ഹുദൈബിയ സന്ധി

ഹുദൈബിയയിൽ വെച്ച് നടത്തിയ ഒരു കരാർ
(Treaty of Hudaybiyyah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ് ഹുദൈബിയ സന്ധി (Treaty of Hudaybiyyah (Arabic: صلح الحديبية) എന്നറിയപ്പെടുന്ന യുദ്ധ വിരാമക്കരാർ. പ്രവാചകൻ മുഹമ്മദും അനുയായികളും എതിർ വിഭാഗമായ ഖുറൈഷികളും തമ്മിൽ AD.628 മാർച്ച്‌ മാസം (AH.6 ദുൽ ഖഅ്‌ദ മാസം) മക്കയുടെ നഗര പരിധിക്ക് പുറത്തുള്ള ഹുദൈബിയയിൽ വെച്ച് നടത്തിയ ഒരു കരാർ ആണിത്.[1][2][3]

ഹുദൈബിയ സന്ധി
മുഹമ്മദും ഖുറൈഷികളും തമ്മിൽ
Type of treaty സമാധാന സന്ധി
Signed
Location
628 മാർച്ച്
ഹുദൈബിയ
Signatories പ്രവാചകൻ മുഹമ്മദ്‌
(മുസ്‌ലിം പക്ഷം)
സുഹൈൽ ബിൻ അംറ്
(ഖുറൈഷി പക്ഷം)
Depositary മദീനയിലെ മുസ്‌ലിങ്ങളും മക്കയിലെ ഖുറൈഷികളും
Languages

പശ്ചാത്തലം

തിരുത്തുക

മദീനയിൽ പ്രവാചകൻ മുഹമ്മദിന്റെ (സ )കീഴിൽ രൂപം കൊണ്ട ചെറിയ ഇസ്‌ലാമിക രാജ്യം അഞ്ച് വർഷങ്ങൾ കഴിഞ്ഞതോടെ നിർഭയത്വം ഉളവാക്കുന്ന അവസ്ഥ കൈവരിച്ചു. ഖൻദഖ് യുദ്ധം ഉണ്ടായതിന് ശേഷം മുസ്‌ലിങ്ങൾക്ക് നേരെ ആക്രമണത്തിന് ഒരുങ്ങാൻ ഖുറൈഷികളും ധൈര്യം കാണിച്ചില്ല. മക്കയിൽ പ്രവേശിച്ചു കഅബ ദർശിക്കാനും ഉംറ നിർവഹിക്കാനുള്ള ആഗ്രഹം പ്രവാചകൻ മുഹമ്മദിനും മുസ്‌ലിങ്ങൾക്കും ഉണ്ടായി. ഹിജ്‌റ വർഷം ആറ് ദുൽഖഅദ മാസം (AD.628 മാർച്ച്‌) പ്രവാചകൻ ഉംറ നിർവഹിക്കാനായി മക്കയിലേക്കു 1,500 അനുചരന്മാരുടെ ഒപ്പം പുറപ്പെട്ടു. ഇഹ്‌റാമിന്റെ വേഷത്തിലായിരുന്നു യാത്ര.

ഖുറൈഷികളുടെ യുദ്ധസന്നാഹം

തിരുത്തുക

വിവരം അറിഞ്ഞ മക്കയിൽ ഭീതി പറന്നു. ഖുറൈശികൾ മുഹമ്മദ് വരുന്നത് യുദ്ധത്തിനുള്ള പുറപ്പാടാണെന്നു ചിന്തിച്ച അവർ സൈന്യത്തെ സജ്ജീകരിക്കുകയും ഒരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയും ചെയ്തു. പ്രവാചകന് മുഹമ്മദ്‌ അസ്ഫാനിലെത്തിയപ്പോൾ ഖുറൈശികളുടെ ഒരുക്കം അറിഞ്ഞു. ഖാലിദ് ബ്‌നുൽ വലീദിന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന കുതിരപ്പടയാളികൾ തങ്ങളെ ലക്ഷ്യം വെച്ച് കടന്നുവരുന്നു എന്നറിഞ്ഞതോടെ പ്രവാചകൻ മക്ക മദീന റൂട്ടിലെ പ്രധാന വഴിയിൽനിന്നും മാറി ഒരു ഉൾവഴിയിലൂടെ ഹുദൈബിയ്യയിലെത്തി താവളമടിച്ചു. മുസ്‌ലിങ്ങൾ ഹുദൈബിയ്യയിലെത്തിയെന്നറിഞ്ഞതോടെ ഖുറൈശി കുതിരപ്പട മക്കയിലേക്കു തിരിച്ചു. മുസ്‌ലിംകളെ പ്രതിരോധിക്കാൻ തയ്യാറായി നിന്നു.

ദൂതരെ അയക്കുന്നു

തിരുത്തുക

ഒരു യുദ്ധം ഉണ്ടായാൽ നഷ്ടം മക്കക്കും മക്കാ നിവാസികൾക്കും ആയിരിക്കും എന്നതിനാൽ ചർച്ചക്ക് തയ്യാറാവണം എന്നും ഖുറൈശികൾക്കിടയിൽ അഭിപ്രായമുയർന്നു. ഖുസാഅ ഗോത്രക്കാരനായ ബദീൽ ബിൻ വർഖാഇനെ ദൂതനായി അയച്ചു. അവർ വരുന്നത് കഅബ സന്ദർശനം മാത്രമാണ് ലക്ഷ്യമെന്നും യുദ്ധത്തിനല്ലെന്നും കിട്ടിയ മറുപടിയിൽ ഖുറൈശികളിൽ ചിലർ വിശ്വസിച്ചില്ല. അവർ മിക്‌രിസ് ബിൻ ഹഫ്‌സ്, ഹലീസ് ബിൻ അൽഖമ എന്നിവരെ കൂടി അയച്ചപ്പോഴും ഇതേ മറുപടിയാണ് കൊടുത്തത്. എന്നിട്ടും വിശ്വാസം വരാതെ ഒരു വിഭാഗം മക്കക്കാർ സഖീഫ് ഗോത്രക്കാരനായ ഉർവത് ബിൻ മസ്ഊദിനെ പറഞ്ഞയച്ചു. അദ്ദേഹത്തോടും പ്രവാചകൻ മുഹമ്മദ്‌ പറഞ്ഞ മറുപടി അതുതന്നെയായിരുന്നു. അതിനിടെ ഒരു സംഘം മക്കക്കാർ കാര്യം അറിയാനായി മുസ്‌ലിം സംഘത്തിലേക്ക് നുഴഞ്ഞു കയർ ശ്രമിച്ചു പിടിയിലായി. അവരെയെല്ലാം മുസ്‌ലിങ്ങൾ വിട്ടയച്ചു.

ബൈഅതുർരിള്‌വാൻ

തിരുത്തുക

തന്റെ വരവിനെ കുറിച്ച് മക്കയിൽ ഉണ്ടായ സംഭ്രമം തീർക്കാൻ ഔദ്യോഗികമായി ഒരു ദൂതനെ പറഞ്ഞയക്കാനും വന്ന കാര്യം ഔദ്യോഗികമായി ഖുറൈശികളെ അറിയിക്കാനും പ്രവാചകൻ തീരുമാനിച്ചു. അങ്ങനെ, ഉസ്മാൻ ബിൻ അഫ്ഫാൻ അവരുടെ അടുക്കലേക്ക് യാത്രയായി. അബൂ സുഫ്‌യാനടക്കം എല്ലാ പ്രമുഖരെയും കണ്ട് ഉസ്മാൻ സന്ദേശം കൈമാറി. എന്നാൽ, പ്രവാചകനെ ഉംറ ചെയ്യാൻ അനുവദിക്കില്ല എന്നും താങ്കൾക്കുവേണമെങ്കിൽ ഥവാഫ് ചെയ്തു പോവാമെന്നായിരുന്നു അവരുടെ പ്രതികരണം. പ്രവാചകൻ കടന്നുവരികയും ഥവാഫ് നിർവഹിക്കുകയും ചെയ്യാതെ ഞാനത് ചെയ്യുകയില്ലെന്ന് ഉസ്മാൻ തീർത്തുപറഞ്ഞു.

അതിനിടെ, സമയം കഴിഞ്ഞിട്ടും മടങ്ങി എത്താത്തതിനാൽ ഉസ്മാൻ ബിൻ അഫ്ഫാൻ വധിക്കപ്പെട്ടിരിക്കുന്നുവെന്നൊരു വാർത്ത മുസ്ലിം ക്യാമ്പിൽ പരന്നു. സ്വഹാബികളെയും പ്രവാചകനെയും ഇത് രോഷാകുലരാക്കി. യുദ്ധത്തിനുള്ള സജ്ജീകരണങ്ങളോടെ അല്ല എത്തിയതെങ്കിലും ഉസ്മാന്റെ രക്തത്തിന് പകരം ചോദിക്കാതെ തിരിച്ചുപോകില്ലെന്ന് അവർ തീരുമാനിച്ചു. അനുയായികളെ ഒരു മരച്ചുവട്ടിൽ വിളിച്ചു ചേർത്ത പ്രവാചകൻ തന്റെ കൈ നീട്ടിക്കൊണ്ട് ഉസ്മാന്റെ രക്തത്തിന് പകരം ചോദിക്കാൻ തയ്യാറുള്ളവർ ബൈഅത്ത് ചെയ്യാൻ നിർദ്ദേശിച്ചു. എല്ലാവരും കൈ പ്രവാചകന്റെ കയ്യിൽ വെച്ചു പ്രതിജ്ഞ ചെയ്തു. അറബികൾ വസ്ത്ര ധാരണത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന വാളുകൾ മാത്രമേ അവരുടെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അവർ ഒരു പോരാട്ടത്തിനു തയ്യാറെടുത്തു. പക്ഷെ അപ്പോഴേക്കും പ്രതീക്ഷിക്കാതെ ഉസ്മാൻ ഇബിൻ അഫ്ഫാൻ തിരികെയെത്തി. ഹുദൈബിയ്യയിലെ ഒരു മരച്ചുവട്ടിവെച്ചായിരുന്നു ഈ പ്രതിജ്ഞ സംഭവം ഉണ്ടായത്. ഇത് ബൈഅതുർരിള്‌വാൻ എന്ന പേരിൽ അറിയപ്പെടുന്നു. ഖുർആനിൽ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു: ‘ആ മരച്ചുവട്ടിൽവെച്ച് സത്യവിശ്വാസികൾ അങ്ങയോട് പ്രതിജ്ഞ ചെയ്ത സന്ദർഭം, നിശ്ചയം അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു’ (ഫതഹ്:18).

സന്ധിക്ക് കളമൊരുക്കുന്നു

തിരുത്തുക

ഉസ്മാൻ വിഷയത്തിൽ മുസ്‌ലിങ്ങൾ എടുത്ത പ്രതിജ്ഞ കൂടി മക്കയിൽ അറിഞ്ഞതോടെ ഖുറൈഷി പ്രമുഖരിൽ ഒരു വിഭാഗം മുസ്‌ലിങ്ങളുമായി സന്ധി വേണം എന്ന നിലപാടിൽ എത്തി. ഈ തീരുമാനം എല്ലാവരെയും കൊണ്ട് അംഗീകരിപ്പിക്കാൻ അവർക്ക് സാധിച്ചു. സുഹൈൽ ബിൻ അംറിനെ സന്ധിയുടെ കാര്യങ്ങൾ ചർച്ചചെയ്യാൻ അയക്കാൻ തീരുമാനിച്ചു. മുസ്‌ലിം കാമ്പിൽ എത്തിയ സുഹൈൽ ബിൻ അംറ് പ്രവാചകൻ മുഹമ്മദിനെ സമീപിച്ചു. സന്ധിയിലെ നിബന്ധനകളുമായി ബന്ധപ്പെട്ട് അയാൾ പ്രവാചകരുമായി കുറേ നേരം സംസാരിച്ചു. എന്തുതന്നെയായാലും, ഈ വർഷം ഉംറ ചെയ്യാതെ തിരിച്ചുപോകണമെന്നതായിരുന്നു ഖുറൈഷികളുടെ ആദ്യ ആവശ്യം. കരാറിലെ പറ നിബന്ധനകളും ഏക പക്ഷീയവും മുസ്‌ലിങ്ങളെ അപമാനിക്കുന്നതും ആയിരുന്നു. കരാറിലെ നിബന്ധനകൾ ഉമർ ബിൻ ഖത്താബ് അടക്കം പ്രമുഖ സ്വഹാബികളെ പ്രകോപിപ്പിച്ചു. സത്യം വിശ്വസിച്ചതിന്റെ പേരിൽ എന്തിന് ശത്രുക്കളുടെ മുമ്പിൽ താഴ്ന്നുകൊടുക്കണമെന്നായിരുന്നു അവരുടെ പ്രകോപനത്തിന് കാരണം. അവർ പ്രവാചകനോട് ഈ കാര്യം ചോദിച്ചപ്പോൾ "ഞാൻ അല്ലാഹുവിന്റെ പ്രവാചകനും ദൂതനുമാണ്; അവൻ എന്നെ കൈവെടിയുകയില്ലായെന്നായിരുന്നു" എന്ന് മാത്രമായിരുന്നു പ്രവാചകരുടെ പ്രതികരണം.

അലി ബിൻ അബൂത്വാലിബാന് മുസ്‌ലിം ഭാഗത്ത്‌ നിന്ന് സന്ധി വ്യവസ്ഥകൾ എഴുതിയത്. എഴുത്തിന്റെ തുടക്കത്തിൽ തന്നെ സുഹൈൽ പറഞ്ഞ ഒരു കാര്യവും മുസ്‌ലിങ്ങളെ അപമാനിക്കുന്നതായിരുന്നു. അല്ലാഹുവിന്റെ പ്രവാചകൻ (മുഹമ്മദ് റസൂലുല്ലാഹി) ഖുറൈഷികളുമായി ഒപ്പുവെക്കുന്ന സന്ധി എന്ന് എഴുതിയപ്പോൾ സുഹൈൽ അതിന് സമ്മതിച്ചില്ല. ഞങ്ങൾ അങ്ങയെ ദൈവദൂതനായി അംഗീകരിക്കാത്ത പക്ഷം അബ്ദുള്ളയുടെ പുത്രം മുഹമ്മദ്‌ (മുഹമ്മദ് ബിൻ അബ്ദില്ലാഹ്) എന്നെഴുതണമെന്നായിരുന്നു സുഹൈലിന്റെ നിർബന്ധം. അലി അതെഴുതാൻ തയ്യാറായില്ല. നിങ്ങൾ അംഗീകരിച്ചില്ലെങ്കിലും ഞാൻ അല്ലാഹുവിന്റെ ദൂതൻ തന്നെയാകുന്നു എന്ന് പറഞ്ഞ പ്രവാചകൻ അവസാനം അത് സമ്മതിച്ചു.

സന്ധി വ്യവസ്ഥകൾ

തിരുത്തുക
  1. ഈ വർഷം പ്രവാചകൻ മുഹമ്മദും അനുയായികളും ഉംറ നിർവഹിക്കാതെ മദീനയിലേക്ക് മടങ്ങിപ്പോവുക. അടുത്ത വർഷം വന്നു ഉംറ നിർവഹിക്കാം. അടുത്തവർഷം മുസ്ലിംകൾക്ക് മക്കയിൽ മൂന്നു ദിവസം താമസിക്കാം. കൂടെ ഉറയിലിട്ട വാളല്ലാതെ മറ്റൊന്നും ഉണ്ടാവാൻ പാടില്ല. ഖുറൈശികൾ അവർക്കൊരു തടസ്സവും സൃഷ്ടിക്കാവതല്ല.
  2. പത്ത് വർഷത്തോളം ഇരു വിഭാഗവും തമ്മിൽ യുദ്ധമോ യാതൊരുവിധ ഏറ്റുമുട്ടലുകളോ പാടില്ല. ജനങ്ങളെ പേടിയില്ലാതെ ജീവിക്കാൻ അനുവദിക്കുക.
  3. മുഹമ്മദുമായി സഖ്യത്തിലാവാൻ ഉദ്ദേശിക്കുന്ന ഗോത്രങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഖുറൈശികളുമായി സഖ്യമാഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്തരം സഖ്യകക്ഷികളെ അവയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നതായിരിക്കും. സഖ്യകക്ഷികളെ ആക്രമിക്കൽ നേരിട്ട് ആക്രമിക്കുന്നതിനു തുല്യമാണ്.
  4. മുഹമ്മദിന്റെ ഭാഗത്തുനിന്നും ആരെങ്കിലും ഖുറൈശികളുടെ പക്ഷത്തേക്കു പോയാൻ അവനെ അവിടെ കഴിയാൻ അനുവദിക്കണം. നേരെമറിച്ച്, ഖുറൈശികളുടെ പക്ഷത്തുനിന്നും ആരെങ്കിലും മുഹമ്മദിന്റെ പക്ഷത്തേക്കു പോയാൽ അവനെ തിരികെ നൽകേണ്ടതാണ്.

അനന്തരഫലം

തിരുത്തുക

സന്ധി വ്യവസ്ഥകൾ പ്രത്യക്ഷത്തിൽ മുസ്‌ലിംകൾക്കു എതിരായിരുന്നുവെങ്കിലും പ്രവൃത്തിയിൽ അനുകൂലമായി മാറി. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ മൊത്തത്തിൽ ഒരു സമാധാനാവസ്ഥ സംജാതമായി. മക്കയുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായിത്തന്നെ മക്കയിൽ വന്ന് ഉംറ നിർവഹിക്കാനുള്ള അവസരമുണ്ടായി. പത്തു വർഷം യുദ്ധം നിഷിദ്ധമാക്കിയത് ഇരു വിഭാഗങ്ങൾക്കും പരസ്പരം ബന്ധപ്പെടാനും അതുവഴി എല്ലാവർക്കും ഇസ്‌ലാമിനെ മനസ്സിലാക്കാനുമുള്ള വഴിയൊരുക്കി. പ്രവാചകരുമായി സഖ്യത്തിലേർപ്പെടുന്നവർക്ക് പൂർണ സ്വാതന്ത്ര്യവും അവരെപ്പോലെയുള്ള പരിഗണനയും പ്രഖ്യാപിച്ചത് മുസ്‌ലിങ്ങളുമായി ഏതു ഗോത്രങ്ങൾക്കും ബന്ധപ്പെടാനും ഇസ്‌ലാമിനെ മനസ്സിലാക്കാനും അവസരമുണ്ടാക്കി. സന്ധി കഴിഞ്ഞ് ഹിജ്‌റ ഏഴാം വർഷമായപ്പോഴേക്കും മക്കയിൽനിന്നും അനവധിയാളുകൾ ഇസ്‌ലാമിലേക്ക് കടന്നുവന്നു. പല പ്രമുഖരും ഉണ്ടായിരുന്നു. ഖുറൈഷികളിലെ മികച്ച സേനാധിപനായ ഖാലിദ് ഇബിൻ വലീദ് അടക്കം ഒട്ടനവധി പേർ ഈ കാലയളവിൽ ഇസ്‌ലാം സ്വീകരിച്ചു. ഈ കാലത്താണ് അക്കാലത്തെ മഹാ സാമ്ര്യാജ്യങ്ങളായിരുന്ന റോം - പേർഷ്യ എന്നിവക്കും പ്രവാചകൻ ഇസ്‌ലാമിനെ പരിചപ്പെടുത്തി കത്തുകൾ അയച്ചത്. ഈ സന്ധിക്ക് ശേഷമുണ്ടായ സംഭവങ്ങളാണ് മക്ക മുസ്ലിങ്ങൾക്ക്‌ കീഴോതുക്കന്നതിലേക്ക് നയിച്ചത്.

  1. Tafsir ibn Kathir This treaty establishes a ten year peace and allows Muhammad to come into Mecca during pilgrimage for the rest of his life. [1]
  2. Armstrong, Karen (2007). Muhammad: A Prophet for Our Time. New York: HarperCollins. pp. 175–181. ISBN 978-0-06-115577-2.
  3. Armstrong, Karen (2002). Islam: A Short History. New York: Modern Library. p. 23. ISBN 978-0-8129-6618-3.
"https://ml.wikipedia.org/w/index.php?title=ഹുദൈബിയ_സന്ധി&oldid=3999431" എന്ന താളിൽനിന്ന് ശേഖരിച്ചത്