സംഘകാലതമിഴകത്ത് രൂപമെടുത്ത ഒരു ഗാനശാഖയും നൃത്തശൈലിയും. തമിഴ്സാഹിത്യത്തിൽ അകം എന്ന പദത്തിന് പല അർത്ഥങ്ങളും കല്പിച്ചിരുന്നു. രാജാവുമായോ രാജമന്ദിരവുമായോ ബന്ധപ്പെട്ടത് എന്ന അർത്ഥത്തിൽ അകം പ്രയോഗിച്ചിട്ടുണ്ട്. മാർകം ശാസ്ത്രമേഖലയിലെ മാർഗം എന്ന പദത്തിന്റെ തമിഴ് തദ്ഭവമാണ്. ആ നിലയ്ക്ക് അകമാർകം എന്നത് രാജസമക്ഷം വേത്തിയൽ എന്ന പേരിൽ അവതരിപ്പിച്ചുവന്ന ശാസ്ത്രീയ കലാസമ്പ്രദായങ്ങളിലെ പ്രൌഢഗംഭീരമായ മാർഗം എന്ന ഗാനശൈലിയെയോ, സത്വരജസ്തമോഗുണങ്ങളെയും സാത്വതീ, ആരഭടീ എന്നീ വൃത്തികളെയും അവലംബമാക്കി രൂപപ്പെടുത്തിയ നൃത്തസമ്പ്രദായത്തെയോ കുറിക്കുന്നതായിരിക്കാം. അകമാർഗം എന്ന ഗാനശൈലിക്ക് അരുമൈയിർപാടൽ എന്നും നൃത്തശൈലിക്ക് മുക്കുണം പറ്റവരും മെയ്ക്കൂത്ത് എന്നും പിങ്കളന്തെ എന്ന നിഘണ്ടു അർത്ഥം പറയുന്നു. പാടി ഫലിപ്പിക്കാനും ആടി രസിപ്പിക്കാനും പ്രയത്നമേറെ വേണ്ടിവരുന്ന രണ്ടു ശൈലികളായിട്ടാണ് മറ്റു ചില നിഘണ്ടുക്കൾ അവയെ വിവരിക്കുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകമാർകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകമാർകം&oldid=2279650" എന്ന താളിൽനിന്ന് ശേഖരിച്ചത്