അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ്

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണകർത്താവായിരുന്ന ഹെൻറി ലോറൻസ് രചിച്ച ഒരു നോവലാണ് അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് (ഇംഗ്ലീഷ്: Adventures of an officer in the service of Runjeet Singh). 1841-42 കാലഘട്ടത്തിൽ എഴുതിയ ഈ നോവൽ പരമ്പരാരൂപത്തിൽ ഡെൽഹി ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും പിന്നീട് 1845-ൽ ഇംഗ്ലണ്ടിൽനിന്ന് പുസ്തകരൂപത്തിൽ പുറത്തിറക്കുകയും ചെയ്തു.

അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ്
കർത്താവ്ഹെൻറി ലോറൻസ്
രാജ്യംയുനൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംചരിത്രാഖ്യായിക
പ്രസാധകർഹെൻറി കോൾബേൺ പബ്ലിഷർ, ലണ്ടൻ
പ്രസിദ്ധീകരിച്ച തിയതി
1845
മാധ്യമംഅച്ചടിച്ചത്

പഞ്ചാബ് ചക്രവർത്തിയായിരുന്ന രഞ്ജിത് സിങ്ങിനു കീഴിൽ ജോലി ചെയ്യുന്ന ഒരു യൂറോപ്യൻ ഉദ്യോഗസ്ഥനാണ് ഈ നോവലിലെ മുഖ്യകഥാപാത്രം.

പഞ്ചാബിലെ ഫിറോസ്പൂരിൽ ഒരു പൊളിറ്റിക്കൽ ഏജന്റായി ജോലി ചെയ്യുന്ന കാലത്ത്, ഭാര്യ ഹൊണോറിയയുമൊത്താണ് ഹെൻറി ലോറൻസ് ഈ നോവലെഴുതിയത്. ഇതിന്റെ പരമ്പരാരൂപം തന്നെ വൻവിജയമായിരുന്നു . 1849-ൽ പുറത്തിറിങ്ങിയ ജോസഫ് കണ്ണിങ്ഹാമിന്റെ ഹിസ്റ്ററി ഓഫ് ദ സിഖ്സിനകത്ത് കാര്യമായ പരാമർശം ഈ പുസ്തകത്തിന് കിട്ടി. യുറോപ്യൻമാർ അക്കാലത്തെഴുതിയ പുസ്തകങ്ങളിൽവച്ച് ഏറ്റവും വായനായോഗ്യവും കാര്യമാത്രപ്രസക്തിയുള്ളതുമായ പുസ്തകമാണിതെന്ന് ഖുശ്വന്ത് സിങ്ങും വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ച എഴുതാൻ ഹെൻറി പദ്ധതിയിട്ടിരുന്നെങ്കിലും അത് നടന്നില്ല.[1].

ഉള്ളടക്കം

തിരുത്തുക

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പഞ്ചാബിലെ ചക്രവർത്തിയായിരുന്ന രഞ്ജിത് സിങ്ങിനു കീഴിൽ യൂറോപ്പിൽ നിന്നുള്ള നിരവധി വിദേശസൈനികർ ജോലി ചെയ്തിരുന്നു. യൂറോപ്യൻമാർ പഞ്ചാബിൽത്തന്നെ തുടർന്നു ജീവിക്കുമെന്ന് കരുതപ്പെട്ടിരുന്നതിനാൽ, നാട്ടുകാരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതിനും പ്രൗഢമായി ജീവിക്കുന്നതിനും അവരെ അനുവദിച്ചിരുന്നു. ഇവർ തുടക്കത്തിലിവിടെ കുടുംബജീവിതം ആരംഭിച്ചെങ്കിലും കാലക്രമേണ, ആവശ്യത്തിന് പണമുണ്ടാക്കിയതിനുശേഷം ഭാര്യയെയും മക്കളെയുമുപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് തിരികെപ്പോയി. പഞ്ചാബിലെ തന്റെ ജീവിതകാലത്ത്, കഥാകാരനായ ഹെൻറി ലോറൻസിന് ഇത്തരം വിദേശപടയാളികളുമായി നേരിട്ട് പരിചയമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു വിദേശകൂലിപ്പടയാളിയായ ബെലാസ്സിസ് ആണ് കഥയിലെ നായകകഥാപാത്രം. തന്റെ പാരമ്പര്യത്തെക്കുറിച്ച് അറിവൊന്നുമില്ലാത്ത ബെലസ്സിസ് സിഖ് രാജ്യത്ത് സമ്പത്തിനും പ്രശസ്തിക്കുമായി ശ്രമിക്കുന്നതാണ് കഥാസാരം.

രഞ്ജിത് സിങ്ങിനെ തന്റെ അശ്വാഭ്യാസം കൊണ്ട് സന്തുഷ്ടനാക്കുകയും 'നൂറു ചോദ്യങ്ങൾക്ക്' ഉത്തരം നൽകുകയും ചെയ്ത ബെലാസ്സിസ് അദ്ദേഹത്തിന് പ്രിയങ്കരനായി. രഞ്ജിത് സിങ്, ബെലസ്സിസിന് ഒരു ഖെലാത്തും (ബഹുമാനസൂചകമായ വസ്ത്രം) മലമ്പ്രദേശമായ കംഗ്രയിലെ ഭരണത്തിനും അവിടത്തെ സേനയുടെ നായകസ്ഥാനവും നൽകിക്കൊണ്ടുള്ള പ്രമാണവും നൽകി. കംഗ്രയിലെ കോട്ട പിടച്ചടക്കുന്നതും സുന്ദരിയായ അവിടത്തെ ഒരു രാജകുമാരിയെ വിവാഹം കഴിക്കുന്നതും അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനും ചെയ്യിക്കുന്നതുമൊക്കെയാണ് കഥയിലെ ഉള്ളടക്കം. സിഖുകാരുടെ കംഗ്ര പിടിച്ചടക്കലിന്റെ ചരിത്രം ഈ കഥയോടൊപ്പം കൂടിക്കലർന്ന് വിവരിക്കുന്നു. യഥാർത്ഥ സംഭവങ്ങൾ പുസ്തകത്തിൽ അടിക്കുറിപ്പായി നൽകിയിട്ടുമുണ്ട്.

വാൾട്ടർ സ്കോട്ടിന്റെ കഥാപാത്രമായ ക്വെന്റിൻ ദർവാഡ് എന്ന സ്കോട്ടിഷ് കൂലിപ്പടയാളിയുമായി ഈ കഥയിലെ നായകൻ ബെലാസിസിനെ സാമ്യപ്പെടുത്താം. കഥാനായകനായ ബെലാസ്സിസിന്റെ വിചാരങ്ങൾ മിക്കവാറും നോവലിസ്റ്റായ ഹെൻറിയുടേത് തന്നെയായിരുന്നു. നോവലിൽ ബെലാസ്സിസ് ഭരണം നടത്തുകയും ഭൂനികുതി നിശ്ചയിക്കുകയും ചെയ്യുന്നത് ഫിറോസ്പൂരിലെ തന്റെ തന്നെ ജോലി ഓർമ്മപ്പെടുത്തുന്നതാണെന്ന് പുസ്തകത്തിൽ ഹെൻറി എഴുതിയിട്ടുണ്ട്. സമകാലീന പഞ്ചാബിന്റെ വർണന ഈ പുസ്തകത്തിലുണ്ട്. രഞ്ജിത് സിങ്ങിന്റെയും അദ്ദേഹത്തിന്റെ ദർബാറിലെ മറ്റുള്ളവരുടെയും വിവരങ്ങൾ ആ രാജ്യത്തിലേക്കുള്ള ബ്രിട്ടീഷ് സന്ദർശകരിൽനിന്നുമാണ് ഹെൻറിക്ക് ലഭിച്ചത്. ഇതിനു പുറമെ, രഞ്ജിത്തിന്റെ സമകാലീനരായ ഫക്കീർ അസീസുദ്ദീനുമായുള്ള ഹെൻറിയുടെ ചങ്ങാത്തവും മുതൽക്കൂട്ടായിരുന്നു. ജെയിംസ് പ്രിൻസെപ്, ഫോഴ്സ്റ്റർ, മാൽക്കം, അലക്സാണ്ടർ ബർണസ് എന്നിവരുടെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾക്കും ഹെൻറി ഈ ഗ്രന്ഥത്തിൽ കടപ്പാട് നൽകുന്നുണ്ട്.

രഞ്ജിത് സിങ്ങിനെക്കുറിച്ചുള്ള സാമാന്യ യൂറോപ്യൻ വീക്ഷണംപോലെത്തന്നെ നിരക്ഷരനായാണ് ഈ ഗ്രന്ഥത്തിലും ചിത്രീകരിച്ചിരിക്കുന്നതെങ്കിലും ബുദ്ധികൂർമ്മതയും അസാമാന്യ ഓർമ്മശേഷിയുള്ളവനുമാണെന്ന് വിലയിരുത്തുന്നു. കാലഘട്ടത്തെയും അദ്ദേഹത്തിന്റെ സാമ്രാജ്യത്തെയും അടിസഥാനമാക്കി നോക്കിയാൽ രഞ്ജിത് സിങ്ങിനെ മഹാനെന്നു നിസ്സംശയം പറയാം എന്ന് ബലാസ്സിസിലൂടെ ഹെൻറി പറയുന്നു.

രഞ്ജിത് സിങ്ങിന് വളരെ പ്രിയപ്പെട്ടവരായിരുന്ന ഗുലാബ് സിങ്, സുചേത് സിങ്, ധിയാൻ സിങ് എന്നീ ഹിന്ദു ഡോഗ്ര സഹോദരന്മാരെക്കുറിച്ചും ബെലാസ്സിസ് വിവരിക്കുന്നുണ്ട്. ഗുലാബ്സിങ്, ഹെൻറിയുടേയും സുഹൃത്തായിരുന്നു. മറ്റു സഭാംഗങ്ങളായിരുന്ന ദിവാൻ ദിനനാഥ്, ഫക്കീർ അസീസുദ്ദീൻ എന്നിവരും നോവലിൽ പരാമർശിക്കപ്പെടുന്നു. കഥയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള യൂറോപ്യൻ ഓഫീസർമാരിൽ, പെഷവാറിൽ ഹെൻറി നേരിട്ടിടപെട്ടിട്ടുള്ള പാവ്ലോ അവിറ്റബൈലും ഉൾപ്പെടുന്നു. കാട്ടാളൻമാർക്കിടയിലെ കാട്ടാളൻ (savage among savage men) എന്നാണ് ഹെൻറി അയാളെ പരാമർശിക്കുന്നത്. എങ്കിലും അയാളുടെ ക്രൂരനടപടികൾ പ്രദേശത്ത് ശാന്തി കൈവരുന്നതിന് സഹായകമായി എന്നും ഹെൻറി പറയുന്നു.

ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിന്റെ അവസാനകാലത്തുള്ള ഹെൻറി ലോറൻസിന്റെ അഫ്ഗാനിസ്താൻ പര്യടനവും സന്ദർഭങ്ങളുമെല്ലാം നോവലിൽനിന്ന് കണ്ടെടുക്കാം.[1]

  1. 1.0 1.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "4 - കാഠ്മണ്ഡു ആൻഡ് ഡെൽഹി (Kathmandu and Delhi), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 112–118. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക