ഗവൺമെന്റിന്റെ വരവു ചെലവു കണക്കുകൾ സൂക്ഷിക്കുവാനും, ധനവിനിയോഗം നിയമാനുസൃതമായ രീതിയിലാണോ എന്നു പരിശോധിക്കുവാനും നിയുക്തനായ ഉദ്യോഗസ്ഥനാണ്‌ അക്കൗണ്ടന്റ് ജനറൽ.

ഇന്ത്യൻ ഭരണഘടന അനുസരിച്ച് കേന്ദ്രഗവൺമെന്റിലെ കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറലിന്റെ അധികാരങ്ങളും ചുമതലകളും സംസ്ഥാനതലത്തിൽ പ്രയോഗിക്കുന്നത് അക്കൗണ്ടന്റ് ജനറൽ ആണ്. ഭരണനിർവഹണവിഭാഗം (Executive) നടത്തുന്ന ധനവിനിയോഗത്തെ നിയന്ത്രിക്കുവാൻ നിയമനിർമ്മാണവിഭാഗത്തെ (Legislature) ഏറ്റവും കൂടുതൽ സഹായിക്കുന്നത് ഈ ഉദ്യോഗസ്ഥൻ സമർപ്പിക്കുന്ന ആഡിറ്റ് റിപ്പോർട്ടാണ്. സാധാരണ ഭരണകാര്യങ്ങളിൽ ഗവൺമെന്റിന്റെ പ്രവർത്തനവൈകല്യങ്ങൾ കണ്ടുപിടിക്കാൻ നിയമസഭയ്ക്ക് കഴിയും. എന്നാൽ അത്യന്തം സങ്കീർണമായ ധനവിനിയോഗനടപടികൾ പരിശോധിക്കുവാൻ പ്രത്യേകപരിശീലനവും പ്രയത്നവും ആവശ്യമാണ്. ഇവിടെയാണ് അക്കൗണ്ടന്റ് ജനറലിന്റെ സഹായം നിയമസഭയ്ക്ക് അനുപേക്ഷണീയമായിത്തീരുന്നത്. ഗവൺമെന്റിന്റെ ധനവിനിയോഗപ്രവർത്തനങ്ങളിൽ ക്രമക്കേടുള്ളതായി കണ്ടെത്തിയാൽ അതിനെ ഈ ഉദ്യോഗസ്ഥൻ ആഡിറ്റ് റിപ്പോർട്ടിലൂടെ അസംബ്ലിയുടെ ശ്രദ്ധയിൽപെടുത്തുന്നു.[1]

ഇന്ത്യൻ അക്കൗണ്ട്സ് ആൻഡ് ആഡിറ്റ് സർവീസിലെ (I.A.& A.S.) ഉന്നതനായ ഒരു ഉദ്യോഗസ്ഥനെയാണ് ഒരു സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറലായി നിയമിക്കുന്നത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറലിനോടാണ്. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അക്കൗണ്ടന്റ് ജനറലിനെ സ്ഥലം മാറ്റാം. ഓരോ സംസ്ഥാനത്തിനും പ്രത്യേകം അക്കൌണ്ടന്റ് ജനറൽ വേണമെന്നാണ് വ്യവസ്ഥ. എന്നാൽ പ്രത്യേക പരിതഃസ്ഥിതികളിൽ ഒരു അക്കൗണ്ടന്റ് ജനറൽ ഒന്നിലധികം സംസ്ഥാനങ്ങളിലെ ആഡിറ്റിംഗിന്റെ ചുമതല വഹിച്ചുകൂടായ്കയില്ല. ഉദാഹരണമായി പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്ക് പൊതുവായി ഒരു അക്കൗണ്ടന്റ് ജനറലേയുള്ളു; അതുപോലെ അസമിലെയും നാഗാലൻഡിലെയും ആഡിറ്റിംഗ് പ്രവർത്തനങ്ങൾ ഒരു അക്കൗണ്ടന്റ് ജനറലിന്റെ കീഴിലാണ്. ഒരു സംസ്ഥാനത്തിലെ അക്കൗണ്ടന്റ് ജനറൽ സമീപസ്ഥമായ കേന്ദ്രഭരണ പ്രദേശങ്ങളിലെ ആഡിറ്റിംഗു കൂടി നിർവഹിക്കുന്ന ഉദാഹരണങ്ങളുമുണ്ട്.[2]

ഭാരിച്ച ഉത്തരവാദിത്തമാണ് ഈ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കുന്നത്. ഗവൺമെന്റ് കാലാകാലങ്ങളിൽ ചെലവാക്കുന്ന തുകകൾ ആഡിറ്റു ചെയ്യുകയെന്നതാണ് മുഖ്യകർത്തവ്യം. ഗവൺമെന്റിന്റെ വരവുചെലവു കണക്കുകൾ സൂക്ഷിക്കുകയെന്നതും ഇദ്ദേഹത്തിന്റെ ജോലിയിൽപെടുന്നു. നിയമസഭ ബഡ്ജറ്റിലൂടെ അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ തുക ചെലവാക്കാതെ നിയന്ത്രിക്കേണ്ടതും ഇദ്ദേഹമാണ്. നിയമവിധേയമല്ലാത്ത ചെലവിനത്തെ തടയുന്നതിന് ഇദ്ദേഹത്തിനധികാരമുണ്ട്. നിയമസഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മുമ്പിലും കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറലിന്റെ മുമ്പിലും അക്കൗണ്ടന്റ് ജനറൽ ആഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നു.

  1. http://www.gov.bm/portal/server.pt?open=512&objID=255&&PageID=230417&mode=2 ABOUT THE ACCOUNTANT GENERAL'S DEPARTMENT
  2. http://www.oagfnig.org/ Archived 2011-02-10 at the Wayback Machine. Functions of The Accountant General of The Federation

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കൗണ്ടന്റ് ജനറൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കൗണ്ടന്റ്_ജനറൽ&oldid=4110180" എന്ന താളിൽനിന്ന് ശേഖരിച്ചത്