അഞ്ചാംപത്തി
ശത്രുരാജ്യതാത്പര്യങ്ങൾ ലക്ഷ്യമാക്കി സ്വദേശത്തു രഹസ്യപ്രവർത്തനം നടത്തുന്ന ഗൂഢസംഘത്തെയാണ് അഞ്ചാംപത്തി എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്. സ്വരാജ്യത്തിനുള്ളിൽ വസിച്ചുകൊണ്ട് ശത്രുരാജ്യത്തിന്റെ താത്പര്യങ്ങൾ പുലർത്തുവാനും ഉത്തേജിപ്പിക്കുവാനും രഹസ്യമായി വിധ്വംസകപരിപാടികൾ സംഘടിപ്പിക്കുകയും അതിലൂടെ സ്വരാജ്യത്തിന്റെ ദേശീയഭദ്രത നശിപ്പിക്കുവാൻ ഒളിപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സംഘം എന്നതാണ് അഞ്ചാംപത്തിയെന്ന പ്രയോഗംകൊണ്ട് വിവക്ഷിച്ചിരിക്കുന്നത്. ശത്രുക്കളോടു കൂറുള്ള തദ്ദേശീയർ എന്നും സ്വരാജ്യവഞ്ചകർ എന്നും അഞ്ചാംപത്തിയെ നിർവചിക്കാം. സംഘനാമമായി രൂപംകൊണ്ട പ്രസ്തുത സംജ്ഞ വ്യക്തികളെ പരാമർശിക്കാനും പ്രയോഗിക്കപ്പെടുന്നു.
രാഷ്ട്രീയ ശബ്ദാവലിയിൽ ആധുനികകാലത്ത് പ്രചാരം സിദ്ധിച്ച ഈ പദത്തിന്റെ (Fifth Column) ജൻമദേശം സ്പെയിനാണ്. അവിടെ നടന്ന ആഭ്യന്തരയുദ്ധത്തിൽ (1936-39) ദേശീയവാദികൾ എന്ന് സ്വയം വിളിച്ചിരുന്ന കക്ഷിക്കാരുടെ സേനാനായകൻമാരിൽ ഒരാളായിരുന്ന ജനറൽ എമിലിയോ മോള (General Emilio Mola)[1] ആണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്. സ്പെയിനിലെ അന്നത്തെ ഗവൺമെന്റിനെ തകിടംമറിക്കാനായി നാലു സേനാപംക്തികളെ മാഡ്രിഡിലേയ്ക്ക് നയിച്ചപ്പോൾ ആ നഗരത്തിൽ തന്നെ സഹായിക്കുമെന്ന് നിശ്ചയമുണ്ടായിരുന്നവരെ അദ്ദേഹം അഞ്ചാംപത്തി (പംക്തി) ആയി വിശേഷിപ്പിച്ചു. മാഡ്രിഡിനെതിരായി പൊരുതുന്ന നാലു സേനാപംക്തികൾ എനിക്കുണ്ട്; അനുഭാവികളായ ഒരു അഞ്ചാംപംക്തി വേറെയും. (1936 നവംബർ.)
രണ്ടാം ലോകയുദ്ധകാലത്ത് അഞ്ചാംപത്തി പ്രവർത്തനം നടന്നതിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. ജർമൻ സ്വേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലർ (1889-1945) അഞ്ചാംപത്തികളുടെ പ്രവർത്തനം വിജയകരമായി പ്രയോജനപ്പെടുത്തിയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളെയും കീഴടക്കിയത്. ഹിറ്റ്ലറുടെ യുദ്ധതന്ത്രത്തിന്റെ പ്രധാനഘടകമായ അഞ്ചാംപത്തി പ്രവർത്തനത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. ശത്രുവിനെ ഉള്ളിൽ നിന്നുതന്നെ നശിപ്പിക്കുകയാണ് നമ്മുടെ യുദ്ധതന്ത്രം.
ഹിറ്റ്ലറോടു സഹകരിച്ച നോർവേയിലെ രാജ്യരക്ഷാമന്ത്രി വിഡ്കൺ ക്വിസ്ലിംഗിന്റെ (Vidkun Quising, 1887 1945)[[2] പേർ യൂറോപ്യൻഭാഷകളിൽ അഞ്ചാംപത്തിയുടെ പര്യായമായിത്തീർന്നു.
അഞ്ചാംപത്തി പ്രവർത്തനം നിയമവിരുദ്ധമാണ്; കുറ്റകരമാണ്. രാജ്യരക്ഷാനിയമങ്ങളിൽ ചാരവൃത്തി, വിധ്വംസകപ്രവർത്തനം എന്നിവയെപ്പോലെതന്നെ അഞ്ചാംപത്തിപ്രവർത്തനവും സഗൌരവം വീക്ഷിക്കപ്പെടുന്നു. യു.എസ്സിൽ 1950-ൽ പാസ്സാക്കിയ ആഭ്യന്തരസുരക്ഷിതത്ത്വനിയമാവലിയിൽ അഞ്ചാംപത്തി എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "ജനറൽ എമിലിയോ മോള". Archived from the original on 2011-08-25. Retrieved 2010-11-11.
- ↑ വിഡ്കൺ ക്വിസ്ലിംഗിന്റെ
പുറംകണ്ണികൾ
തിരുത്തുക- fifth column
- fifth column
- How was the term "fifth column" coined? Archived 2012-04-29 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഞ്ചാംപത്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |