അഡോബി

(അഡോബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്ത ഇഷ്ടികയെ അഡോബി എന്നു പറയുന്നു. ചെളിയിൽ വൈക്കോലോ അതുപോലുള്ള വസ്തുക്കളോ ചെറിയ കഷണങ്ങളായി ചേർത്ത് ശരിയായി മർദിച്ച് പതംവരുത്തിയശേഷം പ്രത്യേകം ചട്ടങ്ങളിൽ കോരിനിറച്ച് ഉണക്കിയാണ് ഇത്തരം ഇഷ്ടികകൾ ഉണ്ടാക്കുന്നത്. വയ്ക്കോലുപോലുള്ള പദാർഥങ്ങൾ ചേർക്കുന്നതുകൊണ്ട് ചെളിക്കട്ടകൾ ഉണങ്ങുമ്പോൾ വെടിച്ചുകീറുകയില്ല. പ്രാചീന ഈജിപ്റ്റിലും പൌരസ്ത്യദേശങ്ങളിലും ഇങ്ങനെ ചെളികൊണ്ട് ഇഷ്ടികകൾ ഉണ്ടാക്കിവന്നിരുന്നു. ആസ്ടെക് വംശജരെപ്പോലുള്ള മെക്സിക്കോയിലെ പ്രാചീന ജനവർഗങ്ങളും ഇത്തരം ഇഷ്ടികകൾ ഉപയോഗിച്ചിരുന്നു. പിന്നീടു വന്ന സ്പെയിൻകാരായ കുടിയേറ്റക്കാർക്കും ഈ സമ്പ്രദായം നേരത്തേ പരിചിതമായിരുന്നതുകൊണ്ട് അവരും ഇത്തരം ഇഷ്ടികകൾ തന്നെ ഉപയോഗിച്ചുവന്നു. അവിടെനിന്നും തെക്കുപടിഞ്ഞാറൻ ഐക്യനാടുകളിലേക്ക് ഈ സമ്പ്രദായം പ്രചരിച്ചു.

അഡോബ് കട്ട നിർമ്മാണ സ്ഥലം
അഡോബി കൊണ്ടു തീർത്ത ഭിത്തി

ഇത്തരം ഇഷ്ടികകൾകൊണ്ടു കെട്ടുന്ന ഭിത്തികളുടെ പുറത്ത് ഇവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന അതേയിനം ചെളിതന്നെ പൂശുന്നു. ഇങ്ങനെ ചെളി പൂശി തേച്ച് മിനുസപ്പെടുത്തിയിട്ട് അവസാന മിനുക്കുപണിയായി ചുണ്ണാമ്പു വെള്ളം ഒഴിച്ച് കഴുകി വെടിപ്പാക്കുന്നു. മഴ കുറവുള്ള പ്രദേശങ്ങളിൽ ഒരുനിലക്കെട്ടിടങ്ങൾക്ക് ഈയിനം ഇഷ്ടിക ധാരാളം മതിയാകും. പുറത്തേക്ക് തള്ളിനില്ക്കുന്ന വാരക്കൈകളിറക്കി മേഞ്ഞ് നനയാതെ സൂക്ഷിക്കുന്നപക്ഷം ഇത് വളരെനാൾ നിലനിൽക്കും.

ഇഷ്ടിക ഉണ്ടാക്കാനുപയോഗിക്കുന്ന മണ്ണിനും, ആ മണ്ണുകൊണ്ടുണ്ടാക്കുന്ന വിവിധതരം പണികൾക്കും ഇപ്പോൾ അഡോബി എന്നു പറയാറുണ്ട്. ചില പ്രദേശങ്ങളിൽ വയ്ക്കോൽതുണ്ടുകൾ ചേർത്ത് മർദിച്ച് പതംവരുത്തിയ ചെളി, ഭിത്തിപണിയേണ്ട സ്ഥാനത്ത് കുഴച്ചുകുത്തി അടിച്ചൊതുക്കി നിരപ്പാക്കിയിട്ട് അതിന്റെ പുറമേ പാകപ്പെടുത്തിയ ചെളി പല ആവർത്തി തേച്ചുപിടിപ്പിച്ച് ഭിത്തി നിർമ്മിക്കാറുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡോബി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡോബി&oldid=3098139" എന്ന താളിൽനിന്ന് ശേഖരിച്ചത്