അണ്ണാ നഗർ

(അണ്ണാനഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്നൈ നഗരത്തിന്റെ പരിസരപ്രദേശത്തുള്ള ഒരു ജനവാസ കേന്ദ്രമാണ് അണ്ണാനഗർ, നേരത്തെ ഈ സ്ഥലം നടുവക്കരൈ എന്നാണറിയപ്പെട്ടിരുന്നത്.[1]

അണ്ണാനഗർ

அண்ணா நகர்
ചെന്നൈയുടെ പരിസരപ്രദേശം
അണ്ണാനഗർ ടവർ
അണ്ണാനഗർ ടവർ
CountryIndia
StateTamil Nadu
Districtചെന്നൈ
മെട്രോചെന്നൈ
സോൺകീഴ്പാക്കം
വാർഡ്‌66-68
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Lok Sabha constituencyചെന്നൈ സെൻട്രൽ
Vidhan Sabha constituencyഅണ്ണാനഗർ

എഗ്മൂർ നുങ്കമ്പാക്കം താലൂക്കിന്റെ ഭാഗമായ അണ്ണാനഗർ ചെന്നൈ നഗരത്തിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശത്താണുള്ളത്. തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാ ദുരൈയുടെ പേരാണ് ഈ പ്രദേശത്തിനു നൽകിയിരിക്കുന്നത്.

1968-ൽ നടന്ന വേൾഡ് ട്രേഡ് ഫെയറാണ് ഈ പ്രദേശത്തെ നഗരവൽക്കരണത്തിന് തുടക്കം കുറിച്ചത്.[2]

1970-ൽ അപ്പാർട്ട്‌മെന്റുകളും, കമ്മേർഷ്യൽ കോംപ്ലക്‌സുകളും, വീതിയുള്ള റോഡുകളും, ബസ് ടെർമിനസും, വലിയ പാർക്കുകളും നിർമ്മിച്ചുകൊണ്ട് തമിഴ്‌നാട് ഭവന നിർമ്മാണ ബോർഡ് അണ്ണാ നഗറിന്റെ വികസനത്തിന് തുടക്കം കുറിച്ചു.

വികസിത രാഷ്ട്രങ്ങളിലേതു പോലെ ഇവിടെയുള്ള റോഡുകൾ എല്ലാം ആസൂത്രിതമായി ഒന്നിനോടൊന്ന് സമാന്തരമായി വരുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. തെരുവുകൾക്കും മറ്റും നാമകരണം ചെയ്യുന്നതിനും വർഗ്ഗീകരിക്കുന്നതിലും കൃത്യമായ ചില രൂപരേഖകൾ അവലംബിച്ചു പോന്നിട്ടുണ്ട്. 2, 4, 6 എന്നീ അവന്യൂകൾ കിഴക്കു പടിഞ്ഞാറു ദിശയിലും, 3, 5, 7 എന്നീ അവന്യൂകൾ തെക്കു വടക്കായും നിർമ്മിച്ചിരിക്കുന്നു. 1970-ൽ നഗരവൽക്കരണം തുടക്കം കുറിക്കുമ്പോൾ കൃത്യമായി പിന്തുടർന്ന ഈ രീതികൾ പക്ഷേ പിൽക്കാലത്ത് അതേ പടി പിന്തുടർന്നിട്ടില്ല.

അണ്ണാനഗറിലെ പ്രധാന ലാൻഡ് മാർക്കുകൾ അണ്ണാ ടവറും, അണ്ണാ ആർച്ചും ആണ്. അണ്ണാ നഗർ ഈസ്റ്റിലും, അണ്ണാ നഗർ വെസ്റ്റിലുമായി രണ്ട് ബസ് ഡിപ്പോകളുണ്ട്.

അണ്ണാനഗർ ടവർ

തിരുത്തുക

ഔദ്യോഗികമായി വിശ്വേശരയ്യ ടവർ എന്നു നാമകരണം ചെയ്തിരിക്കുന്ന 138 അടി ഉയരമുള്ള അണ്ണാനഗർ ടവർ 1968-ൽ മദ്രാസിൽ വച്ചു നടന്ന വേൾഡ് ട്രേഡ് ഫെയറിനോടനുബന്ധിച്ച് ബി.എസ്. അബ്ദുർറഹിമാൻ എന്ന വ്യവസായ സംരംഭകൻ നിർമ്മിച്ചതാണ്. പ്രഭാതത്തിൽ വ്യായാമം ചെയ്യുന്നവരും, സായാഹ്നവേളകളിൽ കുടുംബാംഗങ്ങളോടൊത്ത് വിശ്രമിക്കാനെത്തുന്നവരും, ചെറിയൊരു ഫീസ് കൊടുത്ത് ടവറിനു മുകളിൽ കയറി നഗര ദൃശ്യങ്ങൾ കാണാനെത്തുന്നവരുടേയും തിരക്കാണിവിടെ കാണാനാവുക. കളരിപ്പയറ്റിനോടു സദൃശമായ, തമിഴ്നാടിന്റെ തനതു ആയോധന കലയായ ചിലമ്പാട്ടം പരിശീലന ക്ലാസും ഇവിടെ നടക്കുന്നുണ്ട്.

അണ്ണാ ആർച്ച്‌

തിരുത്തുക

അണ്ണാ നഗറിന്റെ തെക്കു ഭാഗത്തെ പ്രവേശന കവാടമായി 1985-ൽ ചെന്നൈ കോർപ്പറേഷൻ 12 ലക്ഷം രൂപ ചെലവിൽ അണ്ണാ ആർച്ച് നിർമ്മിച്ചു. 1986 ജനുവരി 1-ാം തിയതി അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനാണ് ഈ ആർച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

2012-ൽ അണ്ണാനഗറിനേയും അമിഞ്ചിക്കരൈയേയും ബന്ധിപ്പിക്കുന്ന ഫ്‌ളൈ ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനായി അണ്ണാ ആർച്ച് ഇടിക്കുവാൻ തീരുമാനിക്കുകയും, 2012 സെപ്റ്റംബർ 2-ാം തിയതി ആർച്ച് പൊളിക്കുന്ന പണികൾ തുടങ്ങുകയും ചെയ്തു.

അണ്ണാ ആർച്ചിനെ നിലനിർത്തണമെന്ന ആവശ്യം ബലപ്പെട്ടതോടെ ഫ്‌ളൈ ഓവർ ബ്രിഡ്ജിന്റെ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി, ആർച്ച് ഇടിക്കുന്ന പണികൾ ഉപേക്ഷിക്കുകയായിരുന്നു.[3]

അണ്ണാനഗർ റയിൽവേ സ്‌റ്റേഷൻ

തിരുത്തുക

അണ്ണാ നഗർ വെസ്റ്റിനേയും വില്ലിവാക്കത്തേയും ബന്ധിപ്പിക്കുന്ന തിരുമംഗലം റോഡിൽ 2003-ലാണ് അണ്ണാനഗർ റയിൽവേ സ്‌റ്റേഷൻ സ്ഥാപിച്ചത്. 2003- മുതൽ 2007 വരെ ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും വില്ലിവാക്കം വഴി അഞ്ച് സബർബൻ ട്രെയിനുകൾ സേവനം നടത്തിയിരുന്നെങ്കിലും ഇപ്പോഴിത് നിർത്തി വച്ചിരിക്കയാണ്. സബർബൻ - മെട്രോ റയിൽവേ സർവീസുകളുമായി ബന്ധിപ്പിച്ച് വീണ്ടും ഈ റൂട്ടിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ പദ്ധതിയുണ്ട്.

ആരാധനാലയങ്ങൾ

തിരുത്തുക

അയ്യപ്പൻ ക്ഷേത്രം[4], ചിന്ന തിരുപ്പതി, ചന്ദ്രമൗലീശ്വരർ ക്ഷേത്രം, മാഹാളി അമ്മൻ ക്ഷേത്രം, ബാലമുരുകൻ ക്ഷേത്രം എന്നിവയാണ് അണ്ണാനഗറിലെ പ്രധാന ആരാധനാലയങ്ങളിൽ ചിലത്.

സ്ഥാന വിവരണം

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "നടുവക്കരൈ - അണ്ണാനഗറിന്റെ ആദ്യത്തെ പേര്‌". Archived from the original on 2004-07-17. Retrieved 2013-01-14. Archived 2004-07-17 at the Wayback Machine.
  2. "നഗരവൽക്കരണത്തിനു തുടക്കം കുറിച്ച 1968-ലെ വേൾഡ് ട്രേഡ് ഫെയർ". Archived from the original on 2014-04-13. Retrieved 2013-01-14.
  3. "അണ്ണാ ആർച്ച് പൊളിച്ചു മാറ്റുന്നതു സംബന്ധിച്ചുണ്ടായ വിവാദം". Archived from the original on 2014-09-12. Retrieved 2013-01-14.
  4. അണ്ണാനഗർ അയ്യപ്പൻ ക്ഷേത്രം[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അണ്ണാ_നഗർ&oldid=3776190" എന്ന താളിൽനിന്ന് ശേഖരിച്ചത്