ഒരു സമ്മേളനത്തിൽ ചർച്ചചെയ്ത് തീരുമാനിക്കുവാനുദ്ദേശിക്കുന്ന കാര്യപരിപാടികളുടെ വിവരണമാണ് അജൻഡ (ഇംഗ്ലീഷ്:Agenda). കമ്പനികളുടെ സമ്മേളനങ്ങളിലും ഇത്തരം അജൻഡ തയ്യാറാക്കാറുണ്ട്. കൂട്ടു മുതൽ കമ്പനികളെ (Joint Stock Companies) സംബന്ധിച്ചിടത്തോളം അതതു സമ്മേളനങ്ങളുടെ അറിയിപ്പിനോടൊന്നിച്ച് സാധാരണയായി അജൻഡയും അയയ്ക്കുന്നു. കമ്പനിയുടെ കാര്യദർശി അധ്യക്ഷനുമായി ആലോചിച്ചാണ് അജൻഡ തയ്യാറാക്കുന്നത്. അജൻഡ സംക്ഷിപ്തമോ വിശദമോ ആകാം. മുറപ്രകാരമുള്ള ഇനങ്ങൾ (routine items) ആദ്യവും വിവാദപരമായവ അവസാനവും ചേർക്കുകയാണ് പതിവ്.

സമ്മേളന സമയത്ത് കുറിപ്പുകൾ എഴുതിയെടുക്കാൻ സൗകര്യം നല്കത്തക്കരീതിയിൽ കടലാസിന്റെ വലതുഭാഗത്ത് സാമാന്യം വീതിയിൽ ഒരുവശം ശൂന്യമായി വിട്ടുകൊണ്ട് ഇടതുഭാഗത്താണ് അജൻഡ രേഖപ്പെടുത്തുന്നത്. ചിലപ്പോൾ അധ്യക്ഷന്റെ ഉപയോഗത്തിനായി ഒരു അജൻഡാപുസ്തകം സൂക്ഷിക്കാറുണ്ട്. ഈ പുസ്തകത്തിന്റെ ഇടത്തേതാളിൽ അജൻഡ ഏറെക്കുറെ വിശദമായി രേഖപ്പെടുത്തുന്നു. വലത്തേതാൾ കുറിപ്പുകൾ എഴുതുവാൻ ശൂന്യമായി വിടുകയും ചെയ്യുന്നു. കാര്യദർശിയും ഇതുപോലെ ഒരു പുസ്തകം സൂക്ഷിക്കാറുണ്ട്. ഈ കുറിപ്പുകളിൽ നിന്നാണ് പിന്നീട് സമ്മേളനത്തിന്റെ നടപടിക്കുറിപ്പുകൾ (minutes) എഴുതിയുണ്ടാക്കുന്നത്. അധ്യക്ഷനും കാര്യദർശിയും ഉപയോഗിക്കുന്ന അജൻഡയിൽ സാധാരണ അംഗങ്ങൾക്കു നല്കുന്ന അജൻഡയെ അപേക്ഷിച്ച് വിശദമായ വിവരങ്ങൾ കാണും. നടപടിക്കുറിപ്പുകൾ എഴുതുന്നതിന് ഇത് കൂടുതൽ സഹായകമാണ്.

പദോല്പത്തി

തിരുത്തുക

"ചെയ്യപ്പെടേണ്ട കാര്യങ്ങൾ" എന്നർഥത്തിലുള്ള ഒരു ലാറ്റിൻ ബഹുവചന പദമാണ് അജൻഡ. അജൻഡം എന്നാൽ ഒരു ഇനം. ഇതുപോലുള്ള നിരവധി ചെയ്തു തീർക്കാനുള്ള ഇനങ്ങളുടെ കൂട്ടത്തെ അജൻഡ എന്നു ഇന്ന് അറിയപ്പെടുന്നു. എന്നാൽ ആധുനിക ഇംഗ്ലീഷിൽ അജൻഡ എന്നത് ഒരു ഏകവചന രൂപമായിട്ടാണ് പരിഗണിക്കുന്നത്. ബഹുവചനത്തിനു് അജൻഡാസ് എന്നും പറയും.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജൻ‌ഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജൻ‌ഡ&oldid=4122570" എന്ന താളിൽനിന്ന് ശേഖരിച്ചത്