ഇന്ത്യയിലെ വനിതാ സം‌വരണ ബിൽ

(Women's Reservation Bill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതസർക്കാർ നടപ്പിൽ‌വരുത്താനുദ്ദേശിക്കുന്ന ഒരു ബിൽ ആണ്‌ വനിതാസം‌വരണ ബിൽ. ലോകസഭയിലെയും, മറ്റു സംസ്ഥാന അസംബ്ലികളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലേക്കുള്ള സീറ്റുകളിൽ 33% സ്ത്രീകൾക്കു സം‌വരണം ചെയ്യുന്നതാണ്‌ ഈ ബില്ലിന്റെ കാതൽ. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സം‌വരണം ചെയ്തിരിക്കുന്ന സീറ്റുകളിലും ഈ ബിൽ നിയമമായാൽ 33% സ്ത്രീകൾക്ക് സം‌വരണം ചെയ്യപ്പെടും[1].

ചരിത്രം തിരുത്തുക

1974-ൽ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിക്കാൻ വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി സമർപ്പിച്ച് റിപ്പോർട്ടിലാണ്‌ വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമർശമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്കു നിശ്ചിത ശതമാനം സീറ്റ് സം‌വരണം ചെയ്യണമെന്നു ഈ സമിതി ശുപാർശ ചെയ്തു. 1993-ൽ ഭരണഘടനയുടെ 73,74 വകുപ്പുകൾ ഭേദഗതി ചെയ്ത് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സം‌വരണം ചെയ്തു[2]. 1996 സെപ്റ്റംബർ 12-ന്‌ എച്ച്.ഡി. ദേവഗൗഡ സർക്കാർ 81-ആം ഭരണഘടന ഭേദഗതിയായി വനിതാ സം‌വരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഈ ബിൽ സി.പി.ഐ. എം.പി. ഗീത മുഖർജി അദ്ധ്യക്ഷയായുള്ള സം‌യുക്ത പാർലമെന്ററി സമിതിക്കു വിട്ടു. 1996 ഡിസംബർ 9-ന്‌ പാർലമെന്ററി സമിതി റിപ്പോർട്ട് ലോകസഭയിൽ അവതരിപ്പിച്ചു. 1998 ജൂൺ 4-ന്‌ എൻ.ഡി.എ. യുടെ നേതൃത്വത്തിലുള്ള സർക്കാർ 84-ആം ഭരണഘടനാ ഭേദഗതിയായി വനിതാ സം‌വരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഏറെ വൈകാതെ എൻ.ഡി.എ. നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമാകുകയും സർക്കാർ പിരിച്ചു വിടുകയും ചെയ്തു. 1999 നവംബർ 22-ന്‌ എൻ.ഡി.എ. സർക്കാർ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു. സമവായമുണ്ടാകാത്തതിനെത്തുടർന്ന് 2002-ലും 2003-ലും ബിൽ അവതരിപ്പിച്ചു. ഈ രണ്ടു തവണയും ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു. 2004 മേയിൽ യു,പി.എ.യുടെ പൊതു മിനിമം പരിപാടിയിൽ ഉൾപ്പെടുത്തിയ വനിതാസം‌വരണ ബിൽ യാഥാർത്ഥ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തി. 2008 മേയ് 6-ന്‌ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് നിയമ-നീതികാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റിയുടെ പരിഗണനക്കു വിട്ടു. 2009 ഡിസംബർ 17-ന്‌ സ്റ്റാൻഡിങ്ങ് കമ്മറ്റി റിപ്പോർട്ട് പാർലമെന്റിന്റെ രണ്ടു സഭകളിലും വെച്ചു. സമാജ്‌വാദി പാർട്ടി, ജെ.ഡി. (യു), ആർ.ജെ.ഡി. എന്നീ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തു വന്നു. 2010 ഫെബ്രുവരി 22 ബിൽ പാസാക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നു രാഷ്ട്രപതി പ്രതിഭാ പാട്ടിൽ വ്യക്തമാക്കി. 2010 ഫെബ്രുവരി 25 കേന്ദ്രമന്ത്രിസഭ ബില്ലിന്‌ അംഗീകാരം നൽകുന്നു. 2010 മാർച്ച് 8-ന്‌ അന്തർദേശീയ വനിതാ ദിനത്തിൽ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ബഹളത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റി വെച്ചു.എസ്.പി., ആർ.ജെ.ഡി. എന്നീ പാർട്ടികൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുമെന്ന് പ്രഖ്യാപിച്ചു. 2010 മാർച്ച് 9-ന്‌ ബിൽ രാജ്യസഭ യിൽ വോട്ടെടുപ്പിനിട്ടു. ഒന്നിനെതിരെ 186- വോട്ടുകൾക്ക് ബിൽ രാജ്യസഭ പാസാക്കി[3].

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-07. Retrieved 2010-03-10.
  2. വനിതാ സം‌വരണ ബിൽ-നാൾ‌വഴി മലയാള മനോരമ ദിനപത്രം, 2010 മാർച്ച് 10, പുറം 7, ബാംഗ്ലൂർ എഡിഷൻ
  3. "Rajya Sabha passes Women's quota Bill" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2010-03-12. Retrieved 9 March 2010.