വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട്

(Wolfgang Amadeus Mozart എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംഗീതത്തിലെ ക്ലാസിക്ക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു സംഗീതരചയിതാവായിരുന്നു ജൊഹാന്ന് ക്രിസോസ്തോം വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട് [1] എന്ന പൂർണ്ണനാമമുള്ള വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട്(27 ജനുവരി 1756 – 5 ഡിസംബർ 1791).

വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട്
മൊട്ട്സാർട്ട് സിർക്കാ 1780, ജൊഹൻ നെപോമുക് ഡെല്ലാ ക്രോച്ചെ വരച്ചത്
ജനനം27 ജനുവരി 1756
മരണം5 ഡിസംബർ 1791

ഓസ്ട്രിയയിലെ സാൽസ്ബുർഗിൽ സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച മൊട്ട്സാർട്ട് വളരെ ചെറുപ്പം മുതലേ നല്ല സംഗീതപാടവം പ്രകടിപ്പിച്ചിരുന്നു. അഞ്ചു വയസ്സായപ്പോഴെ അദ്ദേഹം സംഗീതം വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. അതുപോലെ നന്നായി കീബോഡും വയലിനും വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ശൈശവ ബാല്യകാലങ്ങൾ ഏറെയും യൂറോപ്പിലെ രാജകുടുംബങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ ചെലവഴിച്ചു. 1773ൽ 17ആം വയസ്സിൽ സാൽസ്ബർഗിലെ കോർട്ട് സംഗീതജ്ഞന്റെ ഉദ്യോഗം സ്വീകരിച്ചെങ്കിലും താഴ്ന്ന ശമ്പളം അദ്ദേഹത്തെ അസന്തുഷ്ടനാക്കി. തുടർന്നുള്ള എട്ടുവർഷക്കാലം മെച്ചപ്പെട്ട ഉദ്യോഗം അന്വേഷിക്കുന്നതിൽ വ്യാപൃതനായിരുന്ന അദ്ദേഹം ഇക്കാലത്ത് അനേകം രചനകളും നടത്തി. 1781ൽ വിയന്നയിലേയ്ക്കുള്ള സന്ദർശനവേളയിൽ അദ്ദേഹത്തെ പിരിച്ചുവിടുന്നതുവരെ ഈ നില തുടർന്നു.

വിയന്നയിൽ തങ്ങാൻ തീരുമാനിച്ച അദ്ദേഹം തന്റെ ശേഷജീവിതം അവിടെയാണ്‌ കഴിച്ചുകൂട്ടിയതും താരതമ്യേന മെച്ചപ്പെട്ട പ്രശസ്തിയാർജ്ജിച്ചതും. എന്നാൽ അദ്ദേഹത്തിന്റെ സാമ്പത്തികനില സുസ്ഥിരമായിരുന്നില്ല. 1782ൽ സ്വന്തം കുടുംബത്തിന്റെ താത്പര്യത്തിനു വിപരീതമായി കോൺസ്റ്റസ് വെബറെസിനെ അദ്ദേഹം വിവാഹം കഴിച്ചു. ഇവരിൽ അദ്ദേഹത്തിനു ആറു കുട്ടികൾ ജനിച്ചു; ഇവരിൽ രണ്ടുപേർ മാത്രമേ ശൈശവം കടന്നും ജീവിച്ചുള്ളൂ. സംഗീതപരമായി മുന്തിയ സംഭാവനകൾ അദ്ദേഹം നൽകിയ ഒരു കാലഘട്ടമായിരുന്നു ഇത്. 35ആം വയസ്സിൽ അന്തരിച്ച അദ്ദേഹത്തിന്റെ മരണം ഇതിഹാസപരമായി വിവരിക്കാറുണ്ടായിരുന്നെങ്കിലും സാധാരണ ഒന്നായിരുന്നിരിക്കാനാണ്‌ സാധ്യത.

അവലംബം തിരുത്തുക

  1. Mozart's exact name involved many complications; for details see Mozart's name.