ഒരു വലനത്തെ (fold) പ്രതിസമമായി വിഭജിക്കുന്ന തലത്തിനു ഭൂവിജ്ഞാനീയത്തിൽ നൽകപ്പെട്ടിരിക്കുന്ന പേരാണ് അക്ഷതലം. (transverse plane , horizontal plane, axial plane, transaxial plane)

Transverse plane
ലാറ്റിൻ plana transversalia
Dorlands/Elsevier p_22/12644673

മിക്കവാറും വലനങ്ങളിൽ അക്ഷതലം ഊർധ്വതന(vertical) മായിരിക്കും; ചിലപ്പോൾ ചരിഞ്ഞും തിരശ്ചീന (horizontal) മായും കാണപ്പെടാറുണ്ട്. സാധാരണയായി അക്ഷതലം നിരപ്പുള്ളതായിരിക്കും; വക്രിച്ചും ആകാം. അക്ഷതലത്തിന്റെ സ്വഭാവം നിർണയിക്കുന്നത് വലിതസ്തരങ്ങളുടെ (folder beds) നതിയും (dip) നതിലംബ(strike)വും ആണ്. സ്തരങ്ങളുടെ നതിയോ നതിലംബമോ രണ്ടുംചേർന്നോ അവിടവിടെ വ്യത്യാസപ്പെടുമ്പോൾ അക്ഷതലം വക്രിച്ചു കാണുന്നു.


ഏതെങ്കിലുമൊരു സ്തരവും അക്ഷതലവുമായുള്ള പ്രതിച്ഛേദരേഖയാണ് അക്ഷം (axis). ഒരേ വലനത്തിൽ തന്നെ അനേകം അക്ഷരേഖകളുണ്ടാകും. ഇവയൊക്കെ അന്യോന്യം സമാന്തരമായിരിക്കും. വലനത്തിന്റെ സ്വഭാവം മനസ്സിലാക്കുവാൻ ഏതെങ്കിലുമൊരു സ്തരത്തിന്റെ അക്ഷം പരിശോധി ച്ചാൽ മതിയാകും. അക്ഷതലങ്ങളെപ്പോലെ തന്നെ അക്ഷവും ഊർധ്വതനമോ ചരിഞ്ഞതോ തിരശ്ചീനമോ ആയിരിക്കും.

ഏറിയകൂറും അക്ഷം വലനത്തിലെ ഏറ്റവും ഉയർന്ന ഭാഗത്തെ - ശീർഷം (crest), ഖണ്ഡിക്കുന്നു. ഓരോ സ്തരത്തിനും അതതിന്റെ ശീർഷമുണ്ടാകും. ആ ശീർഷങ്ങളിലൂടെ കടന്നുപോകുന്ന തലമാണ് ശീർഷതലം (crestal plane) സാധാരണഗതിയിൽ ശീർഷവും അക്ഷവും തമ്മിലുള്ളവ്യത്യാസം പരിഗണനയിലെത്തുന്നില്ല. എന്നാൽ പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ നിക്ഷേപങ്ങളിൽ ഈ വ്യത്യാസം പ്രകടമാണ്. ഇവിടെ അക്ഷത്തെയും അക്ഷതലത്തെയുംകാൾ ശീർഷത്തിനും ശീർഷതലത്തിനുമാണു പ്രാ മുഖ്യം.

സമവലന(symmetric fold)ങ്ങളിൽ അക്ഷതലം ഊർധ്വതനമായിരിക്കും; അസമവലന(asymmetric fold)ങ്ങളിൽ ചരിഞ്ഞുകാണുന്നു. ശയനവലന(recumbent fold)ങ്ങളിലാവട്ടെ അക്ഷതലം തിരശ്ചീനമാണ്. നോ: അപനതി; അഭിനതി; വലനം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്ഷതലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്ഷതലം&oldid=3087723" എന്ന താളിൽനിന്ന് ശേഖരിച്ചത്