അങ്കണവാടി

ഇന്ത്യൻ സർക്കാരിന്റെ ഒരു ഗ്രാമീണ ശിശു സംരക്ഷണ പദ്ധതി
(അംഗൻവാടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേന്ദ്രസർക്കാർ ഐ.സി.ഡി.എസ്. സേവനഭാഗമായി 1975 ഒക്ടോബർ 2ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 106-ാം ജന്മദിനത്തിൽ, കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവും പട്ടിണിയും ഇല്ലാതാക്കാനായി തുടങ്ങിയ പദ്ധതിയാണ് അങ്കണവാടി അഥവാ അംഗൻവാടി. ഗർഭിണികൾ, നവജാതശിശുക്കൾ, 6 വയസ്സിനു താഴെയുള്ള കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരാണ് അങ്കണവാടികളിലെ ഉപയോക്താക്കൾ.

അംഗൻവാടി
തമിഴ്‌നാട്ടിലെ ഒരു അംഗൻവാടി
നിരപ്പംകുന്നു് അങ്കണവാടി, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്, കോഴിക്കോടു് ജില്ല
നിരപ്പംകുന്നു് അങ്കണവാടിയിൽ - കുട്ടികളും അങ്കണവാടി വർക്കറും
നിരപ്പംകുന്നു് അങ്കണവാടിയിൽ - കുട്ടികൾ
കരുണാറാം അങ്കണവാടി, നന്മണ്ട ഗ്രാമപഞ്ചായത്ത്, കോഴിക്കോടു് ജില്ല
കരുണാറാം അങ്കണവാടി - പ്രാർത്ഥനയോടെ ഒരു ദിനം ആരംഭിക്കുന്നു
കരുണാറാം അങ്കണവാടി - ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷം
കരുണാറാം അങ്കണവാടി - വിശേഷ ദിവസത്തെ ഉച്ചയൂണു്

പ്രവർത്തനങ്ങൾ തിരുത്തുക

ഒരു മാതൃകാ അംഗൻവാടികേന്ദ്രം ഇന്ത്യൻ ഗ്രാമങ്ങളിൽ വേണ്ട അടിസ്ഥാന ആരോഗ്യരക്ഷ സംവിധാനം നൽകുന്നു. ഇത് ഇന്ത്യയിലെ പൊതു ആരോഗ്യപരിപാലനസേവനസംവിധാനത്തിന്റെ ഭാഗമാണ്.

നവജാതശിശുക്കളുടെ ആരോഗ്യനിരീക്ഷണം, പ്രീ സ്കൂൾ വിദ്യാഭ്യാസം, പോഷണങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിതരണം, പോഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ നൽകൽ, ഗർഭനിരോധനോപാധികളെ പറ്റിയുള്ള ഉപദേശങ്ങൾ, അവയുടെ വിതരണം എന്നിവ അങ്കണവാടികളിലെ പ്രവർത്തനങ്ങളിൽ പെടുന്നു.[1] അടിസ്ഥാന മരുന്നുകൾ,എന്നിവ ഇവിടെ സൂക്ഷിക്കുകയും ചെയ്യുന്നു. പ്രതിരോധ മരുന്ന് നൽകൽ, ആരോഗ്യപരിശോധന, ആശുപത്രികളിലേയ്ക്ക് ആവശ്യമെങ്കിൽ രോഗികളെ അയയ്ക്കുക എന്നീ സേവനങ്ങളും അങ്കണവാടികളിലൂടെ നൽകപ്പെടുന്നു.[2] ഈ കേന്ദ്രങ്ങൾ, ഒ.ആർ.എസിന്റെയും അടിസ്ഥാന മരുന്നുകളുടെയും ഗർഭനിരോധനോപാധികളുടെയും സംഭരണവിതരണ കേന്ദ്രങ്ങളായും പ്രവർത്തിച്ചുവരുന്നുണ്ട്.

അങ്കണവാടി കേന്ദ്രങ്ങൾ ഗ്രാമങ്ങളിലെ അടിസ്ഥാന ആരോഗ്യപരിപാലനകേന്ദ്രങ്ങളായും വർത്തിക്കുന്നു. ഇത് ഇന്ത്യയിലെ പൊതുജനാരോഗ്യപദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിൽ 2013 ജനുവരി 31-ന് 13.3 ലക്ഷം അങ്കണവാടികളും മിനി അങ്കണവാടികളും പ്രവർത്തിക്കുന്നുണ്ട്. 13.7 ലക്ഷം ആണ് അനുവദിച്ച അങ്കണവാടികളുടെ എണ്ണം.[3] ഇവ പോഷകാഹാരവിതരണം, അനൗപചാരിക വിദ്യാഭ്യാസപ്രവർത്തനം, പോഷകാഹാരവും ആരോഗ്യപരിപാലനവും ആരോഗ്യവിദ്യാഭ്യാസം, രോഗപ്രതിരോധപ്രവർത്തനങ്ങൾ, ആരോഗ്യപരിശോധന, കൂടുതൽ പരിശോധനയ്ക്കും രോഗനിർണ്ണയനത്തിനുമായി ആശുപത്രികളുലേയ്ക്കു റഫർ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ അംഗൻവാടിയുടെ കടമയാണ്. അംഗൻവാടി തൊഴിലാളിയുടെ അടിസ്ഥാന ജോലികൾ വളരെ പ്രാധാന്യമുള്ളതാണ്. ആയതിനാൽ വളരെ കഴിവുറ്റ പ്രവർത്തനം കാഴ്ചവെയ്ക്കാൻ ഒരു അംഗൻവാടി തൊഴിലാളി ബാധ്യസ്ഥയാണ്. അവർ നവജാതശിശുപരിപാലനത്തിൽ വേണ്ട ശ്രദ്ധ ചെലുത്തണം. 6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ രോഗപ്രതിരോധം ഉറപ്പാക്കേണ്ടത് അവരുടെ കടമയാണ്. ഗർഭിണികളായ സ്ത്രീകളുടെ പരിപാലനവും അത്തരം സ്ത്രീകൾക്ക് കൊടുക്കേണ്ട ടെറ്റനസ് പ്രതിരോധം സമയത്തിനു നൽകാൻ വേണ്ട സാഹചര്യം ഒരുക്കാനും ബാദ്ധ്യസ്തരാണ്. ഇതിനുപുറമേ, പ്രസവശേഷമുള്ള പരിപാലനത്തിലും അമ്മയ്ക്കു വേണ്ട സഹായവും നൽകേണ്ടതാണ്.

ദാരിദ്രരേഖയ്ക്കു താഴെയുള്ള പോഷകദാരിദ്ര്യം നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് അംഗൻവാടികളുടെ പ്രവർത്തനം കൂടുതലും നടക്കുന്നത്. ഗർഭിണികളായ സ്ത്രീകളെ പരിപാലിക്കുകയും ആറു വയസ്സിനു താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ആവശ്യമായ അനുബന്ധഭക്ഷണം എത്തിക്കുകയും ചെയ്യുകയെന്നതും ഒരു അംഗൻവാടിയുടെ പ്രധാന കടമയാണ്. 15 മുതൽ 49 വയസ്സുവരെയുള്ള സ്ത്രീകൾക്ക് തുടർച്ചയായ ആരോഗ്യവൈദ്യപരിശോധനകളും നടത്താൻവേണ്ട സംവിധാനം ഉറപ്പുവരുത്തേണ്ടതും എല്ലാ സ്ത്രീകളേയും കുഞ്ഞുങ്ങളേയും ഇത്തരം പരിശോധനകൾ അവർക്കു ലഭിക്കാൻ വേണ്ട സാഹചര്യം ഒരുക്കേണ്ടതുമാണ്. 3 മുതൽ അഞ്ചുവരെയുള്ള കുട്ടികൾക്ക് ആവശ്യമായ പ്രീസ്കൂൾ വിദ്യാഭ്യാസത്തിനു എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യുകയും വേണം.

