അണുകേന്ദ്ര വിജ്ഞാനീയത്തിൽ അവശ്യം ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളെയാണ് ഇതിൽ വിവരിച്ചിരിക്കുന്നത്.

അണു-ഊർജസ്തരം (Atomic eneregy level) തിരുത്തുക

അണുവിലെ ഭ്രമണപഥത്തിലുള്ള ഇലക്ട്രോണിന്റെ ഊർജ്ജത്തെയാണ് അണു-ഊർജസ്തരം എന്നു പറയുന്നത്. ഇലക്ട്രോണിന്റെ ഊർജ്ജം മുഖ്യ ക്വാണ്ടംസംഖ്യയുടെ വർഗത്തിന് (square) പ്രതിലോമാനുപാതികം (inverse proportional) ആണ്. ക്വാണ്ടംസംഖ്യ വർധിക്കുന്തോറും ധന-ഊർജ്ജം വർധിക്കുന്നു.

അണുകക്ഷ്യ(അണുപഥം) (Atomic orbit) തിരുത്തുക

അണുകേന്ദ്രത്തിനുചുറ്റും ഇലക്ട്രോൺ സഞ്ചരിക്കുന്ന ഭ്രമണപഥമാണ് അണുകക്ഷ്യ(അണുപഥം).

അണുകത (Atomicity) തിരുത്തുക

ഒരു മൂലകത്തിന്റെ തൻമാത്രയിലുള്ള അണുക്കളുടെ എണ്ണത്തെ ആ തൻമാത്രയുടെ അണുകത എന്ന് പറയുന്നു.

അണുതാപം (Atomic heat) തിരുത്തുക

ഒരു ഗ്രാം അണുമൂലകത്തിന്റെ താപനില 1oC ഉയർത്താൻ ആവശ്യമായ താപപരിമാണം. ഖരമൂലകങ്ങൾക്ക് അണുതാപം ഏകദേശം 6 കലോറിയാണ്.

അണുദ്രവ്യമാനം (Atomic mass) തിരുത്തുക

ഒരു ഐസോടോപ്പിന്റെ ദ്രവ്യമാനത്തെ അണുദ്രവ്യമാനം എന്ന് പറയുന്നു.

അണുദ്രവ്യമാനമാത്ര (Atomic mass unit:amu) തിരുത്തുക

അണുക്കളുടെയും തൻമാത്രകളുടെയും ദ്രവ്യമാനം സൂചിപ്പിക്കാറുള്ള മാത്ര. അണുകേന്ദ്രത്തിൽ 6 പ്രോട്ടോണും 6 ന്യൂട്രോണും ഉള്ള 6C12 കാർബൺ ഐസോടോപ്പിന്റെ ദ്രവ്യമാനം എന്ന സങ്കല്പത്തെ ആസ്പദമാക്കി അതിന്റെ -1/12 നെ അണുദ്രവ്യമാനമാത്രയായി സ്വീകരിക്കുന്നു. അണുദ്രവ്യമാനമാത്ര 1.66x10-27 കി.ഗ്രാം ആണ്.

അണുകപുഞ്ജം (Atomic beam) തിരുത്തുക

നിർവാതത്തിലൂടെ (vacuum) പോകുന്ന ഉദാസീന-അണുക്കളുടെ പ്രവാഹമാണ് അണുകപുഞ്ജം. ഈ അണുക്കൾ സമീപ-അണുക്കളുടെ സ്വാധീനതയിൽ നിന്ന് സ്വതന്ത്രമാണ്. കാന്തികമണ്ഡലത്തിന്റെയും വിദ്യുത്-മണ്ഡലത്തിന്റെയും സ്വാധീനത്തിന് വിധേയമാക്കി ഈ അണുക്കളുടെ ഗുണധർമങ്ങൾ പഠിക്കാം. അണുകപുഞ്ജരീതി ഉപയോഗിച്ച് അണുക്കളുടെ ഊർജതലങ്ങളുടെ കൃത്യമായ സ്പെക്ട്രോസ്കോപികദത്തങ്ങൾ (spectroscopic data) ലഭിച്ചിട്ടുണ്ട്.

അണുപൈൽ (Atomic pile) തിരുത്തുക

അണുകേന്ദ്ര റിയാക്റ്ററുകൾക്ക് ആദ്യം നല്കിയിരുന്ന പേര്.

അണുഭാരം (Atomic weight) തിരുത്തുക

ഒരു മൂലകത്തിലെ ഐസോടോപ്പുകളുടെ ദ്രവ്യമാനത്തെ അതതിന്റെ ബാഹുല്യ ശതമാനം കൊണ്ട് ഗുണിച്ചുകിട്ടുന്ന ശരാശരി ഭാരം അണുദ്രവ്യമാനമാത്രയിൽ പ്രകാശിപ്പിക്കുന്നതാണ് ആ മൂലകത്തിന്റെ അണുഭാരം.

അണുവ്യാപ്തം (Atomic volume) തിരുത്തുക

ഒരു മൂലകത്തിന്റെ അണുഭാരത്തെ ഘനത്വം കൊണ്ടു ഹരിച്ചാൽ കിട്ടുന്നതാണ് അണുവ്യാപ്തം.

അണുവ്യാസം (Atomic diameter) തിരുത്തുക

ഒരു അണുവിൽ ബാഹ്യതമ ഇലക്ട്രോൺ സഞ്ചരിക്കുന്ന ഭ്രമണപഥത്തിന്റെ വ്യാസം. ഹൈഡ്രജൻ അണുവിന്റെ വ്യാസം 0.1056 നാനോമീറ്ററും യുറേനിയത്തിന്റേത് ഏകദേശം 0.5 നാനോമീറ്ററുമാണ്.

അണുസംഖ്യ (Atomic number) തിരുത്തുക

ആവർത്തനപ്പട്ടികയിൽഒരു മൂലകത്തിന്റെ സ്ഥാനം സൂചിപ്പിക്കാനായി ജെ.എ.ആർ. ന്യൂലാൻഡ്സ് ആണ് ആദ്യമായി അണുസംഖ്യ നിർദ്ദേശിച്ചത്. റഥർഫോർഡ്, മോസ്ലി എന്നിവരുടെ ഗവേഷണഫലമായി ഇപ്പോൾ അണുസംഖ്യ എന്നാൽ അർഥമാക്കുന്നത് അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണത്തെയോ അണുകേന്ദ്രത്തിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെയോ ആണ്.

അർധായുസ് (Half-life) തിരുത്തുക

ഒരു ക്ലുപ്തപരിമാണം റേഡിയോ ആക്റ്റിവ് മൂലകത്തിലെ പകുതി അണുക്കൾ വികലനം ചെയ്യാൻ വേണ്ട കാലം.

അവോഗാഡ്രോസംഖ്യ (Avogadro number) തിരുത്തുക

ഏതു പദാർഥവും അതിന്റെ മാത്രാഭാരത്തോളം ഗ്രാം (gram molecular weight അഥവാ mole) എടുത്താൽ അതിൽ സ്വതന്ത്രമായി ഉൾക്കൊള്ളുന്ന മാത്രകളുടെ എണ്ണം ക്ലുപ്തമായിരിക്കും. ഈ ക്ലുപ്തസംഖ്യയാണ് അവോഗാഡ്രോസംഖ്യ.

ആക്സിലറേറ്റർ (ത്വരകം) (Accelerator) തിരുത്തുക

ചാർജിത കണങ്ങളെ (പ്രോട്ടോൺ, ഇലക്ട്രോൺ, അണുകേന്ദ്രം തുടങ്ങിയവ) വിദ്യുത്-മണ്ഡലം ഉപയോഗിച്ച് ത്വരിതപ്പെടുത്തി അവയുടെ ഗതിക-ഊർജ്ജം വർധിപ്പിക്കാനുള്ള ഒരു യന്ത്രം. വിദ്യുത്-സ്ഥിതിക ജനറേറ്ററുകളിൽ വളരെ ഉയർന്ന പൊട്ടൻഷ്യൽ വ്യത്യാസം ഉപയോഗിച്ചാണ് കണങ്ങളെ ത്വരിതപ്പെടുത്തുന്നത്. ഗുണിത-ആക്സിലറേറ്ററുകളിലാകട്ടെ താഴ്ന്ന പൊട്ടൻഷ്യൽ ആവർത്തിച്ച് പ്രയോഗിച്ച് ഊർജ്ജം വർധിപ്പിക്കുന്നു.

ആങ്സ്ട്രോം (Angstrom) തിരുത്തുക

അണുസംബന്ധിയായ ദൈർഘ്യമാനങ്ങൾക്കും സ്പെക്ട്രതരംഗ നീളങ്ങൾ അളക്കാനും ഉപയോഗിക്കുന്ന ഒരു മാത്ര. 1868-ൽ ആങ്സ്ട്രോം എന്ന സ്വീഡൻ കാരനായ ശാസ്ത്രജ്ഞൻ സൂര്യന്റെ ദൃശ്യസ്പെക്ട്രയുടെ ചിത്രം പ്രസിദ്ധീകരിച്ചു. അതിൽ തരംഗനീളം മില്ലിമീറ്ററിന്റെ പത്തു ദശലക്ഷത്തിൽ ഒരംശമായാണ് സൂചിപ്പിച്ചത്. പിന്നീട്, അദ്ദേഹത്തിനോടുള്ള ബഹുമാനസൂചകമായി ആ മാത്രയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്കി. പുതിയ അന്താരാഷ്ട്രമാത്രാപദ്ധതിയിൽ ആങ്സ്ട്രോംമാത്ര ഉപേക്ഷിച്ച് പകരം നാനോമീറ്റർ (10-9) മി. എന്ന മാത്രയാണ് സ്വീകരിച്ചിരിക്കുന്നത്. 1 ആങ്സ്ട്രോം (A0) = 10-10മീ. = 10-1 നാനോമീറ്റർ (nm) = 10-8 സെ.മീ.

ഇലക്ട്രോൺ (Electron) തിരുത്തുക

അണുവിലുള്ള മൌലിക കണങ്ങളിൽ ഒന്ന്. ഇതിന്റെ ദ്രവ്യമാനം 9.10 x 10-31 കി. ഗ്രാമും ചാർജ് ഋണാത്മകവുമാണ്.

ഐസോടോപ്പുകൾ (Isotopesല) തിരുത്തുക

ഒരേ അണുസംഖ്യയുള്ള ഒരു മൂലകത്തിലെ ദ്രവ്യമാനസംഖ്യകളിൽ വ്യത്യാസമുള്ള അണുക്കളെ ആ മൂലകത്തിന്റെ ഐസോടോപ്പുകൾ എന്നു പറയുന്നു. രാസഗുണധർമങ്ങളിൽ ഈ ഐസോടോപ്പുകൾ തത്സമങ്ങളാണ്. ദ്രവ്യമാനവുമായി ബന്ധപ്പെട്ട ഭൌതിക ഗുണധർമങ്ങൾ ഇവയ്ക്ക് വ്യത്യസ്തമായിരിക്കും. ഒരേ മൂലകത്തിന്റെ അണുകേന്ദ്രത്തിലെ ന്യൂട്രോണുകളുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം. മിക്കവാറും എല്ലാ മൂലകങ്ങൾക്കും ഐസോടോപ്പുകൾ ഉണ്ട്.

ക്യൂറി (Curie) തിരുത്തുക

റേഡിയോ ആക്റ്റിവതയെ മാനക(standard)മായി സൂചിപ്പിക്കുന്ന മാത്ര. ഒരു സെക്കൻഡിൽ 3.7 x 1010 വികലനങ്ങൾ നടക്കാൻ ആവശ്യമായ റേഡിയോ ആക്റ്റിവ് വസ്തുവിന്റെ പരിമാണമാണ് ക്യൂറി.

ക്രാന്തിക ദ്രവ്യമാനം (Critical mass) തിരുത്തുക

ഒരു അണുകേന്ദ്ര റിയാക്റ്ററിൽ ശൃംഖലാപ്രതിപ്രവർത്തനം നിലനിർത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വിഘടനയോഗ്യമായ പദാർഥത്തിന്റെ പരിമാണത്തെ ക്രാന്തിക ദ്രവ്യമാനം എന്ന് പറയുന്നു.

ക്വാണ്ടം (Quantum) തിരുത്തുക

ഊർജ്ജം അവശോഷിക്കുകയോ ഉത്സർജിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഏറ്റവും ചെറിയ ഭൌതികാംശം.

ക്ഷയം (Decay) തിരുത്തുക

ഒരു റേഡിയോ ആക്റ്റിവ് മൂലകത്തിന്റെ അണുകേന്ദ്രവികലനത്തെ ക്ഷയം എന്ന് പറയുന്നു. എന്ന സമയത്തുള്ള വികലനനിരക്ക്, dN/dtതത്സമയത്തുള്ള അണുകേന്ദ്രത്തിന്റെ എണ്ണം N-ന് ആനുപാതികമാണ്; dN/dt=λN ഇവിടെ - λ യെ രൂപാന്തരണസ്ഥിരാങ്കം, റേഡിയോ ആക്റ്റിവ് സ്ഥിരാങ്കം, ക്ഷയസ്ഥിരാങ്കം എന്നെല്ലാം പറയുന്നു.

ഡ്യൂട്ടറോൺ (ഡായിട്രോൺ) (Deuteron) തിരുത്തുക

ഡ്യൂട്ടറിയത്തിന്റെ അണുകേന്ദ്രം.

ദ്രവ്യമാന-ഊർജബന്ധം (Mass energy relation) തിരുത്തുക

ചില പ്രത്യേക സാഹചര്യങ്ങളിൽ ദ്രവ്യമാനവും ഊർജവും പരസ്പരം രൂപാന്തരണം ചെയ്യാവുന്നതാണ്. ഇവയെ ബന്ധിക്കുന്ന സമീകരണം 1905-ൽ ഐൻസ്റ്റൈൻ നിർദ്ദേശിച്ചു. ദ്രവ്യമാനവും ഊർജവും തമ്മിലുള്ള ഏതൊരു രൂപാന്തരണത്തിനും E = mc2 എന്ന സമീകരണം ശരിയാണ്. ഇവിടെ E ഊർജ്ജം ജൂളിലും (Joule), c-പ്രകാശവേഗം മീറ്റർ/സെക്കൻഡിലും m ദ്രവ്യമാനം കി.ഗ്രാമിലും വ്യഞ്ജിപ്പിക്കണം.

ദ്രവ്യമാനസംഖ്യ (Mass number) തിരുത്തുക

ഒരു അണുവിന്റെ അണുകേന്ദ്രത്തിൽ N ന്യൂട്രോണുകളും Z പ്രോട്ടോണുകളും ഉണ്ടെങ്കിൽ അണുവിന്റെ ദ്രവ്യമാനസംഖ്യ A = z + N

ന്യൂട്രോൺ (Neutron) തിരുത്തുക

സാധാരണ ഹൈഡ്രജനിലൊഴികെ എല്ലാ അണുകേന്ദ്രങ്ങളിലുമുള്ള മൌലികകണം. ന്യൂട്രോണിന് വിദ്യുത്-ചാർജില്ല; അതിന്റെ ദ്രവ്യമാനം 1.675 x 10-27 കി.ഗ്രാം അണുകേന്ദ്രത്തിനു പുറത്താവുമ്പോൾ ന്യൂട്രോൺ ക്ഷയിക്കുന്നു. അതിന്റെ അർധായുസ് 12 മിനിട്ടാണ്. ന്യൂട്രോൺ ക്ഷയിച്ച് പ്രോട്ടോൺ, ഇലക്ട്രോൺ, ആന്റിന്യൂട്രിനോ എന്നിവ ഉണ്ടാകുന്നു.

പോസിട്രോൺ (Positron) തിരുത്തുക

പോസിട്രോൺ ഒരു ആന്റിഇലക്ട്രോൺ ആണ്; ദ്രവ്യമാനം ഇലക്ട്രോണിന്റേതിന് തുല്യവും. ചാർജ്, മൂല്യത്തിൽ തുല്യമെങ്കിലും ധനാത്മകമാണ്.

പ്രോട്ടോൺ (Porton) തിരുത്തുക

എല്ലാ അണുകേന്ദ്രങ്ങളിലുമുള്ള മൌലികകണം. പ്രോട്ടോണിന് ധനചാർജുണ്ട്. ഈ ചാർജിന്റെ മൂല്യം ഇലക്ട്രോണിന്റേതിനു തുല്യമാണ്. പ്രോട്ടോണിന്റെ ദ്രവ്യമാനം 1.672 x 10-27 കി.ഗ്രാം പ്രോട്ടോൺ ഒരു സ്ഥിരകണമാണ്.

ബന്ധന-ഊർജ്ജം (Binding energy) തിരുത്തുക

അണുകേന്ദ്രത്തിലെ ഘടകങ്ങൾ പ്രോട്ടോണും ന്യൂട്രോണും ആണ്. അണുകേന്ദ്രത്തെ ഈ ഘടകങ്ങളായി വിയോജിപ്പിക്കാൻ അണുകേന്ദ്രത്തിന് നല്കേണ്ട ഊർജ്ജത്തെ ബന്ധന-ഊർജ്ജം എന്നു പറയുന്നു. ഒരു മൂലകത്തിന്റെ ദ്രവ്യമാനസംഖ്യയും അണുഭാരവും തമ്മിലുള്ള വ്യത്യാസമാണ് ദ്രവ്യമാനവ്യത്യാസം. ഇതിനെ ഊർജ്ജമാക്കി മാറ്റിയാൽ ബന്ധന-ഊർജമൂല്യം കിട്ടുന്നു.

റേഡിയോ ആക്റ്റിവത (Radio activity) തിരുത്തുക

ചില അസ്ഥിര-അണുകേന്ദ്രങ്ങളുടെ സ്വയം വികലന ഗുണധർമത്തെ റേഡിയോ ആക്റ്റിവത എന്ന് പറയുന്നു. വികലനത്തോടൊപ്പം λ-കണങ്ങളോ β-കണങ്ങളോ α-കണങ്ങളോ ഉത്സർജിക്കപ്പെടുന്നു. റേഡിയോ ആക്റ്റിവ് പ്രവർത്തനം താപനിലയിലെ മാറ്റംവഴിയോ രാസപ്രവർത്തനങ്ങൾ വഴിയോ തടയാനാവില്ല.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണുശബ്ദാവലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണുശബ്ദാവലി&oldid=2279891" എന്ന താളിൽനിന്ന് ശേഖരിച്ചത്