ഇന്ത്യയിൽ സുപ്രീംകോടതിയുടെ നടത്തിപ്പിന് ജഡ്ജിമാരുടെ കോറം തികയാതെവരുന്ന സാഹചര്യത്തിൽ പ്രവർത്തിക്കുവാൻ പ്രസിഡന്റിന്റെ മുൻസമ്മതത്തോടുകൂടി നിയമിതനാകുന്ന താത്കാലിക ജഡ്ജിയെ അഡ്‌ഹോക്ക് ജഡ്‌ജി എന്ന പേരിൽ അറിയപ്പെടുന്നു. ഏതെങ്കിലും സംസ്ഥാന ഹൈക്കോടതി ജഡ്ജിയെയാണ് ഇങ്ങനെ നിയമിക്കുന്നത്. ഭരണഘടനയുടെ 127-ആം വകുപ്പ് ഇതു സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിക്കുന്നു. ഈ നിയമനം നടത്തുന്നതിനു മുൻപ് ഏതു സംസ്ഥാന ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നുവോ അവിടുത്തെ ചീഫ്ജസ്റ്റിസുമായി ചർച്ച ചെയ്യേണ്ടതാണ്. പ്രസ്തുത ജഡ്ജിക്ക് സുപ്രീംകോടതി ജഡ്ജിക്ക് വേണ്ട യോഗ്യതകളുണ്ടായിരിക്കണം. ഇപ്രകാരം നിയമിക്കുന്ന ജഡ്ജിക്ക് സുപ്രീംകോടതി ജഡ്ജിയുടെ അധികാരവും അധികാരപരിധിയും പ്രത്യേകാനുകൂല്യങ്ങളും ഉണ്ടായിരിക്കും.

അഡ്ഹോക്ക് ജഡ്ജിയെ സുപ്രീം കോടതി ചീഫ്ജസ്റ്റിസാണ് മുകളിൽ പറഞ്ഞ നിബന്ധനകൾക്കു വിധേയമായി നിയമിക്കുന്നത്. കാനഡായിലും ഈ സമ്പ്രദായം നിലവിലുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡ്‌ഹോക്ക് ജഡ്‌ജി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡ്‌ഹോക്ക്_ജഡ്‌ജി&oldid=3971198" എന്ന താളിൽനിന്ന് ശേഖരിച്ചത്