അഗസ്റ്റൻ യുഗം
മാർക് ആന്റണിയെ ആക്റ്റിയം യുദ്ധത്തിൽ പരാജയപ്പെടുത്തിയശേഷം (ബി.സി. 31) അഗസ്റ്റസ് സീസർ എന്ന നാമധേയത്തിൽ ഒക്ടേവിയസ് സീസർ ചക്രവർത്തിയായി ഭരണം തുടങ്ങിയതു മുതൽ മരണം വരെയുള്ള കാലയളവ് (ബി.സി. 27 - എ.ഡി. 14) അഗസ്റ്റൻയുഗം എന്നു പറയപ്പെടുന്നു. റോമൻസാഹിത്യത്തിലെ സുവർണ കാലഘട്ടമായിരുന്നു ഈ യുഗം. ഏതൊരു രാജ്യത്തിന്റെയും സാഹിത്യചരിത്രത്തിൽ ഏറ്റവും മഹനീയമായ കാലത്തെ കുറിക്കുന്ന ഒരു സംജ്ഞയായി ഇത് ഉപയോഗിക്കപ്പെടാറുണ്ട്. ഫ്രഞ്ചു സാഹിത്യത്തിൽ കൊർനേയ്, റസീൻ, മോലിയെ തുടങ്ങിയ സാഹിത്യകാരൻമാരുടെ കാലത്തെയും ഇംഗ്ലീഷ് സാഹിത്യത്തിൽ പോപ്പിന്റെയും അഡിസ്സന്റെയും കാലത്തെയും അതത് സാഹിത്യചരിത്രങ്ങളിലെ അഗസ്റ്റൻയുഗമെന്ന് പറയാറുണ്ട്.
റോമൻ സാമ്രാജ്യത്തിൽ
തിരുത്തുകഅഗസ്റ്റസിന്റെ ഭരണകാലത്ത് ലത്തീൻ കവിത ഉജ്ജ്വലമായ വികാസം പ്രാപിച്ചു. റിപ്പബ്ളിക്കൻ സമ്പ്രദായം മാറി, അഗസ്റ്റസ് സീസറിന്റെ നേതൃത്വത്തിൽ റോമൻ സാമ്രാജ്യം സുസ്ഥാപിതമായതോടുകൂടി കേവല വാഗ്മിത്വത്തിന് സ്ഥാനമില്ലാതായി. ലിവി ഒഴികെ, ക്രിയാത്മകമായ ചരിത്രരചനയ്ക്കുപോലും ഒരുമ്പെട്ടവർ ദുർലഭമായിരുന്നു. എന്നാൽ അഗസ്റ്റസിന്റെ പ്രോത്സാഹനവും മിസീനാസ് എന്ന സമ്പന്നന്റെ രക്ഷാധികാരിത്വവും കവികൾക്ക് ഒരനുഗ്രഹമായിരുന്നു. ലത്തീൻ കവികളിൽ അഗ്രഗണ്യനായ വെർജിൽ ഈ സമയത്താണ് തന്റെ സുപ്രസിദ്ധ കൃതികൾ രചിച്ചത്. ഇവയിൽ പ്രധാനമായ എക്ളോഗ്സ്, ജോർജിക്സ്, ഈനിഡ് എന്നിവയെല്ലാം തന്നെ അഗസ്റ്റൻയുഗത്തിന്റെ പ്രതിഭയ്ക്കു നിദർശനങ്ങളാണ്. ഈനിഡ് രചിക്കുമ്പോൾ രാഷ്ട്രത്തിന്റെ ധാർമിക മൂല്യങ്ങളിലും ചിന്താഗതിയിലും അഗസ്റ്റസ് വരുത്തിയ വ്യതിയാനങ്ങളെ ന്യായീകരിക്കുക എന്ന് ഉദ്ദേശംകൂടി വെർജിലിനുണ്ടായിരുന്നു. ചക്രവർത്തിയെ പ്രശംസിക്കാനും ഇതിലെ ഒരു ഭാഗം കവി വിനിയോഗിച്ചിട്ടുണ്ട്.
