രണ്ടോ അതിലധികമോ കക്ഷികൾ തമ്മിലുള്ള തർക്കത്തിന് നിയമപരമായി തീർപ്പുണ്ടാക്കുന്ന പ്രക്രിയയെ അഡ്‌ജുഡിക്കേഷൻ എന്നു പറയുന്നു. ന്യായനിർണയനം എന്നു മലയാളം. ഇന്ത്യൻനിയമത്തിൽ ഇത് പലഭാഗത്തും കാണാമെങ്കിലും പ്രധാനമായി പരിഗണിക്കപ്പെട്ടിരിക്കുന്നത് ഭരണഘടനയിലും തൊഴിൽത്തർക്കനിയമത്തിലും നിർധനത്ത്വനിയമ(Bank-ruptcy Law)ത്തിലും ആകുന്നു.

ഭരണഘടനയിലെ 262-ആം അനുഛേദത്തിൽ ഏതെങ്കിലും അന്തർസംസ്ഥാന (Inter-state) നദിയിലെയോ നദീതടത്തിലെയോ ജലത്തിന്റെ ഉപയോഗം, വിതരണം, നിയന്ത്രണം എന്നിവ സംബന്ധിച്ചുള്ള ഏതെങ്കിലും തർക്കത്തിന്റെയോ പരാതിയുടെയോ ന്യായനിർണയനത്തിൽ പാർലമെന്റിന് നിയമംവഴി വ്യവസ്ഥചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല സുപ്രീംകോടതിയോ മറ്റേതെങ്കിലും കോടതിയോ അങ്ങനെയുളള ഒരു സംഗതിയിലും സ്വാധികാരം പ്രയോഗിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യാനുളള അധികാരവും പാർലമെന്റിന് നല്കിയിട്ടുണ്ട്.

തൊഴിൽത്തർക്ക നിയമം

തിരുത്തുക

തൊഴിൽത്തർക്കനിയമത്തിലെ 10-ആം വകുപ്പനുസരിച്ച് ഒരു തൊഴിൽത്തർക്കം നിലവിലുണ്ടെന്നോ ഉണ്ടാകാനിടയുണ്ടെന്നോ കാണുന്നിടത്ത് ബന്ധപ്പെട്ട ഗവൺമെന്റിന് 2-ആം പട്ടികയിൽ നിർദിഷ്ടമായ ഏതെങ്കിലും കാര്യം സംബന്ധിച്ച സംഗതിയിൽ ഒരുതൊഴിൽ കോടതിയുടെയും, 3-ആം പട്ടികയിൽ നിർദിഷ്ടമായ ഏതെങ്കിലും കാര്യം സംബന്ധിച്ച സംഗതിയിൽ ഒരു ട്രൈബ്യൂണലിന്റെയും ന്യായനിർണയത്തിന് അയയ്ക്കാവുന്നതാണ്. നിലവിലുള്ളതോ ഉണ്ടാകാനിടയുള്ളതോ ആയ ഒരു തൊഴിൽത്തർക്കം ദേശീയ പ്രാധാന്യമുള്ളതോ ഒന്നിലധികം സ്റ്റേറ്റുകൾക്ക് താത്പര്യമുള്ളതോ ആകുന്നിടത്ത് ആ തർക്കം 2-ആം പട്ടികയിലോ 3-ആം പട്ടികയിലോ നിർദിഷ്ടമായതായാലും, കേന്ദ്രഗവൺമെന്റിന് ഒരു നാഷണൽ ട്രൈബ്യൂണലിന്റെ ന്യായനിർണയത്തിന് റഫർ ചെയ്യാം. ഈ കാര്യങ്ങളിൽ ലേബർ കോടതിയും ട്രൈബ്യൂണലും നാഷനൽ ട്രൈബ്യൂണലും അതത് സംഗതിപോലെ അവയ്ക്ക് ഏതെല്ലാം സംഗതികളാണോ റഫർ ചെയ്തിട്ടുള്ളത് അവയും, അവയോട് ആനുഷംഗികമായ കാര്യങ്ങളും സംബന്ധിച്ചു ന്യായനിർണയനം ചെയ്യേണ്ടതാണ്.

സ്വകാര്യമേഖലകളിലോ അല്ലാത്തപക്ഷം ഗവൺമെന്റിന്റെ പങ്കാളിത്തത്തോടുകൂടി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലോ മാനേജുമെന്റും തൊഴിലാളികളും തമ്മിൽ തൊഴിൽത്തർക്കം ഉദ്ഭവിക്കുന്നപക്ഷം നീതിനിർണയനം ചെയ്യുന്നതിനുവേണ്ടി തർക്കത്തിന് ആസ്പദമായ വസ്തുതകൾ ഏതെങ്കിലും ട്രൈബ്യൂണലിലോ, ലേബർ കോടതിയിലോ, അല്ലെങ്കിൽ അധികാരപ്പെട്ട മറ്റേതെങ്കിലും ന്യായാസനത്തിലോ സമർപ്പിക്കാവുന്നതാണ്. ഇപ്രകാരം ഉണ്ടാകുന്ന തർക്കങ്ങളിൽ കോടതി ഇരുഭാഗങ്ങളിലുമുള്ള കക്ഷികളെ വരുത്തി ആവശ്യാനുസരണം സാക്ഷികളെ വിസ്തരിച്ചും പ്രസക്തമായ രേഖകൾ പരിശോധിച്ചും ഒരു മധ്യസ്ഥനെന്നുള്ള നിലയിൽ നീതിനിർണയനം ചെയ്യുന്നതാണ്.

ഇന്ത്യയിൽ ഉണ്ടാകുന്ന തൊഴിൽത്തർക്കങ്ങൾ 1947-ലെ വ്യവസായത്തർക്ക നിയമം (Industrial Disputes Act of1947) അനുസരിച്ചാണ് തീരുമാനിക്കപ്പെടുക.

പ്രൊവിൻഷ്യൽ ഇൻസാൾവൻസി നിയമത്തിലെയും, കേരള ഇൻസാൾവൻസി നിയമത്തിലെയും 7-ആം വകുപ്പിൻ കീഴിൽ ഋണബാദ്ധ്യതയുള്ള ഒരാൾ പ്രസ്തുത ബാദ്ധ്യതകൾ തീർക്കുന്നതിനു പ്രാപ്തനല്ലാതെ വരികയാണെങ്കിൽ, അയാൾക്കോ അയാളുടെ ഉത്തമർണനോ, അയാളെ ഒരു നിർധനൻ ആയി ന്യായനിർണയനം ചെയ്യുന്നതിനു ബന്ധപ്പെട്ട ജില്ലാക്കോടതി മുമ്പാകെ ഹർജികൊടുക്കാവുന്നതും കോടതിനിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചു ന്യായനിർണയനം ചെയ്യേണ്ടതും ആകുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡ്‌ജുഡിക്കേഷൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡ്‌ജുഡിക്കേഷൻ&oldid=3809668" എന്ന താളിൽനിന്ന് ശേഖരിച്ചത്