അതാര്യത
പ്രകാശത്തെ ഉള്ളിൽക്കൂടി കടത്തി മറുവശത്തേക്കു വിടാൻ കഴിയാത്ത, വസ്തുക്കളുടെ ഗുണവിശേഷത്തെ (quality) അതാര്യത എന്നു പറയുന്നു. പ്രകാശത്തെ കടത്തിവിടുന്ന കാര്യത്തിൽ എല്ലാ മാധ്യമ(medium)ങ്ങളും ഒന്നുപോലെയല്ല. പ്രകാശം കടന്നുപോകാൻ ഉതകുന്ന വസ്തുക്കളെ സുതാര്യം (transparent) എന്നും അതിനുതകാത്തവയെ അതാര്യം (opaque) എന്നും പറയുന്നു. പ്രസ്തുത നിർവചനം ദൃശ്യപ്രകാശ(visible light)ത്തിനു മാത്രമല്ല, എക്സ്റേ (X-ray), അൾട്രാ വയലറ്റ് (ultra-violet),മൈക്രോവേവ് (microwave) തുടങ്ങിയ എല്ലാ വിദ്യുത്കാന്തിക വികിരണങ്ങൾക്കും (electro magnetic radiations)[1] ബാധകമാണ്. അങ്ങനെ പ്രകാശംപോലുള്ള വികിരണങ്ങൾ കടന്നു പോകുന്നതിനെ തടസ്സപ്പെടുത്തുന്ന ഗുണധർമത്തെ അതാര്യത എന്നു പറയുന്നു. ഒരു വസ്തുവിന്റെ അതാര്യതയെ അതിന്റെ സുതാര്യതയിൽനിന്നുള്ള വ്യതിയാനത്തിന്റെ മാത്രയായി കണക്കാക്കാം. ഇതു വസ്തുവിന്റെ അളന്നുതിട്ടപ്പെടുത്താൻ കഴിയുന്നൊരു ഗുണധർമ(property)വുമാണ്.
ചില വസ്തുക്കൾ ചില പ്രത്യേക വികിരണങ്ങളെ സംബന്ധിച്ചിടത്തോളം അതാര്യവും മറ്റു ചിലതിനെ അപേക്ഷിച്ചു സുതാര്യവുമായിരിക്കും. ഇതിനെ അടിസ്ഥാനമാക്കി ഓരോരോ സന്ദർഭങ്ങളിൽ ആവശ്യമില്ലാത്ത വികിരണങ്ങളെ ഒഴിവാക്കുന്നതിനുവേണ്ടി വികിരണ-ഫിൽട്ടറുകൾ (rdiation filters)[2] നിർമ്മിക്കാൻ കഴിയും. ഉദാ. ഒരു പ്രത്യേകതരം നിക്കൽ ഓക്സൈഡ് ഗ്ലാസ് ഫിൽട്ടർ (Nickel oxide glass filter)[3] ദൃശ്യപ്രകാശത്തിന് മിക്കവാറും പൂർണമായും അതാര്യമാണ്; എന്നാൽ അൾട്രാ വയലറ്റ് ഭാഗത്തെ 3600 അബ്ബൌ നോടടുത്ത് തരംഗദൈർഘ്യം ഉള്ള ഒരു വികിരണ വിസ്താരത്തെ (band of radiation) അത് കടത്തിവിടുന്നു.
ഒരു മാധ്യമത്തിന്റെ അതാര്യത നിർണയിക്കുന്നത് അതിന്റെ പാരഗമ്യത(transmittance)യുമായി ബന്ധപ്പെടുത്തിയാണ്. മാധ്യമത്തിൽ പതിക്കുന്ന വികിരണത്തിന്റെ ഏതൊരംശമാണോ അതിലൂടെ കടന്നുപോകാൻ അനുവദിക്കപ്പെടുന്നത്, അതാണ് മാധ്യമത്തിന്റെ പാരഗമ്യത. പാരഗമ്യതയുടെ വ്യുത്ക്രമം (reciprocal) അതാര്യതയുടെ അളവാണ്.
ഒരു പദാർഥത്തിന്റെ അതാര്യത അതിന്റെ പ്രാകാശിക ഘനത്വ(optical density)വുമായും[4] ബന്ധപ്പെട്ടിരിക്കും. അതാര്യത (O)യുടെ 10-നെ ആധാരമാക്കിയുള്ള ലോഗരിതം (logarithm) ആണ് പ്രകാശിക ഘനത്വം (D).
D = log10 O = log10 1/T. ഇവിടെ T എന്നത് ബന്ധപ്പെട്ട മാധ്യമത്തിന്റെ പാരഗമ്യതയെ സൂചിപ്പിക്കുന്നു.
അവലംബം
തിരുത്തുക- ↑ "വിദ്യുത്കാന്തിക വികിരണങ്ങൾ (electro magnetic radiations)". Archived from the original on 2017-01-05. Retrieved 2011-05-11.
- ↑ വികിരണ-ഫിൽട്ടറുകൾ (rdiation filters)
- ↑ നിക്കൽ ഓക്സൈഡ് ഗ്ലാസ് ഫിൽട്ടർ (Nickel oxide glass filter)
- ↑ പ്രാകാശിക ഘനത്വം(optical density)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അതാര്യത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |