മിലിട്ടറിയൂണിറ്റ് കമാൻഡറുടെ സഹായി ആയ ജൂനിയർ ഓഫീസറെ അഡ്‌ജുറ്റന്റ് എന്നു വിളിക്കുന്നു. സഹായി എന്നർഥമുള്ള അഡ്ജുറ്റേർ (Adjutare) എന്ന ലത്തീൻ പദമാണ് അഡ്ജുറ്റന്റിന്റെ മൂലരൂപം. യു.എസ്., ബ്രിട്ടൻ, ഇന്ത്യ മുതലായ രാജ്യങ്ങളിലെ സൈനികസംവിധാനത്തിൽ ഒരു ബറ്റാലിയന്റെയോ റെജിമെന്റിന്റെയോ സ്ക്വാഡ്രന്റെയോ മിലിട്ടറി പോസ്റ്റിന്റെയോ കമാൻഡറുടെ കീഴിലുള്ള പ്രധാന സ്റ്റാഫ് ഓഫീസർ അഡ്ജുറ്റന്റ് എന്ന പേരിലറിയപ്പെടുന്നു. ഭരണകാര്യങ്ങൾക്ക് പ്രധാന ഉത്തരവാദി അയാൾ ആണ്. സാധാരണഗതിയിൽ ക്യാപ്റ്റൻ പദവിയോ ലെഫ്റ്റനന്റ് പദവിയോ ഉള്ള ആളായിരിക്കും അഡ്ജുറ്റന്റ്. ഒരു പട്ടാള യൂണിറ്റിന്റെ ഔദ്യോഗിക-ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് അഡ്ജുറ്റന്റാണ്. ഉയർന്ന കേന്ദ്രങ്ങളിലേക്കു റിപ്പോർട്ടുകൾ സമർപ്പിക്കുക, യൂണിറ്റിന്റെ കത്തിടപാടുകൾ നടത്തുക എന്നീ ചുമതലകളും അയാൾക്കുണ്ട്. ക്ളാർക്കുമാരുൾപ്പെടെയുള്ള ഭരണനിർവഹണജോലിക്കാരുടെ മേൽനോട്ടവും, ഔദ്യോഗികരേഖകളുടെ സൂക്ഷിപ്പും അഡ്ജുറ്റന്റിന്റെ ചുമതലകളിൽപെടുന്നു. അഡ്ജുറ്റന്റിന്റെ കാൾ (Adjutant's call) എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക ബ്യൂഗിൾവിളി പട്ടാളത്തിൽ നിലവിലുണ്ട്. ചില പ്രധാനപ്പെട്ട ചടങ്ങുകൾക്കു മുമ്പ് ഈ വിളി ഉപയോഗപ്പെടുത്തുന്നു. സൈന്യത്തിലെ വളരെ വലിയ വിഭാഗത്തിലെ അഡ്ജുറ്റന്റിനെ അഡ്ജുറ്റന്റ് ജനറൽ എന്നു വിളിക്കുന്നു.

C. G. E. Mannerheim as regent of Finland (sitting) and his adjutants (from the left) Lt.Col. Lilius, Cap. Kekoni, Lt. Gallen-Kallela, Ensign Rosenbröijer
Wiktionary-logo-ml.svg
adjutant എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബംതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡ്‌ജുറ്റന്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡ്‌ജുറ്റന്റ്&oldid=3253029" എന്ന താളിൽനിന്ന് ശേഖരിച്ചത്