അംഗൻവാടി തൊഴിലാളിയുടെ കടമകൾ തിരുത്തുക

സ്ത്രീകളുടെയും ശിശുക്കളുടെയും വികാസത്തിനുള്ള മന്ത്രാലയം അംഗൻവാടി തൊഴിലാളിയുടെ കടമകൾ എന്തൊക്കെയെന്നതിനെ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുപ്രകാരം, ഈ പദ്ധതി നടപ്പാക്കേണ്ടതിനായി സമൂഹത്തിന്റെ സഹായവും സജീവമായ പങ്കാളിത്തവും ഉറപ്പാക്കണമെന്നു നിർദ്ദേശിച്ചിരിക്കുന്നു. എല്ലാ കുടുംബങ്ങളേയും ഉൾപ്പെടുത്തി സർവ്വേകൾ, ആരോഗ്യവിദ്യാഭ്യാസവും ആരോഗ്യപരിപാലനവും നൽകുക പ്രത്യേകിച്ച്, ഗർഭിണികളായ സ്ത്രീകളെ മുലയൂട്ടൽ എങ്ങനെ നടത്താം തുടങ്ങിയ കാര്യങ്ങൾ, കുടുംബങ്ങളെ കുടുംബാസൂത്രണം നടപ്പിലാക്കാൻ വേണ്ട പ്രോത്സാഹനം നൽകുക. കുഞ്ഞുങ്ങളുടെ വളർച്ചയേയും വികാസത്തെയും കുറിച്ച് അവരുടെ മാതാപിതാക്കളെ ബോധവാന്മാരാക്കുക, കൗമാരപ്രായക്കാരായ പെൺകുട്ടികളെ സ്കൂളിലയച്ചു പഠിപ്പിക്കേണ്ട പ്രാധാന്യത്തെപ്പറ്റി അവരേയും അവരുടെ മാതാപിതാക്കളേയും സാമൂഹ്യബോധവത്കരണ പരിപാടികൾ നടത്തി ബോധവത്ക്കരിച്ച് അവരെ സ്കൂളിലെത്തിക്കാനുള്ള കിശോരി ശക്തി യോജന നടപ്പാക്കുക, കുഞ്ഞുങ്ങളിലെ വൈകല്യങ്ങൾ കണ്ടെത്തുക തുടങ്ങിയ ഒടുവളരെ പരവർത്തനങ്ങൾ അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ നടക്കേണ്ടതുണ്ട്.

മേൽനോട്ടം തിരുത്തുക

അങ്കണവാടിയുടെ ഭരണം നടത്തുന്നത് ഐ.സി.ഡി.എസ് ഓഫീസ് ആണ്.[4] ഒരു അങ്കണവാടിയിൽ ഒരു വർക്കറും ഒരു ഹെൽപ്പറുമാണ് സേവനം ചെയ്യുന്നത്. അങ്കണവാടിയിൽ കുട്ടികൾക്കു വേണ്ട കളിയുപകരണങ്ങൾ, ബേബി വെയിംഗ് മെഷീനുകൾ, ചാർട്ടുകൾ, വർക്കർക്കും, ഹെൽപ്പർക്കും ഓണറേറിയം നൽകൽ തുടങ്ങിയവ ഐ.സി.ഡി.എസിന്റെ കീഴിലുള്ള ശിശുവികസന പദ്ധതി ഓഫീസർമാരാണ് നിർവഹിക്കുന്നത്. കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും നിശ്ചയിക്കുന്ന നിരക്കിൽ പ്രതിമാസ ഓണറേറിയമാണ് വർക്കർക്കും ഹെൽപ്പർക്കും നൽകുന്നു.[4]

40 മുതൽ 65 വരെയുള്ള ഓരോ അംഗൻ-വാടി തൊഴിലാളികൾക്കും ഒരു മുഖ്യസേവികയെ നിയമിച്ചിട്ടുണ്ട്. അംഗൻവാടിയുടെ സേവനം കാര്യക്ഷമമാണോ എന്ന് ഈ മുഖ്യസേവിക നോക്കണം. എല്ലാവർക്കും ആവശ്യമായ ഗുണം ലഭ്യമാണോ എന്നവർ അന്വേഷിക്കണം. പ്രത്യേകിച്ച് പോഷകദാരിദ്ര്യം നേരിടുന്നവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു. അതുപോലെ അംഗൻവാടിയുമായി ബന്ധപ്പെട്ട കണക്കുകൾ എടുക്കുക, എങ്ങനെ അംഗൻവാടിയെ കൂടുതൽ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ ആരായുക തുടങ്ങിയ ഒട്ടേറെ കടമകൾ മുഖ്യസേവികയ്ക്കുണ്ട്. മുഖ്യസേവിക തനിക്കുകിട്ടിയ റിപ്പോർട്ട് ശിശുവികസന പ്രൊജക്റ്റ് ഓഫീസർക്കു Child development Projects Officer (CDPO) കൈമാറുന്നു. [5]

അംഗൻവാടി കൊണ്ടുള്ള ഗുണങ്ങൾ തിരുത്തുക

ഇന്ത്യയിൽ ജനസംഖ്യവർദ്ധനയാലും പോഷകദൗർലഭ്യത്താലും ദാരിദ്ര്യം മൂലവും കൂടിയ ശിശുമരണനിരക്കുകൊണ്ടും അനേകർ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ഈ ആരോഗ്യപ്രശ്നങ്ങളും മരണവും തടയാൻ വൈദ്യശാസ്ത്രവിദഗ്ദ്ധരുടെയും ആരോഗ്യപരിപാലന വിദഗ്ദ്ധരുടെയും ആവശ്യമുണ്ട്. നിർഭാഗ്യവശാൽ, ഇന്ത്യയിൽ ഇന്ന് അത്തരം വിദഗ്ദ്ധരുടെ അതിയായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഒരു പ്രദേശത്തെ ജനങ്ങൾക്ക് അടിസ്ഥാനപരമായതും അവർക്കു താങ്ങാവുന്നതുമായ അത്തരം ആരോഗ്യ വൈദ്യസേവനങ്ങൾ എത്തിക്കുന്നതിനായുള്ള ഇന്ത്യയുടെ ഒരു ശ്രമം ആണ് അംഗൻവാടി എന്ന പദ്ധതി.

ഒരു ഡോക്ടറേക്കാൾ കൂടുതൽ പ്രവർത്തനം നടത്താൻ ഒരു ഗ്രാമപ്രദേശത്ത് ഈ മേഖലയിൽ അംഗൻവാടിക്കു കഴിയും. ആ പ്രദേശത്തെ ജനങ്ങളുടെ കൂടെ കഴിയുന്ന അംഗൻവാടി തൊഴിലാളിക്ക് അവിറ്റുത്തെ ജനങ്ങളുടെ ആരോഗ്യപരവും മറ്റുമുള്ള ആവശ്യങ്ങൾ വളരെവേഗം കണ്ടെത്താൻ പ്രയാസമില്ല. ആ സ്ഥലത്തെ തദ്ദേശവാസിയായ അവർക്ക് ആ പ്രദേശത്തിന്റെ ആരോഗ്യനില മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. രണ്ടാമത്, അവർക്ക് തൊഴില്പരമായി ഒരു ഡോക്ടറുടെ അറിവില്ലെങ്കിലും സാമൂഹ്യകഴിവ് ഏറിയതിനാൽ അവർക്ക് ജനങ്ങളുടെ കാര്യത്തിൽ കൂടുതൽ ഇടപെടാൻ പ്രയാസമുണ്ടാകില്ല. അതുമാത്രമല്ല ഈ അംഗന്വാടി ജോലിക്കാർ ഗ്രാമീണരായതിനാൽ അവരോടിടപഴകാൻ ഗ്രാമീണർക്ക് വിശ്വാസവും ഉണ്ടാകും. അവർക്ക് ഭാഷയും സാമൂഹ്യ ഇടപാടും പ്രശ്നമല്ലാത്തതിനാൽ ഗ്രാമീണരോടു വ്യക്തിപരമായി ഇടപെടാൻ എളുപ്പമായിരിക്കും. ഇതുകൊണ്ട്, അവർക്ക് ഗ്രാമീണ ജനതയുടെ പ്രശ്നങ്ങൾ എലുപ്പം തിരിച്ചറിയാനും പെട്ടെന്ന് പരിഹാരം കാണാനും പ്രയാസമുണ്ടാവില്ല.[6]

പോഷകാഹാരം തിരുത്തുക

കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വീടുകളിൽ ലഭിക്കുന്ന ആഹാരത്തിലെ പോഷണക്കുറവ് പരിഹരിക്കുന്നതിന്, അംഗൻവാടികൾ വഴി അനുപൂരക പോഷകാഹാര പരിപാടി നടപ്പിലാക്കി വരുന്നു. ആറുവയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ ശരിയായ വളർച്ചക്ക്, 500 കിലോ കലോറി ഊർജ്ജവും 12 ഗ്രാമിനും 15 ഗ്രാമിനുമിടയിൽ പ്രോട്ടീനും അടങ്ങിയ ഭക്ഷണം ദിവസവും നൽകേണ്ടതുണ്ട്. ആറ് മാസം മുതൽ ആറുവയസ്സുവരെ ഗുരുതരമായ പോഷണക്കുറവുള്ള കുട്ടികൾക്ക് 800 കിലോ കലോറി ഊർജ്ജവും 20 മുതൽ 25 ഗ്രാം വരെ പ്രോട്ടീനും അടങ്ങിയ പോഷകാഹാരം നൽകണം. ഈ അളവിൽ പോഷകമുള്ള ആഹാരമാണ് അംഗൻവാടി വഴി കുട്ടികൾക്ക് നൽകുന്നത്. കുട്ടികളെ കൂടാതെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അംഗൻവാടികൾ വഴി 600 കിലോ കലോറി ഊർജ്ജവും 18-നും 20 ഗ്രാമിനുമിടയിൽ മാംസവും ലഭിക്കുന്ന പോഷകാഹാരം നൽകുന്നുണ്ട്. മൂന്നു വയസ്സുള്ള കുട്ടികൾക്ക് കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന പോഷക സമൃദ്ധമായ 'ന്യൂട്രിമിക്‌സ്' ഭക്ഷ്യമിശ്രിതം വീടുകളിലേക്ക് കൊടുത്തുവിടുന്നുണ്ട്. അംഗൻവാടിയിലെത്തുന്ന പ്രീ സ്‌കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ജനറൽ ഫീഡിംഗ് എന്നിങ്ങനെ മൂന്നുതരം പോഷകാഹാരം നൽകുന്നു. അംഗൻവാടികളിലെ പോഷകാഹാര വിതരണച്ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായതിനാൽ പദ്ധതികളിൽ ഉൾപ്പെടുത്തി മെച്ചപ്പെട്ട ആഹാരം ഗുണഭോക്താക്കൾക്ക് നൽകുന്നു.

കൗമാരശാക്തീകരണം തിരുത്തുക

കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സാമൂഹിക ശാക്തീകരണവും, അവരുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, സംസ്ഥാനത്തെ തെരഞ്ഞെടുത്ത അംഗൻവാടികളിൽ, 'സബല' 'കിഷോരി ശക്തിയോജന' (കെ.എസ്.വൈ) എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതികൾ പ്രകാരം, പോഷകാഹാരം, ഇരുമ്പ് സത്ത് ഗുളികകൾ, ആരോഗ്യ പരിശോധന, കൗൺസലിംഗ്, ജീവിത നൈപുണി വിദ്യാഭ്യാസം, തൊഴിലിധഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ അംഗൻവാടികൾ വഴി കുമാരിമാർക്ക് ലഭിക്കുന്നു. ഓരോ അംഗൻവാടി തലത്തിലും കുമാരിമാരുടെ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. കൗമാര പ്രായക്കാരയ പെൺകുട്ടികളുടെ കൂടിച്ചേരലുകൾക്ക് ഈ 'അഡോളസന്റ് ക്ലബ്ബുകൾ' വഴിയൊരുക്കുന്നു. ബോധവൽക്കരണ പരിപാടികൾ, കലാ- കായിക പ്രവർത്തനങ്ങൾ തുടങ്ങി പൊതുജന പങ്കാളിത്തത്തോടു കൂടിയ നിരവധി പരിപാടികൾ ഈ ക്ലബ്ബുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നു. നേതൃഗുണവും വ്യക്തിത്വവും വികസിപ്പിച്ച് കർമോത്സുകരും, സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരാക്കുന്നതിൽ 'കുമാരി സമിതികൾ' പ്രധാന പങ്കുവഹിക്കുന്നു. അംഗൻവാടികളിൽ ഓരോ മാസവും ചേരുന്ന അമ്മമാരുടെ യോഗങ്ങ(മദേഴ്‌സ് മീറ്റിംഗ്)ളിൽ ആരോഗ്യ പ്രവർത്തകരും മറ്റ് വിദഗ്ദരും പങ്കെടുക്കുകയും ക്ലാസുകൾ നയിക്കുകയും ചെയ്യുന്നു.

മറ്റ് പ്രവർത്തനങ്ങൾ തിരുത്തുക

സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ നടപ്പിലാക്കുന്ന ആശ്വാസ കിരണം, സ്‌നേഹപൂർവം തുടങ്ങിയ പദ്ധതികളുടെ അപേക്ഷകൾ അംഗൻവാടികൾ വഴി ഇന്ന് ലഭിക്കും. കൃത്യമായ ഇടവേളകളിൽ, കുട്ടികളുടെ തൂക്കമെടുത്ത്, തൂക്കം അടയാളപ്പെടുത്തുന്ന 'ഗ്രോത്ത് ചാർട്ടുകൾ' അംഗൻവാടികളിൽ സൂക്ഷിക്കുന്നുï്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള തൂക്കം രേഖപ്പെടുത്തുന്ന ഈ ഗ്രാഫ് കുട്ടികളുടെ പോഷണ നിലവാരം മനസ്സിലാക്കുന്നതിനും അതനുസരിച്ച് പോഷകാഹാരം നൽകുന്നതിനും സഹായിക്കുന്നു. അംഗൻവാടികളുടെ ദൈനംദിന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും അംഗൻവാടി തലത്തിൽ 'വെൽഫെയർ കമ്മറ്റികൾ' പ്രവർത്തിക്കുന്നുണ്ട്. ഗ്രാമങ്ങളിൽ, ഗ്രാമപഞ്ചായത്ത് മെമ്പറും നഗര പ്രദേശങ്ങളിൽ വാർഡ് കൗൺസിലറുമാണ് ഈ കമ്മറ്റിയുടെ മെമ്പർമാർ. അംഗൻവാടി വർക്കറാണ് സമിതിയുടെ കൺവീനർ. വെൽഫെയർ കമ്മറ്റി അംഗങ്ങൾക്കും, കുട്ടികൾക്കും മറ്റും വിനോദയാത്രകളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കാൻ ഈ സമിതികൾ ശ്രദ്ധിക്കാറുണ്ട്. സ്വാതന്ത്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, ശിശുദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതും വെൽഫയർ കമ്മറ്റിയുടെ നേതൃത്വത്തിലാണ്.


മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന അംഗൻവാടി പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ ഓരോ വർഷവും അവാർഡുകൾ നൽകിവരുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി, അംഗൻവാടികളുമായി ബന്ധപ്പെട്ട ചില ചുമതലകൾ ത്രിതല പഞ്ചായത്തുകൾക്ക് കൈമാറിയതോടെ, അംഗനവാടികളുടെ ഭൗതികസാഹചര്യവും ഗുണമേന്മയും ഗണ്യമായി വർധിച്ചിട്ടുണ്ട്. എങ്കിലും സ്വന്തമായ കെട്ടിടം, കുടിവെള്ള സൗകര്യം, വൈദ്യുതി, കളിസ്ഥലം പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന അംഗനവാടികൾ നമ്മുടെ നാട്ടിലുണ്ട്. സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളുടെ ജീവിതത്തിൽ പുരോഗമനപരമായ മാറ്റം വരുത്താൻ അംഗൻവാടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്നമനത്തിനും ശാക്തീകരണത്തിനുമുള്ള വികസന കേന്ദ്രങ്ങളായി അംഗൻവാടികൾ മാറിക്കഴിഞ്ഞു.[7]

വെല്ലുവിളികളും പരിഹാരങ്ങളും തിരുത്തുക

അംഗൻവാടികളുടെ പ്രവർത്തനം വ്യാപകമായി ഇന്ത്യ മുഴുവനുണ്ടെങ്കിലും അത് സാർവത്രികമായിക്കഴിഞ്ഞിട്ടില്ല. എല്ലാ ഗ്രാമങ്ങളിലും ആവശ്യമായ അംഗൻവാടികൾ ഇനിയും നിർമ്മിച്ചുകഴിഞ്ഞിട്ടില്ല. 16 ലക്ഷം അംഗൻവാടികളെങ്കിലും വേണം ഇന്ത്യയിൽ ആകെ. പക്ഷെ അതിനുള്ള പണം കണ്ടെത്താൻ നിലവിൽ ഇന്ത്യ ഗവണ്മെന്റിനു പ്രയാസമാണ്.

അംഗൻവാടികളിൽ പലതിലും ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഭൂരിപക്ഷവും വളരെ ദരിദ്രരായ സ്ത്രീകളാണ്. അവർക്ക് സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ സ്ഥിര വരുമാനമോ ആവശ്യമായ ശംബളമോ വിരമിക്കൽ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. അംഗൻവാടി തൊഴിലാളികളുടെ പ്രക്ഷോഭങ്ങളും പൊതുചർച്ചകളും നടന്നുവരുന്നുണ്ട്. സാമുഹ്യമായ കുറ്റകൃത്യങ്ങളും മറ്റും ഇവർക്കു നേരിടേണ്ടതായി വരുന്നുണ്ട്.

കേന്ദ്രസർക്കാർ ഈ മേഖലയെ കമ്പ്യൂട്ടർവത്കരിക്കാൻ ശ്രമം നടത്തിത്തുടങ്ങിയിട്ടുണ്ട്. അതുവഴി അംഗൻവാടിയിൽ ശേഖരിക്കുന്ന ഡാറ്റ വേഗം കൈമാറാനും സൂക്ഷിച്ചുവയ്ക്കാനുമാകും. അതിനായി അംഗൻവാടികൾക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ നൽകാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളായ ഉത്തർ പ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഓഡിഷ, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലെ അംഗന്വാടികളെ ആദ്യ ഘട്ടത്തിൽ ഡിജിറ്റലൈസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

മറ്റു ഔദ്യോഗിക പദ്ധതികളുമായുള്ള ചേർന്നുള്ള പ്രവർത്തനം തിരുത്തുക

സമഗ്ര ശിശുവികസനസേവനത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊഴിച്ച്, അംഗൻവാടികളുടെ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയില്ല. കേന്ദ്ര സർക്കാർ 200,000 അംഗൻവാടി കെട്ടിടങ്ങൾ നിർമ്മിക്കാൻ Rs. 450,000 വച്ച് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിപ്രകാരം കൊടുത്തുവരുന്നുണ്ട്. കേന്ദ്രവും അതതു സംസ്ഥാനവുമായി 75:25 എന്ന രീതിയിലാണ് ഇതിന്റെ തുക കണ്ടെത്തുന്നത്. (NER പദ്ധതിയിൽ ഇത്, 90:10 എന്ന അനുപാതത്തിലാണ് കേന്ദ്ര സംസ്ഥാന വിഹിതം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ഇപ്പോൾ അംഗൻവാടി കെട്ടിടത്തിന്റെ പണി ഏറ്റെടുത്തുവരുന്നുണ്ട്. [8]

അംഗൻവാടികൾ കേരളത്തിൽ തിരുത്തുക

33130 അംഗൻവാടികൾ കേരളത്തിലുണ്ട്. ഇതിൽ 90 ശതമാനവും മതിയായ കുട്ടികളില്ലാത്തവയാണ്. 10 വർഷം മുമ്പ് 50 മുതൽ75 കുട്ടികൾ വീതമുണ്ടായിരുന്നു. 2503 കേന്ദ്രങ്ങളുള്ള കണ്ണൂർ ജില്ലയിൽ കുട്ടികളുടെ ശരാശരി 12.76 മാത്രമാണ്. 36 ആണ് ഉയർന്ന അംഗസംഖ്യ. 68684 കുട്ടികളിൽ 31945 കുട്ടികൾ മാത്രമാണ് അംഗൻവാടികളിൽ എത്തുന്നത്. 400-800 ജനസംഖ്യയ്ക്ക് ഒരു അംഗൻവാടി എന്നതാണ് ക്രമം. ഓരോ ജില്ലയിലും 30 കോടി രൂപ വീതമാണ് അംഗൻവാടി പ്രവർത്തനങ്ങൾക്കായി ചി അംഗനവാടി ജീവനക്കാരിൽ നിന്നും മാസം 30/ രൂപയും അംഗനവാടി സഹായികളിൽ നിന്നും മാസം 15/ രൂപയും സംഭാവന സ്വീകരിച്ചുകൊണ്ട് ഒരു ക്ഷേമനിധിക്ക് രൂപം നൽകി. സംസ്ഥാന സർക്കാർ തതുല്യമായ തുക സംഭാവന നൽകും. സാമൂഹ്യ നീതി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട ഒരു എക്സിക്യൂട്ടീവ് ഓഫീസറുടെയും എല്ലാ ജില്ലാ സാമൂഹ്യ നീതി ഓഫീസർമാരുമായി ബന്ധപ്പെട്ട ഒരു അക്കൗണ്ടിന്റെയും ചുമതലയിലാണ് ക്ഷേമനിധി പ്രവർത്തിക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറാണ് ജില്ലാ തല പരിശോധനാ ഉദ്യോഗസ്ഥൻ. സേവനത്തിലിരിക്കെ മരിച്ച ജീവനക്കാരുടെ അശ്രിതർക്കുള്ള നിയമനം, രണ്ട് വർഷത്തിൽ കൂടുതൽ സേവനത്തിലുള്ള താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ, പ്രസവ-ഗർഭച്ഛിത്ര അവധി, വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഗൃഹനിർമ്മാണം എന്നിവയ്ക്കുളള വായ്പ, വിദ്യാഭ്യാസ പുരസ്കാരം തുടങ്ങിയവ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. സ്ഥിരനിയമനമുള്ള എല്ലാ അംഗൻവാടി ജീവനക്കാരും സഹായികളും ഈ ക്ഷേമനിധിയിൽ അംഗങ്ങളാണ്. [9]

അംഗൻവാടി ജീവനക്കാർക്കുള്ള സഹായ പദ്ധതികൾ golld fish തിരുത്തുക

ജീവനക്കാരി/സഹായിയുടെ അല്ലെങ്കിൽ അവരെടെ പെൺമക്കളുടെ വിവാഹത്തിനുള്ള സഹായം (മുൻകൂർ)- 2000/ രൂപ വരെ മെഡിക്കൽ സഹായം (ക്യാൻസർ, ടി ബി, കുഷ്ടം, ഹൃദ്രോഗം, വൃക്കമാറ്റിവയ്ക്കൽ എന്നീ ചികിത്സകൾക്കും ശസ്ത്രക്രയകൾക്കും) - 10,000/ രൂപ വരെ ഗൃഹനിർമ്മാണ അഡ്വാൻസ് - ഹോണോറേറിയം 30 മാസം വരെ

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വായ്പ- 1000/ രൂപ വരെ മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം- 10,000/ രൂപ വരെ പെൻഷൻ - അംഗൻവാടി ജീവനക്കാർക്ക് പ്രതിമാസം 500/ രൂപയും സഹായികൾക്ക് പ്രതിമാസം 300/ രൂപയും അംഗൻവാടി ജീവനക്കാർ/സഹായികളുടെ മക്കൾക്കൂള്ള വിദ്യാഭ്യാസ പുരസ്കാരം ഒന്നാം സമ്മാനം- 500/ രൂപ രണ്ടാം സമ്മാനം-300/ രൂപ മൂന്നാം സമ്മാനം-200/ രൂപ റിട്ടയർമെന്റ് ആനുകൂല്യം- അംഗത്തിന്റെ സംഭാവന + 11% പലിശ + തതുല്യ സർക്കാർ സംഭാവന. [10] [11]

വിമർശനം തിരുത്തുക

അംഗൻവാടി തൊഴിലാളിക്കു ലഭിക്കുന്ന കൂലി വളരെ തുച്ഛമാണ്. മാത്രമല്ല ആവശ്യമായ പരിശീലനം ലഭിക്കാത്ത അംഗൻവാടി പ്രവർത്തകർക്ക് ശരിയായ സേവനം നൽകാൻ കഴിയുന്നില്ല. [12][13]

ഇതും കാണുക തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. National Population Policy 2000 Archived 2012-02-07 at the Wayback Machine., National Commission on Population website.
  2. [1]
  3. "ഇന്ത്യയിലെ അങ്കണവാടികൾ". Ministry of Women and Child Development. Retrieved 25 ജൂലൈ 2015.
  4. 4.0 4.1 "ICDS Team". wcd.nic.in. Ministry of Women and Child Development. Retrieved 25 ജൂലൈ 2015.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-02. Retrieved 2016-06-18.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-02. Retrieved 2016-06-18.
  7. http://www.aramamonline.net/oldissues/detail.php?cid=1033&tp=1[പ്രവർത്തിക്കാത്ത കണ്ണി]
  8. http://pib.nic.in/newsite/PrintRelease.aspx?relid=92848
  9. http://www.swd.kerala.gov.in/index.php/2011-02-26-11-21-43
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-08. Retrieved 2016-07-09.
  11. http://www.swd.kerala.gov.in/index.php/2011-02-26-11-21-43
  12. http://www.swd.kerala.gov.in/index.php/juvenile-justice/410-roles-and-responsibilities-of-anganwadi-workers
  13. http://timesofindia.indiatimes.com/city/visakhapatnam/Salary-of-Anganwadi-staff-hiked/articleshow/50896985.cms
"https://ml.wikipedia.org/w/index.php?title=അങ്കണവാടി&oldid=3986297" എന്ന താളിൽനിന്ന് ശേഖരിച്ചത്