അക്വില (ബൈബിൾ കഥാപാത്രം)

(അക്വില ഒന്നാം ശതകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിശുദ്ധ പൗലോസിന്റെ ഉറ്റമിത്രവും സഹപ്രവർത്തകനുമായിരുന്ന ഒരു ആദ്യകാലക്രൈസ്തവ വിശ്വാസി. ക്രിസ്തുവിന്റെ അനുയായികളോട് പ്രതിപത്തി കാണിച്ചു എന്ന കാരണത്താൽ എ.ഡി. 49-ൽ റോമിൽനിന്നു ക്ലാഡിയസ് ചക്രവർത്തി നാടുകടത്തിയ യഹൂദൻമാരിൽ ഇദ്ദേഹവും ഉൾപ്പെട്ടിരുന്നു. തൻമൂലം വിശുദ്ധ പൗലോസിനെ കണ്ടുമുട്ടുന്നതിനു മുൻപുതന്നെ അക്വിലയും അദ്ദേഹത്തിന്റെ ഭാര്യ പ്രിസ്കയും (പ്രിസ്സില) ക്രിസ്ത്യാനികളായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു. പൗലോസും അക്വിലയും കൂടാരപ്പണിക്കാരായിരുന്നതിനാൽ കൊരിന്തിൽ വച്ചു കണ്ടുമുട്ടിയതിനെ തുടർന്ന് അവർ ഒരുമിച്ചു താമസിച്ചതായി അപ്പോസ്തലപ്രവൃത്തികളിൽ (18:3-4) രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവവിശ്വാസം പ്രചരിപ്പിക്കുന്നതിൽ അവർ വി. പൗലോസിനു ചെയ്തുകൊടുത്ത സഹായത്തെപ്പറ്റി ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയേയും അക്വിലാവേയും വന്ദനം ചെയ്യുവിൻ. അവർ എന്റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു എന്നു ബൈബിളിൽ പരാമർശമുണ്ട് (റോമ. 16 : 3-4).

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വില (ബൈബിൾ കഥാപാത്രം) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.