അതിസ്വാര്യ
സാമസപ്തകത്തിന്റെ ഏറ്റവും ഒടുവിലത്തെ സ്വരമാണ് അതിസ്വാര്യ. ക്രുഷ്ട, പ്രഥമ, ദ്വിതീയ, തൃതീയ, ചതുർഥ, മന്ദ്ര, അതിസ്വാര്യ എന്നിവയാണ് സാമസപ്തകസ്വരങ്ങൾ.
ഉദാത്തം, അനുദാത്തം, സ്വരിതം എന്നീ മൂന്നു സ്വരങ്ങളായിരുന്നു വേദപാരായണത്തിന് ആദികാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഉദാത്തമെന്നാൽ ഉച്ചസ്വരമെന്നും അനുദാത്തമെന്നാൽ അതിന്റെ താഴെയുള്ള സ്വരമെന്നും സ്വരിതമെന്നാൽ സ്ഥായീസ്വരമെന്നും വിവക്ഷിക്കപ്പെട്ടിരിക്കുന്നു. വേദപാരായണത്തിന്റെ ഗാനാത്മകത ക്രമമായി വളർന്നുകൊണ്ടിരുന്നു. സാമഗാനാലാപത്തിന്റെ ഘട്ടമായതോടെ പ്രായേണ സാമസപ്തകം ആവിർഭവിച്ചു. തുല്യാന്തരമുള്ള സ്വരങ്ങൾ അവരോഹണ ക്രമത്തിൽ അടുക്കിയതാണ് സാമസപ്തകം. ഈ സ്വരങ്ങൾ ക്രമത്തിന് മധ്യമം, ഗാന്ധാരം, രിഷഭം, ഷഡ്ജം, നിഷാദം, ധൈവതം, പഞ്ചമം ഇവയാണ്. (ഷഡ്ജം, രിഷഭം തുടങ്ങിയ പേരുകൾ വളരെ പിന്നീടു മാത്രമേ ആവിർഭവിച്ചിട്ടുള്ളൂ.)
സാമസപ്തകമാണ് ഭാരതീയ സംഗീതത്തിന് ബീജാവാപം ചെയ്തത്. ഷഡ്ജഗ്രാമത്തിന്റെ ഉദ്ഭവം ഇതിൽ നിന്നാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അതിസ്വാര്യ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |