യൂറിയൽ അക്കോസ്റ്റ
ജൂതദാർശനികൻ. സ്പിനോസയുടെ മുൻഗാമി. പോർച്ചുഗലിൽ ഒട്ടോപ്പോവിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു. മതപഠനതത്പരനായിരുന്ന ഇദ്ദേഹം കാനോൻ നിയമത്തിൽ വിദഗ്ദ്ധപഠനം നടത്തി. വെളിപ്പെടുത്തപ്പെട്ട മതങ്ങളെല്ലാം അസംബന്ധമാണെന്നും പ്രകൃതി നിയമങ്ങളിലും യുക്തിവിചാരത്തിലും അധിഷ്ഠിതമായ മതം മാത്രമേ മനുഷ്യന് സന്തോഷവും അഭിവൃദ്ധിയും അന്തസ്സും നല്കുകയുള്ളു എന്നും ഇദ്ദേഹം വാദിച്ചു. പിന്നീട് ക്രിസ്തുമതം ഉപേക്ഷിച്ച് ജൂതമതം സ്വീകരിച്ചു. ഇദ്ദേഹം ആത്മാവിന്റെ അനശ്വരത എന്ന ആശയത്തെ എതിർത്തു. വിശുദ്ധ ഗ്രന്ഥങ്ങളിലെ ജൂതമതവും പ്രായോഗിക ജൂതമതവും തമ്മിലുള്ള വൈപരീത്യം അക്കോസ്റ്റായെ നിരാശനാക്കി. തുടർന്ന് റബിമാരുടെ ജൂതമതത്തെ എതിർത്തതിനെ ചൊല്ലി മതഭ്രഷ്ടനാക്കപ്പെട്ടു. എങ്കിലും ഒറ്റപ്പെട്ട ജീവിതം മുഷിഞ്ഞപ്പോൾ പശ്ചാത്താപം പ്രകടിപ്പിച്ചു തിരികെ ജൂതമതത്തിൽ ചേർന്നു. പഴയ തെറ്റ് ആവർത്തിച്ചതിനാൽ വീണ്ടും ബഹിഷ്കൃതനായി. ഒരിക്കൽക്കൂടി മതത്തിൽ ചേർന്നു സ്വന്തം വിശ്വാസങ്ങൾ തെറ്റാണെന്നു പരസ്യമായി ഇദ്ദേഹത്തിന് പ്രഖ്യാപിക്കേണ്ടിവന്നു. അഭിമാനക്ഷതംകൊണ്ട് അസ്വസ്ഥനായിത്തീർന്ന അക്കോസ്റ്റാ ഒടുവിൽ സ്വന്തം ജീവിതകഥ എഴുതിവച്ചശേഷം 1640-ൽ ആത്മഹത്യ ചെയ്തു.[1]
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- http://www.saudades.org/uriel.html Archived 2005-11-05 at the Wayback Machine.
- http://www.answers.com/topic/uriel-acosta
- http://www.jstor.org/pss/1451559
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ യൂറിയൽ അക്കോസ്റ്റ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |