദ്രിയവാദത്തിന്റെ ജ്ഞാനമീമാംസയുടെ (Epistemology) സാരം.[3] ആത്മാവിന്റെ ആത്മാവ് എന്നോ പ്രാണന്റെ പ്രാണൻ എന്നോ ഉള്ള നിലയിൽ ഓരോരുത്തരുടേയും ഹൃദയത്തിൽ കുടികൊള്ളുന്ന ഇന്ദ്രിയപ്രത്യക്ഷമല്ലാത്ത ഈ സത്ത എല്ലാറ്റിനേയും നിലനിർത്തി വരുന്നു എന്നതാണ് അതീന്ദ്രിയവാദത്തിന്റെ സത്താമീമാംസ (Ontology).[4] സമ്പൂർണതയുടെ അന്തർധാരയും ഉച്ചകോടിയുമായ ഇതു പല സത്താപരമ്പരകളുടേയും മകുടമായി സ്ഥിതിചെയ്യുന്നു. ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് കടക്കാൻ പടിപടിയായി പണിതിരിക്കുന്ന ഒരു സോപാനശ്രേണിയുടെ അഗ്രപദത്തിലാണ് അതീന്ദ്രിയത്വത്തിന്റെ സ്ഥാനം. ഉദാ. പ്ലേറ്റോയുടെ ആശയങ്ങൾ (ideas) പൂർണതയുടെ പ്രതിരൂപങ്ങളിലേക്കുള്ള അപൂർണാനുകരണങ്ങൾ മാത്രമായ ദൃശ്യപ്രപഞ്ചത്തിന് (world of appearance)[5] അതീതമായി നിലകൊള്ളുന്നു. അതീന്ദ്രിയവാദത്തിന്റെ പ്രപഞ്ചോദ്ഭവന്യായം (Cosmology) ഇതാകുന്നു.[6]
ഉപനിഷത്തുകളിൽ
തിരുത്തുകസ്ഥലകാലങ്ങൾക്കതീതമായി ഒരു കേവല സത്യം ഉണ്ടോ? ഉണ്ടെങ്കിൽ അത് എന്താണ്? എന്തുകൊണ്ട് അത് മറ്റുള്ളവയെ അതിലംഘിക്കുന്നു? അതിനെ എങ്ങനെ സാക്ഷാത്കരിക്കാം? ഇവയെല്ലാമാണ് അതീന്ദ്രിയവാദം കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ. ഇതുതന്നെയാണ് ഉപനിഷത്തുകളുടെ രത്നച്ചുരുക്കവും. അപൂർണങ്ങളും അപര്യാപ്തങ്ങളുമായ പ്രപഞ്ചവസ്തുക്കൾക്ക് അടിസ്ഥാനമായി മറഞ്ഞുകിടക്കുന്ന സമ്പൂർണതയെക്കുറിച്ചുള്ള അന്വേഷണമാണ് ഉപനിഷത്തുകൾ നടത്തുന്നത്. നാനാത്വത്തിലുള്ള ഏകത്വത്തിനെ കണ്ടെത്തുകയാണ് ഉപനിഷത്തുകളുടെ ലക്ഷ്യം. പരിവർത്തനവിധേയമല്ലാത്ത ഇത് എല്ലാ പരിവർത്തനങ്ങളുടെയും അടിസ്ഥാനമാണ്. ബ്രഹ്മസത്തയാകുന്ന ബ്രഹ്മാണ്ഡബീജത്തെപ്പറ്റിയും ആത്മാവിന്റെ കേന്ദ്രത്തെപ്പറ്റിയും ഇത് അന്വേഷണം നടത്തുന്നു. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള അനിവാര്യബന്ധത്തെ മനസ്സിലാക്കുകയാണ് അതീന്ദ്രിയത്തിന്റെ ലക്ഷ്യം. യാഥാർഥ്യം ഭൌതികമോ മാനസികമോ അല്ല, പ്രത്യുത ആത്മീയമാണെന്ന് ഉപനിഷത്തുകൾ പഠിപ്പിക്കുന്നു. ഈ ആത്മീയ യാഥാർഥ്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് അതീന്ദ്രിയാന്വേഷണം. അതീന്ദ്രിയ യാഥാർഥ്യത്തിൽ നിന്ന് വിഭിന്നമായ യാഥാർഥ്യം ഇല്ലെന്ന് അതീന്ദ്രിയവാദം സിദ്ധാന്തിക്കുന്നു. ഈ അതീന്ദ്രിയജ്ഞാനം ഉണ്ടാക്കുക അല്ലെങ്കിൽ ഈ പരമയാഥാർഥ്യത്തെ കണ്ടെത്തുക എന്നതാണ് ഉപനിഷത് സിദ്ധാന്തങ്ങളുടെ ലക്ഷ്യം.
വൈദികവും അവൈദികവുമായ ഭാരതീയ ചിന്തകളുടെ സംപൂർത്തിയാണ് വേദാന്തം എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അടിസ്ഥാനപരമായി, ഉപനിഷത്തുകൾ വേദാന്തമാണ്. ഉപനിഷത്തുകൾക്കു ശേഷം ഉണ്ടായ ഭാരതീയദർശനങ്ങളെ ഉപനിഷത്തുകൾ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് അതീന്ദ്രിയം ഭാരതീയ ദർശനങ്ങളിലെ ഒരു ചർച്ചാവിഷയമായിരുന്നു. ഇതിനെ ആധാരമാക്കി ദ്വൈതവാദം, അനേകത്വവാദം, നിർവികല്പ-അദ്വൈതവാദം എന്നീ സിദ്ധാന്തങ്ങളും ആവിഷ്കരിക്കപ്പെട്ടു. ബൌദ്ധ-ജൈനദർശനങ്ങളും ഈ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഇന്ദ്രിയാനുഭവ വസ്തുതകളെ സ്ഥിരീകരിക്കുമ്പോൾ അതീന്ദ്രിയം അതിന്റെ സാക്ഷാത്കരണമായിത്തീരുന്നു. അതിനെ നിഷേധിക്കുമ്പോഴാകട്ടെ അതീന്ദ്രിയത്വം ഏകസത്യമായി അംഗീകരിക്കപ്പെടുന്നു. സഗുണബ്രഹ്മത്തെ അടിസ്ഥാനമാക്കിയുള്ളതും ഭക്തിഭാവത്തിന് പ്രാധാന്യം കൊടുക്കുന്നതുമായ രാമാനുജ-മാധ്വാചാര്യന്മാരുടെ ആസ്തിക്യവാദം ആദ്യത്തെതിനും, ജ്ഞാനത്തിനു പ്രാധാന്യം കൊടുക്കുന്ന ശങ്കരാദ്വൈതം രണ്ടാമത്തേതിനും ഉദാഹരണങ്ങളാണ്. ചാർവാകദർശനം ഒഴിച്ച് മറ്റെല്ലാ ദർശനങ്ങളും അതീന്ദ്രിയത്തെ അംഗീകരിക്കുന്നു.
പാശ്ചാത്യ-പൌരസ്ത്യ ദർശനങ്ങളിൽ അതീന്ദ്രിയത്തിന്റെ പരമകാഷ്ഠയായ ഈശ്വരൻ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നേതിനേതി എന്ന ശബ്ദത്താൽ വിവക്ഷിതമായിരിക്കുന്ന നിഷേധാത്മകസമീപനത്തിൽക്കൂടി മാത്രമേ ഈശ്വരനെ അറിയാൻ കഴിയൂ എന്ന് ചിലർ കരുതുന്നു. ചില ഉപമകൾ വഴിയും അതീന്ദ്രിയാധിഷ്ഠിതമായ കാര്യകാരണങ്ങൾ വഴിയും ഈശ്വരനെ അറിയാൻ സാധിക്കുമെന്ന് നൈയായികന്മാർ അഭിപ്രായപ്പെടുന്നു. സുശിക്ഷിതമായ അന്തർദർശനം വഴി ഈശ്വരനെ അറിയാൻ കഴിയുമെന്ന് യോഗസിദ്ധാന്തം വാദിക്കുന്നു. മനുഷ്യന്റെ ബോധമണ്ഡലത്തിന്റെ പ്രതിഫലനങ്ങൾ ഈശ്വരാസ്തിത്വത്തിന്റെ തെളിവായി അസ്തിത്വവാദികൾ (Existentialists) കണക്കാക്കുന്നു.[7]
ആധുനികദർശനത്തിൽ അതീന്ദ്രിയം എന്ന പദത്തിന് ശരിയായ നിർവചനം നല്കി ഉപയോഗിച്ചത് പാശ്ചാത്യദാർശനികനായ ഇമ്മാനുവൽ കാന്റ് (1724-1804) ആണ്. വേദാന്തത്തോട് ഏതാണ്ട് സാദൃശ്യമുള്ളതാണ് കാന്റിന്റെ അതീന്ദ്രിയദർശനം. വ്യാവഹാരികപാരമാർഥികസത്യങ്ങൾ തമ്മിലുള്ള അന്തരത്തെ ഇത് അനുസ്മരിപ്പിക്കുന്നു. സാർവത്രികവും അനിവാര്യവും ആയ തത്ത്വങ്ങളെ സ്ഥിരീകരിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് കാന്റ് അതീന്ദ്രിയവാദത്തിലെത്തിച്ചേർന്നത്. അദ്ദേഹത്തിന്റെ ജ്ഞാനസിദ്ധാന്തം മൂന്നു വസ്തുതകൾ അംഗീകരിച്ചിട്ടുണ്ട്:
- ഉപസ്ഥിതി (appearance)
- ഉപസ്ഥിതിക്ക് പിന്നിലുള്ള പ്രാതിഭാസികവസ്തു (phenomenal object)[8]
- അനുഭവമണ്ഡലത്തിനതീതമായി സ്ഥിതിചെയ്യുന്ന പരമാർഥസത്ത (noumenon).[9]
കാന്റിനുശേഷം ജർമൻ ദർശനത്തിൽ അതീന്ദ്രിയവാദം ഒരുതരം ജ്ഞാനമീമാംസീയാശയവാദത്തിൽ (epistemological idealism) [10]എത്തിച്ചേർന്നു. ഫിക്ടെ, ഷെല്ലിങ് തുടങ്ങിയവർ പാരമാർഥികസത്യത്തിന്റെ അടിസ്ഥാനം 'മനസ്സ്', 'അഹം', 'കേവലാത്മാവ്' തുടങ്ങിയവയാണെന്ന് വാദിച്ചു. ലോക്കിന്റെ അനുഭവജ്ഞാനവാദത്തിന് കടകവിരുദ്ധമാണ് ഇത്. പ്രകൃതി (Nature), അധ്യാത്മാവ് (oversoul) എന്നീ ഉപന്യാസങ്ങളിൽ റാൽഫ് വാൽഡോ എമേഴ്സൺ (1803-82) അതീന്ദ്രിയവാദം ഉപയോഗിച്ചിട്ടുണ്ട്. പൌരസ്ത്യ ദർശനനിർവിശേഷമായ ഒരു പ്രവണതയായിരുന്നു ഇത്.
യു.എസ്സ്‌ലെ ചില ആദർശവാദികളും സാഹിത്യചിന്തകന്മാരും ചേർന്നു 1936-ൽ ബോസ്റ്റണിൽ ട്രാൻസെൻഡെന്റൽ ക്ളബ്ബ് (Transcendental Club) സ്ഥാപിച്ചു. ഡയൽ (Dial) എന്ന പേരിൽ 1840 മുതൽ നാലു വർഷത്തേക്കു ഒരു മാസികയും ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. റാൽഫ് വാഡോ എമേഴ്സൺ (1804-82), ജോർജ് റിപ്ളി (1802-80), മാർഗററ്റ് ഫുള്ളർ (1810-50), ഹെന്റി ഡേവിഡ്തോറോ (1817-62) തുടങ്ങിയവർ ഈ പ്രസ്ഥാനത്തിന്റെ മാർഗദർശകരായിരുന്നു. മതവിശ്വാസ സ്വാതന്ത്യ്രം, വിദ്യാഭ്യാസപരിഷ്കരണം, സ്ത്രീസ്വാതന്ത്ര്യം, അടിമത്തം, സാഹിത്യത്തിലെ റൊമാന്റിസിസം എന്നിവയെല്ലാം ഈ പ്രസ്ഥാനത്തിന്റെ ചർച്ചയ്ക്കും പ്രവർത്തനത്തിനും വിഷയീഭവിച്ചിട്ടുണ്ട്.
അടുത്ത കാലങ്ങളിൽ അതീന്ദ്രിയവാദത്തിന്റെ നേരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സിദ്ധാന്തം ബാലിശവും നിഷ്പ്രയോജനവും ആണെന്നുവരെ ചിലർ അഭിപ്രായപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ അന്തഃപ്രജ്ഞ (intuition)
- ↑ അതീന്ദ്രീയത (transcendence)
- ↑ ജ്ഞാനമീമാംസ (Epistemology)
- ↑ സത്താമീമാംസ (Ontology)
- ↑ ദൃശ്യപ്രപഞ്ചത്തിന് (world of appearance)
- ↑ "പ്രപഞ്ചോദ്ഭവന്യായം (Cosmology)". Archived from the original on 2011-05-14. Retrieved 2011-05-15.
- ↑ അസ്തിത്വവാദികൾ (Existentialists)
- ↑ പ്രാതിഭാസികവസ്തു (phenomenal object)
- ↑ പരമാർഥസത്ത (noumenon)
- ↑ "ജ്ഞാനമീമാംസീയാശയവാദം (epistemological idealism)". Archived from the original on 2016-03-05. Retrieved 2011-05-15.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അതീന്ദ്രിയവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |