ഒന്നിനു മുകളിലൊന്നായി ക്രമീകൃതമായിട്ടുള്ള ശിലാസ്തരങ്ങളിൽ ഏതെങ്കിലുമൊന്നോ, പലതുമോ തൊട്ടുതാഴെയുള്ള അടരിനെക്കാൾ വ്യാപിച്ചുകാണുന്ന ഘടനയ്ക്ക് ഭൂവിജ്ഞാനീയത്തിലുള്ള പേരാണ് അതിവ്യാപനം. ഒരു പ്രത്യേക ഭൂഭാഗം അവതലന(subsidence)[1]ത്തിനു വിധേയമായി ക്രമേണ താഴുകയും, തൻമൂലം അവസാദങ്ങൾ കൂടുതൽ സ്ഥലത്ത് അടിഞ്ഞും ഉറച്ചും അവസാദശിലാ ശേഖരങ്ങളായിത്തീരുകയും ചെയ്താൽ അവിടെ അതിവ്യാപനം ദൃശ്യമാകാം. അതിവ്യാപനത്തെ ഇത്തരം ഭൂഭാഗങ്ങളുടെ സൂചകമായി കരുതിവരുന്നു.

ശിലാപ്രസ്തര(Rock bed)[2]ങ്ങളിൽ അടിയിലായിക്കാണുന്ന അടരുകൾ താരതമ്യേന പ്രായക്കൂടുതലുള്ളതായിരിക്കും. ഈ സ്തരങ്ങൾ സമവിന്യസ്തമോ (conformable),[3] വിഷമവിന്യസ്തമോ (unconformable)[4] ആകാം. സമവിന്യസ്തമായ ശിലാശേഖരങ്ങളിലാണ് അതിവ്യാപനം സാധാരണ കണ്ടുവരുന്നത്. ഭൂഭ്രംശ(Fault)ങ്ങളോടനുബന്ധിച്ച് ശിലാസ്തരങ്ങൾക്ക് തിരശ്ചീനദിശയിലുണ്ടാകുന്ന സഞ്ചലനം മൂലവും അതിവ്യാപനം സംഭവിക്കാം.

അടിയിലുള്ള ശിലാസ്തരങ്ങൾ ഊർധ്വമുഖമായി ക്രമീകരിക്കപ്പെട്ടിരുന്നാൽ അതിവ്യാപനം കാണിക്കുന്ന അടരുകൾ വിഷമവിന്യാസത്തിനു ഹേതുവായിത്തീരും. ആധാരശിലാസ്തരങ്ങളിലോരോന്നിനെയും വിഷമവിന്യസ്തമായി അതിക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

  1. "അവതലനം(subsidence)". Archived from the original on 2013-11-10. Retrieved 2011-05-13.
  2. "ശിലാപ്രസ്തരം(Rock bed)". Archived from the original on 2012-05-25. Retrieved 2011-05-13.
  3. സമവിന്യസ്തരം (conformable)
  4. വിഷമവിന്യസ്തരം (unconformable)

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിവ്യാപനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിവ്യാപനം&oldid=3800940" എന്ന താളിൽനിന്ന് ശേഖരിച്ചത്