നരകത്തിലേക്ക് നയിക്കുമെന്നു കരുതപ്പെടുന്ന ഒൻപതു വിധം പാതകങ്ങളിൽ ഒന്നാണ് അതിപാതകം. ഹൈന്ദവ ധർമശാസ്ത്രമനുസരിച്ച് പാതകങ്ങൽ താഴെ പറയുന്നവയാണ്

  • അതിപാതകം
  • മഹാപാതകം
  • അനുപാതകം
  • ഉപപാതകം
  • സങ്കരീകരണം
  • അപാത്രീകരണം
  • ജാതിഭ്രംശകരം
  • മലാവഹം
  • പ്രകീർണകം എന്നിവയാണ് പാതകങ്ങൾ.

മാതാവ്, മകൾ, പുത്രഭാര്യ എന്നിവരോടുകൂടി ശയിക്കുന്നതു പുരുഷൻമാരെ സംബന്ധിച്ചും പുത്രൻ, പിതാവ്, ഭർത്താവിന്റെ അച്ഛൻ എന്നിവരോടുകൂടി ശയിക്കുന്നതു സ്ത്രീകളെ സംബന്ധിച്ചും ത്രിവിധങ്ങളായ അതിപാതകങ്ങളാണ്. പ്രായശ്ചിത്തവിവേകത്തിൽ വിവിധ പാതകങ്ങളെയും അവ ചെയ്തുപോയാൽ അനുഷ്ഠിക്കേണ്ട പ്രായശ്ചിത്തങ്ങളെയും പ്രതിപാദിച്ചിട്ടുണ്ട്. അറിയാതെ ചെയ്യുന്ന അതിപാതകത്തിന് ബ്രാഹ്മണൻ ദ്വിഗുണദ്വാദശവാർഷികവ്രതവും (24 വർഷം നീണ്ടുനില്ക്കുന്നത്), അറിഞ്ഞു ചെയ്യുന്നതിന് അതിന്റെ ഇരട്ടിയും അനുഷ്ഠിച്ച് പ്രായശ്ചിത്തം നിർവഹിക്കേണ്ടതാണ്. ശൂദ്രൻമാർക്ക് വിധിച്ചിട്ടുള്ളത് അഗ്നിയിൽ പ്രവേശിച്ച് മരണമോ, 24 കൊല്ലം നീണ്ടുനില്ക്കുന്ന വ്രതമോ ആണ്. അറിയാതെ ചെയ്തതിന് അപ്രകാരമാണെങ്കിൽ അറിഞ്ഞുചെയ്തതിനുള്ള പ്രായശ്ചിത്തം അതിന്റെ ഇരട്ടിയാണ്. മേല്പറഞ്ഞ പ്രായശ്ചിത്തം അനുഷ്ഠിക്കുവാൻ കഴിയാത്തവർ അതിനുപകരമായി 360 പശുക്കളെയോ 1080 കാർഷാപണമോ (പഴയ കാലത്തു നടപ്പിലിരുന്ന 12 പണമിടയുള്ള ഒരു നാണയം) ദാനം ചെയ്താലും മതി. പണത്തിനുപകരം അതിന്റെ വിലയ്ക്കുള്ള സ്വർണം, വെള്ളി മുതലായതും ദാനം ചെയ്യാം. ദാനത്തിനു പുറമേ 200 പശുക്കളെയോ 200 കാർഷാപണമോ ദക്ഷിണയായി കൊടുക്കുകയും ചെയ്യണമെന്നു വിധിച്ചിട്ടുണ്ട്. സമുദായഘടനയ്ക്ക് പരിവർത്തനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ പ്രായശ്ചിത്തങ്ങളെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അവയ്ക്ക് കാരണഭൂതമായ മൂന്നുവിധ പാതകങ്ങളും വലിയ പാതകങ്ങളാണെന്ന ധാരണയ്ക്ക് പരിഷ്കൃതജനതയ്ക്കിടയിൽ സാരമായ മാറ്റം സംഭവിച്ചിട്ടില്ല.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിപാതകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിപാതകം&oldid=964052" എന്ന താളിൽനിന്ന് ശേഖരിച്ചത്