കവികളും കവിതയും
തിരുത്തുകഅഗസ്റ്റൻയുഗത്തിലെ മറ്റൊരു കാവ്യമർമജ്ഞനായിരുന്നു ഹോരസ്. കാവ്യരചനയിലും കാവ്യവിമർശനത്തിലും ഒന്നുപോലെ തത്പരനായിരുന്ന ഇദ്ദേഹത്തിന്റെ ആഴ്സ് പൊയറ്റിക്ക (Ars poetica)പില്ക്കാലപാശ്ചാത്യകവികളെ വളരെയേറെസ്വാധീനിച്ചിട്ടുണ്ട്. നിരവധിഭാവകാവ്യങ്ങൾ എഴുതിയതിനുപുറമേ, റോമൻആക്ഷേപഹാസ്യ (Satire)സാഹിത്യത്തിന് ഒരു നവജീവൻ നല്കിയത് ഹോറസ് ആണ്. ടിബുലസ്, ഫ്രൊപെർട്ടിയസ്, ഒവിഡ് ഇവരാണ് ഈ കാലഘട്ടത്തിലെ സ്നേഹഗായകർ. അഗസ്റ്റൻയുഗത്തിന്റെ വക്താവായി അംഗീകരിക്കപ്പെട്ടിട്ടുള്ള കവിയാണ് ഒവിഡ്. ഏതോ കാരണവശാൽ ഇദ്ദേഹം അഗസ്റ്റസിന്റെ കോപത്തിനു പാത്രമായിത്തീരുകയും റോമിൽനിന്നു നാടുകടത്തപ്പെടുകയുമുണ്ടായി. ആത്മാർത്ഥത, ഊർജ്ജസ്വലത, ഭാവാത്മകത എന്നീ ഗുണങ്ങളാണ് ഓവിഡിന്റെ കൃതികളിൽ പ്രകടമായിട്ടുള്ളത്. ഭാവാത്മകത അതിന്റെ ഔന്നത്യത്തിൽ എത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ രൂപാന്തരപ്രാപ്തി (Metamorphoses) എന്ന കൃതിയിലാണ്. യവന-റോമൻപുരാണാഖ്യാനങ്ങളെ ആധാരമാക്കി വിരചിതമായ ഈ കൃതി പില്ക്കാല യൂറോപ്യൻ കവികൾക്കെല്ലാം ഐതിഹാസിക സമ്പത്ത് പ്രദാനം ചെയ്ത ഒരു കാവ്യസൃഷ്ടി തന്നെയാണ്. കരിംകടലിന്റെ ഏകാന്തസാന്ദ്രതയിൽ ഈ കവി കഴിച്ചുകൂട്ടിയ അവസാന നാളുകളാണ് യഥാർത്ഥത്തിൽ റോമൻസാഹിത്യത്തിലെ അഗസ്റ്റൻയുഗത്തിന്റെ അന്ത്യം കുറിക്കുന്നത്.
അഗസ്റ്റീൻ യുഗത്തിന്റെ പ്രത്യേകത
തിരുത്തുകആംഗലേയ സാഹിത്യത്തിൽ സുപ്രധാനമായ ഒരു കാലഘട്ടമാണ് അഗസ്റ്റൻയുഗം. സൂക്ഷ്മമായി പറഞ്ഞാൽ ആനി രാജ്ഞിയുടെ ഭരണകാലമാണ് ഈ സംജ്ഞകൊണ്ടു വിവക്ഷിക്കപ്പെടുന്നതെങ്കിലും ഡ്രൈഡന്റെ മരണം മുതൽ (1700) കാല്പനിക പ്രസ്ഥാനത്തിന്റെ ആവിർഭാവം കുറിച്ചുകൊണ്ട് ലിറിക്കൽ ബാലഡ്സ് എന്ന കാവ്യസമാഹാരം പ്രസിദ്ധീകൃതമായതുവരെ (1798)യുള്ള കാലയളവിനെ ഈ പദത്തിന്റെ അർത്ഥവ്യാപ്തിയിൽ ഒതുക്കി നിർത്താറുണ്ട്. അഗസ്റ്റൻയുഗത്തെ അതിനു മുൻപും പിൻപുമുള്ള കാലത്തിൽനിന്നു വ്യവച്ഛേദിക്കുന്ന ചില സവിശേഷതകളുണ്ട്. വ്യക്തിക്കു കൂടുതൽ പ്രാധാന്യം നല്കുവാനായി സാമൂഹികബോധത്തിനും വീക്ഷണത്തിനും പ്രാമുഖ്യം നല്കിയിരുന്നു എന്നതായിരുന്നു അഗസ്റ്റൻയുഗത്തിലെ കൃതികളുടെ പ്രധാനമായ പ്രത്യേകത. ലോക്ക്, ഷാഫ്റ്റ്സ്ബറി, ആഡിസൺ, ഹ്യൂം, ആഡം സ്മിത്ത് എന്നിവരുടെ രചനകളിൽ ഈ സാമൂഹികബോധം പ്രതിഫലിച്ചിട്ടുണ്ട്. സാഹിത്യത്തെ വ്യക്തിനിഷ്ടഠമായ വൈകാരികാനുഭൂതികൾ പകർത്തുന്നതിനോ, ആത്മാവിന്റെ അന്തർദാഹങ്ങളെ ആവിഷ്കരിക്കുന്നതിനോ ഉള്ള ഉപാധിയായി അഗസ്റ്റൻയുഗത്തിലെ എഴുത്തുകാർ ആരുംതന്നെ കരുതിയിരുന്നില്ല. ഇതിന്റെ പരിണതഫലമായി കവിത പോലും സാധാരണീകരിക്കപ്പെട്ടു. ഉദാത്തമായ ഭാവനയുടെയും കാല്പനികതയുടെയും അഭാവം അഗസ്റ്റൻകവിതയിൽ അനുഭവപ്പെടുന്നു. കവിതയെ തേച്ചുമിനുക്കി മോടിപിടിപ്പിക്കുന്നതിലുള്ള വ്യഗ്രതയാണ് ഈ കാലത്തെ കവികൾ അധികമായി പ്രദർശിപ്പിച്ചത്. അവരുടെ ഫലിതോക്തിപ്രതിഭയുടെ ആവിഷ്കരണത്തിന് ഏറ്റവും ഉചിതമായ ഉപാധി ഹെറോയിക് കപ്ലറ്റ് (Heroic Couplet) ആയിരുന്നു.
നിയോ ക്ലാസിക്കൽ യുഗം
തിരുത്തുകഅഗസ്റ്റൻയുഗത്തിലെ കവികൾ യവന-റോമൻകാവ്യമർമജ്ഞൻമാർ ആലേഖനം ചെയ്ത സാഹിത്യസങ്കേതങ്ങൾക്ക് അനുസൃതമായി സാഹിത്യരചന ചെയ്യുന്നതിൽ വ്യാപൃതരായിരുന്നു. ഔചിത്യദീക്ഷയും നിഷ്കൃഷ്ടതയുമായിരുന്നു അവരുടെ ലക്ഷ്യം. സങ്കേതപ്രധാനമായിരുന്ന ഈ കാലഘട്ടത്തിന് നിയോ ക്ലാസിക്കൽ യുഗമെന്നും പേരുണ്ട്. ഹോറസ്സായിരുന്നു ഇക്കാലത്തെ കവികൾക്കു മാർഗദർശകൻ. ക്ളാസിക്കൽ കവിതയുടെ സകലവിധ പ്രവണതകളും അലക്സാണ്ടർ പോപ്പിന്റെ കവിതകളിൽ ഉൾ ക്കൊണ്ടിരിക്കുന്നതിനാൽ ഈ കാലഘട്ടത്തെ പോപ് യുഗമെന്നും വിളിക്കുന്നു. എസ്സേ ഒൺ ക്രിട്ടിസിസം (Essay on Criticism ) എന്ന കൃതിയിൽ അരിസ്റ്റോട്ടൽ ലൊഞ്ജൈനസ്, ക്വിന്റിലിയൻ തുടങ്ങിയ ക്ലാസിക്കൽ പണ്ഡിതൻമാരുടെ നിരൂപണരീതിയെ പിൻതുടരുവാൻ പോപ് ഉദ്ബോധിപ്പിക്കുന്നു. ഹെറോയിക് കവിതയുടെ ഹാസ്യാനുകരണമായി പോപ് രചിച്ച ദ് റേപ് ഒഫ് ദ ലോക്ക് (The Rape of the Lock ) എന്ന കവിത, നിയോ ക്ളാസിക്കൽ യുഗത്തിന്റെ പ്രത്യേക പ്രവണതകളുടെ മകുടോദാഹരണമായി നിലകൊള്ളുന്നു. പ്രിയർ, പാർണസ്, ഗ്രേ എന്നിവരുടെ മിക്ക കവിതകളും അഗസ്റ്റൻ കവിതയെ പ്രതിനിധാനം ചെയ്യാൻ പോന്നവയാണ്. ഗോൾഡ്സ്മിത്ത് ഈ യുഗത്തിന്റെ അന്തിമഭാഗത്തോടടുപ്പിച്ച് കാവ്യരചന നടത്തിയെങ്കിലും, അദ്ദേഹത്തിന്റെ കവിതകളിൽ അഗസ്റ്റൻയുഗത്തിന്റെ സ്വഭാവത്തിനു ചേരാത്ത വൈകാരികത കടന്നുകൂടിയിട്ടുണ്ട്.
ആക്ഷേപഹാസസാഹിത്യത്തിന്റെ കാലഘട്ടം
തിരുത്തുകആക്ഷേപഹാസ്യസാഹിത്യം ഇത്ര തഴച്ചുവളർന്ന മറ്റൊരു കാലഘട്ടം ആംഗലേയസാഹിത്യചരിത്രത്തിൽ ഇല്ലെന്നുതന്നെ പറയാം. നിശിതാപഹാസത്തിനു പോപ്പിന്റെ കവിതകൾ സുപ്രസിദ്ധമാണ്. നോവലിലും ഈ പ്രവണത കടന്നുകൂടി. അഗസ്റ്റൻയുഗത്തിന്റെ ഒരു സവിശേഷതയാണ് നോവൽസാഹിത്യത്തിന്റെ വളർച്ച. സ്റ്റേൺ, ഡീഫോ, റിച്ചാഡ്സൺ, ഫീൽഡിങ്ങ് തുടങ്ങിയ പ്രതിഭാശാലികൾ ഈ കാലത്താണ് ആംഗലേയസാഹിത്യരംഗത്തെ അലങ്കരിച്ചത്. ജേർണലിസം രംഗപ്രവേശം ചെയ്തതും ഇക്കാലത്തുതന്നെയാണ്. ഇതിന് നേതൃത്വം നല്കിയത് ഡീഫോ, ആഡിസൺ, സ്റ്റീൽ എന്നിവരാണ്. ആഡിസണും സ്റ്റീലും ചേർന്ന് പ്രസിദ്ധീകരിച്ച ടാറ്റലറും (Tatler), സ്പെക്റ്റേറ്ററും (Spectator) ലളിതസുന്ദരമായ പ്രബന്ധങ്ങളുടെ രചനയ്ക്കു വഴിതെളിച്ചു. കോഫിഹൗസ് സാമൂഹികജീവിതത്തിന്റെ സുപ്രധാനഘടകമായിരുന്ന ഈ കാലത്ത് സംഭാഷണം ഒരു കലയായി കരുതപ്പെട്ടിരുന്നു. ലണ്ടനിലെ കോഫിഹൗസുകളിൽവച്ച് ജോൺസൺ, ബർക്ക്, ഗോൾഡ്സ്മിത്ത് മുതലായവർ നടത്തിയ സംവാദം ബോസ്വെലിന്റെ കൃതിയായ ജോൺസന്റെ ജീവചരിത്രത്തിൽ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. അഗസ്റ്റൻയുഗത്തെ രജതയുഗം (Silver Age) എന്നും വിളിക്കാറുണ്ട്. 19-ം ശതകത്തിലെ സാഹിത്യകാരൻമാർ അഗസ്റ്റൻയുഗത്തെ നിശിതമായി വിമർശിച്ചിട്ടുണ്ടെങ്കിലും 20-ം ശതകത്തിലെ കവികൾ അഗസ്റ്റൻസാഹിത്യത്തിനു കൂടുതൽ പരിഗണന നല്കിയിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗസ്റ്റൻ യുഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |