അക്രിയാവാദം
പൂരണകശ്യപൻ എന്ന മുനി പ്രചരിപ്പിച്ച ഒരു സിദ്ധാന്തമാണ് അക്രിയാവാദം. ഒരുവൻ ചെയ്യുന്ന കർമം പുണ്യമായാലും പാപമായാലും ഫലം ആത്മാവിനെ സ്പർശിക്കുന്നില്ല എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. ആത്മാവു തികച്ചും നിഷ്ക്രിയമാണ്. അതുകൊണ്ടാണ് കർമങ്ങൾ അതിനെ തീണ്ടാത്തത്. പൂരണകശ്യപൻ ഹേതുവിനെയും തന്മൂലം ഫലത്തെയും അംഗീകരിക്കുന്നില്ല (അഹേതുവാദം). അഹേതുവാദത്തിലധിഷ്ഠിതമായ അക്രിയാവാദമനുസരിച്ച് ഒരുവൻ ജീവിതം മുഴുവൻ സത്യധർമാദികൾ പാലിച്ചു നടന്നാലും ധ്വംസിച്ചു നടന്നാലും അവന്റെ പ്രവൃത്തികൾ അവനെ യോഗ്യനോ അയോഗ്യനോ ആക്കുന്നില്ല.
പൂർണത കൈവന്നവൻ എന്ന അർത്ഥത്തിലാണ് അക്രിയാവാദത്തിന്റെ ഉപജ്ഞാതാവായ ഈ കശ്യപൻ പൂരണ(പൂർണ)കശ്യപനായത്. ബ്രാഹ്മണകുലജാതനായ ഇദ്ദേഹം ഒരു മതവിഭാഗത്തിന്റെ (അക്രിയാവാദികൾ) സ്ഥാപകഗുരുവായിരുന്നു. അജാതശത്രു എന്ന രാജാവ് ഒരിക്കൽ ഇദ്ദേഹത്തെ സന്ദർശിച്ച അവസരത്തിൽ അക്രിയാവാദം വിശദീകരിക്കപ്പെടുകയുണ്ടായി എന്ന് ഒരു കഥയുണ്ട്. നന്മതിന്മകൾ സങ്കല്പത്തെ പൂർണമായും നിഷേധിക്കുന്ന ഒരു മതം ഭാരതത്തിൽ അറിയപ്പെട്ടിട്ടുള്ളത്. ചാർവാകന്റേതു മാത്രമാകയാൽ അക്രിയാവാദത്തിലൂടെ പൂരണകശ്യപൻ വിവക്ഷിച്ചിട്ടുള്ളത് ആത്മാവ് നിഷ്ക്രിയമാണെന്നും നന്മതിന്മകൾ ക്കതീതമാണെന്നുമുള്ള വേദപ്രതിപാദിതമായ തത്ത്വം തന്നെയായിരിക്കുമെന്ന് ഒരഭിപ്രായമുണ്ട്. പൂരണകശ്യപസിദ്ധാന്തം സാംഖ്യസിദ്ധാന്തത്തിൽ നിന്ന് ഭിന്നമല്ലെന്ന് ശീലാങ്കൻ എന്ന ജൈനവ്യാഖ്യാതാവ് പറഞ്ഞിട്ടുമുണ്ട്. ജ്ഞാനത്തിനും അന്തർദൃഷ്ടിക്കും ഹേതുവിന്റെ ആവശ്യമില്ല എന്ന പക്ഷമാണ് കശ്യപനുണ്ടായിരുന്നത്. ഇതായിരിക്കണം അഹേതുവാദത്തിന്റെ നിഷ്കൃഷ്ടമായ പൊരുൾ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്രിയാവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |