അഖ്‌തർ മൊഹിയുദ്ദീൻ
ഉർദു സാഹിത്യകാരനായ അഖ്തർ മൊഹിയുദ്ദീൻ 1928-ൽ ശ്രീനഗറിലെ ബഡാമാലൂവിൽ ജനിച്ചു. ഇന്ത്യൻ സ്വാതന്ത്യസമരത്തിലും കശ്മീരിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിലും പങ്കെടുത്തു. 1947-ൽ കശ്മീർ സാംസ്കാരി മുന്നണിയിൽ അംഗമായി. 49-ൽ ബി.എ. ബിരുദം നേടി.
ആദ്യമായി ഉർദുവിലും പിന്നീട് കശ്മീരിയിലും ചെറുകഥകൾ എഴുതിത്തുടങ്ങി. 1954-ൽ അന്താരാഷ്ട്ര ചെറുകഥാമൽസരത്തിൽ രണ്ടാം സമ്മാനത്തിന് അർഹനായി. ഇദ്ദേഹത്തിന്റെ സത്സംഗർ എന്ന ചെറുകഥാസമാഹാരത്തിന് 1958-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡു ലഭിച്ചു. 64-ൽ അഖ്തർ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി. 68-ൽ പദ്മശ്രീ ബഹുമതിയും 69-ൽ ബംഗ്ളാസാഹിത്യ സമ്മേളൻ അവാർഡും ലഭിച്ചു. ദേശീയോദ്ഗ്രഥന കൌൺസിലിന്റെ ആഭിമുഖ്യത്തിൽ രൂപവത്കരിച്ച പൊതുജനമാധ്യമക്കമ്മിറ്റിയിലെ വിദഗ്ദ്ധാംഗമായിരുന്ന അഖ്തർ, ജമ്മു-കശ്മീർ ഗവണ്മെന്റ് പാഠ്യപുസ്തകസമിതി, കശ്മീർ ഡെമോക്രാറ്റിക് റൈറ്റേഴ്സ് കമ്മിറ്റി എന്നിവയിൽ അംഗമായും കശ്മീരി ഭാഷാ നിഘണ്ടുവിന്റെ എഡിറ്ററായും പ്രവർത്തിച്ചു. സത്സംഗർ, സോയെൻശേ (കഥാസമാഹാരങ്ങൾ), ദോദ് ദാഗ്, സുതേസലാന (നോവലുകൾ), ത്ഷയ് (ഇബ്സന്റെ പ്രേതങ്ങൾ - ഏവീ - എന്ന നാടകത്തിന്റെ തർജുമ); ദലേല (നാടോടിക്കഥകൾ) എന്നിവയാണ് പ്രസിദ്ധകൃതികൾ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഖ്‌തർ മൊഹിയുദ്ദീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |