അടിയന്തിരപ്രമേയം
അടിയന്തരവും പൊതുപ്രാധാന്യമുള്ളതുമായ ഒരു സമീപകാലസംഭവത്തെ ആസ്പദമാക്കി നിയമസഭകളിൽ ചർച്ചയ്ക്ക് അവതരിപ്പിക്കുന്ന പ്രമേയമാണ് അടിയന്തരപ്രമേയം. ഗവൺമെന്റിന്റെ ഭരണസംബന്ധമായ നടപടികളെ വിമർശിച്ചുകൊണ്ടുള്ളതായിരിക്കും സാധാരണ അടിയന്തര പ്രമേയങ്ങൾ. സഭയുടെ ഭൂരിപക്ഷാഭിപ്രായത്തോടുകൂടി പ്രസ്തുത പ്രമേയം പാസ്സാകുന്നപക്ഷം നിയമസഭയ്ക്ക് മന്ത്രിസഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പരിഗണിച്ച് മന്ത്രിസഭ രാജി സമർപ്പിക്കുവാൻ ബാധ്യസ്ഥമാണ്.
നടപടിക്രമം
തിരുത്തുകനിയമസഭയിലെ ഏതൊരു അംഗത്തിനും അടിയന്തര പ്രമേയം അവതരിപ്പിക്കാവുന്നതാണ്. നിയമസഭാധ്യക്ഷന്റെ അനുവാദവും സഭയുടെ അനുമതിയും ലഭിക്കുന്നപക്ഷം പ്രമേയം ചർച്ചചെയ്ത് വോട്ടിനിട്ട് തീരുമാനമെടുക്കുന്നു. ലോകസഭയുടെ അനുമതി ലഭിക്കുന്നതിനായി 50 അംഗങ്ങളിൽ കുറയാത്ത ഒരു സംഖ്യ (കേരള നിയമസഭയിൽ 15) അനുകൂലിച്ചിരിക്കേണ്ടതാണ്. സഭാനടപടികൾ ആരംഭിക്കുന്നതിനു മുൻപുതന്നെ അടിയന്തരപ്രമേയത്തെപ്പറ്റിയുള്ള നോട്ടീസ് സഭാധ്യക്ഷനും ബന്ധപ്പെട്ട വകുപ്പുമന്ത്രിക്കും നിയമസഭാസെക്രട്ടറിക്കും രേഖാമൂലം നല്കിയിരിക്കണം. നോട്ടീസ് ഹ്രസ്വവും പ്രമേയത്തെപ്പറ്റിയുള്ള ചർച്ച ഉൾക്കൊള്ളാത്തതുമായിരിക്കണം. നിയമസഭാചട്ടങ്ങൾക്ക് അനുസൃതമാണെന്നുള്ള സഭാധ്യക്ഷന്റെ അഭിപ്രായവും അനുമതിയും ലഭിച്ചുകഴിഞ്ഞാൽ മാത്രമേ പ്രമേയം അവതരിപ്പിക്കുവാൻ പാടുള്ളു. പ്രമേയാവതരണത്തിനുള്ള അനുവാദം നിഷേധിക്കുകയോ ക്രമപ്രകാരമല്ലെന്നു തീരുമാനിക്കുകയോ ചെയ്താൽ സഭാധ്യക്ഷൻ പ്രസ്തുത വിവരം സഭയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതും തീരുമാനത്തിന് ആസ്പദമായ കാരണങ്ങൾ വിശദീകരിക്കുന്നതുമാണ്.
ഇതിനെ സംബന്ധിക്കുന്ന വ്യവസ്ഥകൾ ലോക്സഭാചട്ടം 58-ആം വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നിയമസഭകളിലും അടിയന്തര പ്രമേയാവതരണം സംബന്ധിച്ചു വ്യവസ്ഥകൾ ഉണ്ട്. കേരള നിയമസഭാചട്ടം 51-ൽ ഇതിനെക്കുറിച്ചുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
പ്രമേയാവതരണത്തിന് അനുവാദം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട അംഗത്തോട് പ്രമേയം അവതരിപ്പിക്കുവാൻ സഭാധ്യക്ഷൻ ആവശ്യപ്പെടുന്നു. പ്രമേയത്തെക്കുറിച്ചുള്ള ചർച്ചകൾക്കുശേഷം, സഭ ഏകകണ്ഠമായോ അഥവാ നിർദിഷ്ടമായ അംഗസംഖ്യയോടുകൂടിയോ പ്രമേയത്തെ അനുകൂലിക്കുന്നപക്ഷം പ്രമേയം പാസ്സാകുന്നതാണ്. നിർദിഷ്ടമായ അംഗസംഖ്യയുടെ അനുവാദം ലഭിക്കാത്തപക്ഷം പ്രമേയം തള്ളപ്പെടും.
അടിയന്തര പ്രമേയത്തിനു നിദാനമായ പ്രശ്നം ഒരു നിശ്ചിതസംഭവമായിരിക്കണം. പ്രശ്നം അടിയന്തരസ്വഭാവമുള്ളതും സഭയുടെ മുൻപിലുള്ള മറ്റു പ്രശ്നങ്ങളെക്കാൾ പ്രാധാന്യം അർഹിക്കുന്നതുമായിരിക്കണം. പൊതുസ്വഭാവമില്ലാത്തതിനാൽ നിരാകരിക്കപ്പെട്ടതോ, വ്യക്തിപരമോ ആയ കാര്യങ്ങൾ അടിയന്തര പ്രമേയത്തിന്റെ വ്യാപ്തിയിൽ പെടുന്നതല്ല. ഒന്നിൽ കൂടുതൽ പ്രശ്നങ്ങൾ പ്രമേയത്തിൽ ഉൾ ക്കൊള്ളിക്കുവാൻ പാടില്ല. നിയമസഭയുടെ ഒരേ സമ്മേളനത്തിൽ ഒന്നിലധികം അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കുവാൻ അനുവദിക്കുന്നതല്ല. അതേ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടതോ, മറ്റുവിധത്തിൽ പരിഗണിക്കുന്നതിനു മാറ്റിവച്ചിട്ടുള്ളതോ, കോടതിയുടെ പരിഗണനയിലിരിക്കുന്നതോ, കോടതിപോലുള്ള അധികാരസ്ഥാപനങ്ങളിൽ (Quasi judicial bodies) തീർച്ചയ്ക്കിരിക്കുന്നതോ ആയ പ്രശ്നങ്ങളും അടിയന്തര പ്രമേയത്തിലൂടെ അവതരിപ്പിക്കുവാൻ പാടില്ല. പ്രമേയത്തെപ്പറ്റിയുള്ള ചർച്ച സഭയുടെ അനുവാദത്തിന് അനുസരണമായി പ്രശ്നത്തിൽമാത്രം ഒതുക്കിനിർത്തുന്നു.
അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ പ്രമേയാവതാരകന് മറുപടി പറയുന്നതിനുള്ള സമയം ലഭിക്കുന്നതാണ്. ചർച്ചകൾക്കുശേഷം നിശ്ചിത സമയത്തുതന്നെ സഭാധ്യക്ഷൻ പ്രമേയത്തിലടങ്ങിയിരിക്കുന്ന പ്രശ്നത്തെപ്പറ്റി തീർപ്പ് കല്പിക്കുവാൻ സഭയ്ക്ക് അവസരം നല്കുന്നതായിരിക്കും.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടിയന്തിരപ്രമേയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |